national news
സനാതന പരാമര്‍ശം; ഉദയനിധി സ്റ്റാലിനെതിരെ കോടതി അനുമതിയില്ലാതെ കേസെടുക്കരുത്: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 06, 07:22 am
Thursday, 6th March 2025, 12:52 pm

ന്യൂദല്‍ഹി: സനാതന പരാമര്‍ശത്തില്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഇനി കേസെടുക്കരുതെന്ന് സുപ്രീം കോടതി. രാജ്യത്താകമാനം തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനെതിരെ ഉദയനിധി നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ഈ വിഷയത്തില്‍ കോടതിയുടെ അനുമതി ഇല്ലാതെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്യരുതെന്നും ഒരു നടപടിയും പാടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

താനൊരിക്കലും ജാതി അധിക്ഷേപം നടത്തിയതല്ലെന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍ കോടതിയെ അറിയിച്ചത്. പ്രത്യേകിച്ച് ഒരു മതത്തേയോ ജാതിയേയോ താന്‍ ഉന്നമിട്ടിരുന്നില്ലെന്നും മറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്കെതിരെയായിരുന്നു തന്റെ പരാമര്‍ശമെന്നും ഉദയനിധി ഹരജിയില്‍ പറയുന്നു.

നിലവിലെ കേസുകളെല്ലാം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും കഴിയുമെങ്കില്‍ കര്‍ണാടകയിലേക്ക് കേസുകള്‍ മാറ്റണമെന്നും കോടതിയില്‍ ഉദയനിധി പറഞ്ഞു.

2023ലായിരുന്നു ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മത്തെ കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. സനാതനമെന്നത് ഡെങ്കുവിനെയും മലേറിയയേയും പോലെസാംക്രമിക രോഗങ്ങള്‍ക്ക് സമാനമാണെന്നും ഇത് തുടച്ചുനീക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Content Highlight: Sanatana reference; No case against Udayanidhi Stalin without court permission: Supreme Court