| Wednesday, 13th November 2024, 2:25 pm

റെക്കോഡ് ഹിറ്റടിച്ച കൊറിയന്‍ പാട്ടിന് ബോളിവുഡ് സ്‌റ്റൈല്‍ കവര്‍; ഇത്തവണത്തെ ഗ്രാമി അവാര്‍ഡ് ഇവന് തന്നെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മ്യൂസിക് വീഡിയോകളിലൂടെയും വിവിധ ജനപ്രിയമായ പാട്ടുകളുടെ കവറുകള്‍ ചെയ്തും പ്രശസ്തനായ ഒരു ശ്രീലങ്കന്‍ മ്യൂസിക് യൂട്യൂബറാണ് സന്ദരു സത്സാര. നിരവധി പാട്ടുകളുടെ കവറുകള്‍ ചെയ്തിട്ടുണ്ടെങ്കിലും അമേരിക്കന്‍ റോക്ക് ബാന്‍ഡായ ബോണ്‍ ജോവിയുടെ ‘ഇറ്റ്‌സ് മൈ ലൈഫ്’ എന്ന പാട്ടിന്റെ കവറിലൂടെയാണ് സന്ദരു പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടത്.

തന്റെ തനതായ ഹാസ്യ ആലാപന ശൈലി കാരണം വളരെ എളുപ്പത്തില്‍ തന്നെ ചാര്‍ട്ട്‌മെട്രിക്കിന്റെ ലോകത്തിലെ മികച്ച 100 കോമഡി ആര്‍ട്ടിസ്റ്റില്‍ ഒരാളാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. നിലവില്‍ യൂട്യൂബില്‍ 1.68 മില്യണ്‍ ഫോളോവേഴ്‌സാണ് സന്ദരു സത്സാരക്കുള്ളത്.

ഇപ്പോള്‍ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കവര്‍ സോങ്ങാണ് ചര്‍ച്ചയാകുന്നത്. കൊറിയന്‍ പോപ്പ് ഗ്രൂപ്പായ ബ്ലാക്പിങ്കിലെ റോസും അമേരിക്കന്‍ ഗായകന്‍ ബ്രൂണോ മാര്‍സും ആദ്യമായി ഒന്നിച്ച APT എന്ന പാട്ടിന്റെ കവറാണ് ഇത്.

പുറത്തിറങ്ങി വളരെ പെട്ടെന്ന് തന്നെ വൈറല്‍ ഹിറ്റാകുകയും നിരവധി കവറുകളും പാരഡികളും സൃഷ്ടിക്കുകയും ചെയ്ത പാട്ടാണ് APT. സന്ദരു സത്സാര ഈ പാട്ടിന്റെ ബോളിവുഡ് ശൈലിയിലുള്ള കവറാണ് ചെയ്തിരിക്കുന്നത്. ഒറിജിനല്‍ പാട്ടിനെ പോലെ വളരെ പെട്ടെന്നാണ് ഈ കവര്‍ ശ്രദ്ധിക്കപ്പെട്ടത്.

വീടിന്റെ മുറ്റത്ത് തുണി അലക്കി കൊണ്ട് പാട്ടുപാടുന്ന സന്ദരുവിന്റെ കവര്‍ വീഡിയോ നിലവില്‍ യൂട്യൂബില്‍ രണ്ട് മില്യണില്‍ അധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. അതേസമയം ടിക്‌ടോക്കില്‍ ഏഴ് മില്യണില്‍ അധികം വ്യൂസ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വീഡിയോക്ക് താഴെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. ഒറിജിനലിനേക്കാള്‍ മികച്ചതാണെന്നും ഒറിജിനല്‍ വേര്‍ഷനേക്കാള്‍ അഡിക്റ്റീവാക്കുന്നതാണ് ഇതെന്നുമാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. തുണിയലക്കി മള്‍ട്ടി ടാസ്‌ക്കിങ് ചെയ്യുന്നതിനെയും ചിലര്‍ പ്രശംസിക്കുന്നു. ഇത്തവണത്തെ ഗ്രാമി അവാര്‍ഡ് സന്ദരുവിനാണെന്നും കമന്റുകളുണ്ട്.

അതേസമയം സംഗീത ലോകത്ത് ഈയിടെ ഇറങ്ങിയ ഏറ്റവും വലിയ റിലീസില്‍ ഒന്നായിരുന്നു റോസും ബ്രൂണോ മാര്‍സും ഒന്നിച്ച APT. വലിയ പ്രൊമോഷനുകളൊന്നും ഇല്ലാതെ ഒക്ടോബര്‍ 18ന് എത്തിയ ഈ പാട്ട് വളരെ പെട്ടെന്ന് തന്നെ ട്രെന്‍ഡിങ്ങിലായിരുന്നു. വളരെ ലളിതമായ വരികളും ബീറ്റുമായിരുന്നു APTനെ ആളുകള്‍ക്ക് കൂടുതല്‍ പ്രിയങ്കരമാക്കിയത്.


APT ഇറങ്ങിയതിന് പിന്നാലെ റോസും ബ്രൂണോ മാര്‍സും തമ്മിലുള്ള കെമിസ്ട്രിയും ഏറെ ചര്‍ച്ചയായിരുന്നു. തന്റെ സോളോ കരിയറില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ വിജയമായിരുന്നു റോസ് APTലൂടെ നേടിയത്. വേള്‍ഡ് മ്യൂസിക് ചാര്‍ട്ടുകളിലും വിവിധ റെക്കോഡുകളിലും തന്റെ പേര് കുറിക്കാന്‍ APTലൂടെ റോസിന് സാധിച്ചിരുന്നു. നിലവില്‍ 331 മില്യണ്‍ കാഴ്ചക്കാരെയാണ് ഒറിജിനല്‍ APT നേടിയിരിക്കുന്നത്.

Content Highlight: Sandaru Sathsara’s APT Song’s Cover Got Viral

We use cookies to give you the best possible experience. Learn more