ആരാധകര്‍ക്ക് പിന്നാലെ ജയസൂര്യയും ലങ്കന്‍ ടീമിനെ കൈയൊഴിയുന്നു
Daily News
ആരാധകര്‍ക്ക് പിന്നാലെ ജയസൂര്യയും ലങ്കന്‍ ടീമിനെ കൈയൊഴിയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th August 2017, 7:48 pm

കൊളംബോ: ആരാധകര്‍ക്ക് പിന്നാലെ സെലക്ടര്‍മാറും ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ കൈവിടുന്നു. ടെസ്റ്റ് പരമ്പരയിലും ഏകദിന പരമ്പരയിലും ഇന്ത്യയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയ ശ്രീലങ്കയുടെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സനത് ജയസൂര്യയടക്കമുള്ള സെലക്ടര്‍മാര്‍ രാജിക്കൊരുങ്ങുകയാണ്.

ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ കളിക്കേണ്ട ടീമിനെ ഇതിനോടകം സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഇനി രണ്ട് ഏകദിനവും ഒരു ടി-20യുമാണ് പരമ്പരയില്‍ ബാക്കിയുള്ളത്. സെപ്തംബര്‍ 6ന് ഇന്ത്യയ്‌ക്കെതിരായ മത്സരം അവസാനിക്കുന്നതോടെ സെലക്ടര്‍മാര്‍ ഔദ്യോഗികമായി രാജിവെക്കും.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പരാജയപ്പെട്ട ലങ്ക സ്വന്തം മണ്ണില്‍ ബംഗ്ലാദേശിനോടും പരാജയപ്പെട്ടിരുന്നു. ആദ്യ ഏകദിനത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട ലങ്കന്‍ ടീമിന്റെ വാഹനം ആരാധകര്‍ തടഞ്ഞുവെച്ച് പ്രതിഷേധിച്ചിരുന്നു.


Also Read:  തൊട്ടതിനും പിടിച്ചതിനും ബസ് തൊഴിലാളികളെ തെറി പറയുന്നവര്‍ അറിയണം രഞ്ജിത്തിനെ; തൂണേരിയിലെ ബസ്സപകടത്തില്‍ ഡ്രൈവര്‍ രഞ്ജിത്ത് മരിച്ചത് യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ


മൂന്നാം ഏകദിനത്തിലും ആരാധകര്‍ ടീമിനെതിരെ രംഗത്ത് വന്നു. ടീമിന്റെ തുടരെയുള്ള തോല്‍വിയില്‍ ക്ഷുഭിതരായ ലങ്കന്‍ ആരാധകര്‍ ഗ്രൗണ്ടിലേയ്ക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞതോടെ അരമണിക്കൂറോളമാണ് മത്സരം തടസ്സപ്പെടുത്തിയത്.

നേരത്തെ ആരാധകര്‍ ടീമിന്റെ ബസ് തടഞ്ഞതിനെതിരെ മുന്‍ ക്യാപ്റ്റന്‍മാരായ ജയവര്‍ധനെയും സംഗക്കാരയും അപലപിച്ചിരുന്നു. ടീമിന്റെ മോശം സമയത്ത് ആരാധകര്‍ ടീമിനെ പിന്തുണക്കണമെന്നും താരങ്ങള്‍ക്ക് കരുത്ത് പകരണമെന്നും സംഗ പറഞ്ഞിരുന്നു. എന്നാല്‍ ശ്രീലങ്കന്‍ ടീമിലെ എക്കാലത്തെയും മികച്ച താരമായ ജയസൂര്യയും ടീമിനെ കൈയൊഴിയുന്നതോടെ ലങ്കന്‍ ക്രിക്കറ്റ് പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.