[]ത്രിച്ചി: തഹസില്‍ദാരുള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ട്രാക്ടര്‍ ഇടിച്ച് കൊല്ലാന്‍ മണല്‍ മാഫിയയുടെ ശ്രമം. തമിഴ് നാട്ടിലെ പുതുക്കോട്ടയില്‍ ഞാറാഴ്ചയായിരുന്നു സംഭവം. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് മണല്‍ മാഫിയ ട്രാക്ടര്‍ ഇടിച്ചുകയറ്റുകയായിരുന്നു.
പുഴയില്‍ നിന്ന് അനധികൃതമായി മണല്‍ വാരുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ രാത്രിയില്‍ അവിടെത്തിയിരുന്നത്. ഉദ്യോഗസ്ഥരുടെ വരവറിഞ്ഞ മണല്‍ വാരല്‍ സംഘം രണ്ട് ട്രാക്ടറുകളിലായി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
തഹസില്‍ദാര്‍ രവിചന്ദ്രന്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ പഴനിസ്വാമി, വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബാല മുരുകന്‍, രണ്ട് അസിസ്റ്റന്റുമാര്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
ഒരു ട്രാക്ടറിലുണ്ടായിരുന്ന മണല്‍ വാരല്‍ തൊഴിലാളികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. അടുത്ത ട്രാക്ടറിലുണ്ടായിരുന്ന തൊഴിലാളികളാണ് ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചത്.
ആക്രമണത്തില്‍ വാഹനം തകര്‍ന്നെങ്കിലും ഉദ്യോഗസ്ഥര്‍ പരിക്കൊന്നും കൂടാതെ രക്ഷപ്പെടുകയായിരുന്നു. ട്രാക്ടറിന്റെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.