ഇന്ത്യയെ വീഴ്ത്താൻ സഞ്ജുവിന്റെ രാജസ്ഥാനിൽ നിന്നും സഹായം; ജയസൂര്യക്ക് കീഴിൽ ലങ്കൻപട റെഡി
Cricket
ഇന്ത്യയെ വീഴ്ത്താൻ സഞ്ജുവിന്റെ രാജസ്ഥാനിൽ നിന്നും സഹായം; ജയസൂര്യക്ക് കീഴിൽ ലങ്കൻപട റെഡി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th July 2024, 11:53 am

ഇന്ത്യ-ശ്രീലങ്ക പരമ്പര ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. മൂന്ന് വീതം ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27, 28, 30 തീയതികളിലാണ് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ ഏകദിന മത്സരങ്ങളും നടക്കും.

ഇതിഹാസതാരം സനത് ജയസൂര്യയെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ താത്ക്കാലിക പരിശീലകനായി അടുത്തിടെ നിയമിച്ചിരുന്നു. മുന്‍ പരിശീലകനായ ക്രിസ് സില്‍വര്‍ വുഡിന് പകരക്കാരനായാണ് ജയസൂര്യ പരിശീലക സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ ടി-20 ലോകകപ്പിലെ ശ്രീലങ്കന്‍ ടീമിന്റെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ സില്‍വര്‍ വുഡ് രാജിവെക്കുകയായിരുന്നു.

ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് സൂപ്പര്‍ 8ലേക്ക് മുന്നേറാന്‍ സാധിച്ചിരുന്നില്ല. നാലു മത്സരങ്ങളില്‍ നിന്നും ഒരു വിജയവും രണ്ടു തോല്‍വിയും അടക്കം മൂന്നാം സ്ഥാനത്തായിരുന്നു ശ്രീലങ്ക ഫിനിഷ് ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് സില്‍വര്‍ ഫുഡ് പരിശീലക സ്ഥാനത്ത് നിന്നും ഒഴിഞ്ഞത്.

ഈ പരമ്പരക്ക് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സിന്റെ ഹൈ പെർഫോമൻസ് ഡയറക്ടറായ സുബിന്‍ ബറൂച്ചയുടെ സാന്നിധ്യത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സനത് ജയസൂര്യ. കളിക്കളത്തിലെ താരങ്ങളുടെ പുതിയ ടെക്‌നിക്കുകള്‍, സമീപനങ്ങള്‍, ഷോര്‍ട്ട് മേക്കിങ് എന്നിവയെക്കുറിച്ചാണ് സുബിന്‍ പറഞ്ഞതെന്നാണ് ജയസൂര്യ പറഞ്ഞത്. രാജസ്ഥാന്റെ ഹൈ പെർഫോമൻസ് ഡയറക്ടറുമായി ആറ് ദിവസത്തെ വര്‍ക്ക് ഷോപ്പിലൂടെയാണ് ലങ്കന്‍ ഇതിഹാസം ഇക്കാര്യങ്ങള്‍ മനസിലാക്കിയത്.

‘ഞങ്ങള്‍ ലങ്കന്‍ പ്രീമിയര്‍ ലീഗ് കഴിഞ്ഞാണ് സെഷനുകള്‍ ആരംഭിച്ചത്. മിക്ക താരങ്ങളും എല്‍.പി.എല്‍ കളിക്കുന്നവരാണ്. അതുകൊണ്ടുതന്നെ അവര്‍ ക്രിക്കറ്റ് കളിക്കുന്ന തിരക്കിലായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത് അവര്‍ക്ക് മികച്ച ക്രിക്കറ്റ് നല്‍കുക എന്നതാണ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ഞങ്ങള്‍ക്ക് സുബിനെ ലഭ്യമായി. ആറു ദിവസം ആണ് അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നത്. ലങ്കന്‍ പ്രീമിയര്‍ ലീഗ് കളിച്ച താരങ്ങളും മറ്റു ക്രിക്കറ്റ് താരങ്ങളും ഇതില്‍ പങ്കെടുത്തിരുന്നു.

പരിശീലനത്തിലും അവരുടെ സാങ്കേതികതയിലും മാനേജ്‌മെന്റ് എന്ന നിലയില്‍ എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് കളിക്കാര്‍ പഠിച്ചു എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരു ഇന്റര്‍നാഷണല്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ പുതിയ ഷോട്ടുകളും സമീപനങ്ങളും കളത്തില്‍ നടപ്പിലാക്കാന്‍ പഠിക്കേണ്ടത് ഏറെ പ്രധാനപ്പെട്ടതാണ്,’ ജയസൂര്യയെ പറഞ്ഞതായി ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

 

Content Highlight: Sanath Jayasuriya is assisting Rajasthan Royals director for the upcoming series against Sri Lanka