| Sunday, 15th December 2013, 1:22 pm

മണല്‍ കടത്ത് സംഘത്തിന്റെ ആക്രമണം: രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മലപ്പുറം: മണല്‍ കടത്തുസംഘത്തിന്റെ ആക്രമണത്തില്‍ മലപ്പുറത്ത് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

മണല്‍ കടത്തുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പരിശോധിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപെട്ടു.

എടക്കര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജാബിര്‍ , ഷൈജു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അനധികൃത മണല്‍ക്കടത്തിനെതിരെ പരിശോധന നടത്തുന്ന പോലീസുകാര്‍ക്കെതിരെയുള്ള അക്രമപ്രവണത വര്‍ധിച്ച് വരികയാണ്. നേരത്തെ  കളക്ടറായിരുന്ന കെ.വി മോഹന്‍ കുമാറിന്റെ വാഹനത്തിന് നേരെയും മണല്‍ മാഫിയ ആക്രമണം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം ചാലിയാറില്‍ അനധികൃത മണല്‍ക്കടത്ത് തടയാനെത്തിയ പോലീസുകാരെ ആക്രമിച്ച 36 പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.

നല്ലളം എസ്.ഐ ജി. ഗോപകുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘത്തെയാണ് അക്രമികള്‍ കയ്യേറ്റംചെയ്തത്. പെരുമണ്ണ ചുങ്കപ്പള്ളി കടവിന് സമീപം ബുധനാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടിലും കരയിലൂടെയും വന്ന പോലീസ് സംഘത്തെ ചക്കാലക്കല്‍ കടവ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മണല്‍ മാഫിയ സംഘം അക്രമിക്കുകയാണുണ്ടായത്.

തുടര്‍ന്ന് എസ്.ഐ ഗോപകുമാര്‍ ആകാശത്തേക്ക് നാല് റാണ്ട് വെടിവച്ചതോടെ അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് ചിതറിയോടിയെങ്കിലും പിടിയിലായ നൗഷാദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് 36 പേര്‍ക്കെതിരെ കേസെടുത്തു.

കോഴിക്കോട് ജില്ലയില് മാവൂര്‍, നല്ലളം,  ഫറൂഖ്, ബേപ്പൂര്‍ എന്നീ സ്‌റ്റേഷനുകള്‍ ഉണ്ടെങ്കിലും നല്ലളം പോലീസ് മാത്രമേ അനധികൃ മണല്‍ക്കടത്തിനെതിരെ പ്രതികരിക്കുന്നുള്ളു.

കഴിഞ്ഞ മാസം മൂര്‍ക്കനാട് കടവിലും കൊളത്തറയിലും റെയ്ഡ് നടത്തി പോലീസ് അനധികൃത മണല്‍ പിടിച്ചെത്തിരുന്നു.

We use cookies to give you the best possible experience. Learn more