സനാതന ഹിന്ദുത്വം രാജാധിപത്യത്തിനും വര്‍ഗീയാധിപത്യത്തിനും ഒരുപോലെ പ്രിയപ്പെട്ട വാക്ക്: മുഖ്യമന്ത്രി
Sanatana Dharma Controversy
സനാതന ഹിന്ദുത്വം രാജാധിപത്യത്തിനും വര്‍ഗീയാധിപത്യത്തിനും ഒരുപോലെ പ്രിയപ്പെട്ട വാക്ക്: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2024, 11:35 am

തിരുവനന്തപുരം: ഗുരുവിന്റെ ആശയങ്ങള്‍ സനാതന തത്വത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് ശ്രീനാരായണ ഗുരുവിനോട് ചെയ്യുന്ന വലിയ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വര്‍ണവ്യവസ്ഥക്കെതിരായ ആശയങ്ങളാണ് ഗുരു മുന്നോട്ടുവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 92ാം മത്‌ ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണഗുരു സനാതന ധര്‍മത്തിന്റെ അനുയായി ആയിരുന്നില്ലെന്നും മതങ്ങള്‍ നിര്‍വചിച്ച് വെച്ചതൊന്നുമല്ല ഗുരുവിന്റെ നവയുഗധര്‍മമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാഭാരതം പോലും ധര്‍മമെന്താണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മനുഷ്യന്റെ ജാതി എന്നത് മനുഷ്യത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജാധിപത്യത്തിനും വര്‍ഗീയാധിപത്യത്തിനും ഒരുപോലെ പ്രിയപ്പെട്ട വാക്കാണ് സനാതന ഹിന്ദുത്വം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രാഹ്‌മണാധിപത്യം ഊട്ടിയുറപ്പിക്കാന്‍ വേണ്ടിയാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. ഈ വാക്ക് ജനാധിപത്യത്തിന് എതിരാണെന്നതിന് മറ്റൊരു തെളിവ് വേണോയെന്നും അദ്ദേഹം ചോദിച്ചു.

കുലത്തൊഴിലിനെ ധിക്കരിക്കാനാണ് ഗുരു ആഹ്വാനം ചെയ്തത്. അപ്പോള്‍ എങ്ങനെയാണ് ഗുരു സനാതന ധര്‍മത്തിന്റെ വക്താവാകുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.

സനാതന ധര്‍മത്തെ ധിക്കരിച്ച സന്ന്യാസിവര്യനാണ് ഗുരുവെന്നും മനുഷ്യത്വത്തിന്റെ വിശ്വദര്‍ശനമാണ് ഗുരു മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.  ഊരിക്കൊണ്ടുള്ള  ക്ഷേത്ര ദര്‍ശനങ്ങളില്‍ കാലാന്തരങ്ങളില്‍ മാറ്റം വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്ത് മനുഷ്യരായി പിറന്ന എല്ലാ വ്യക്തികള്‍ക്കും ഗുരുവായി ഇരിക്കേണ്ട ഒരാളെ നമ്മുടെ പരിമിതമായ കാഴ്ചവട്ടത്ത് കാണുന്ന ഒരു മതത്തിലും ജാതിയിലും തളച്ചിടണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ശിവഗിരി എല്ലാവര്‍ക്കും അവകാശപ്പെട്ടതാകണമെന്നും ആതമീയതയുടെ ഭാഗമായി മാത്രം ഗുരുവിനെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവകാശങ്ങൾക്ക് വേണ്ടി സംഘടിക്കണം എന്നല്ലാതെ മറ്റൊരു സമുദായത്തിനെതിരെ സംഘടിക്കണമെന്ന് ഗുരു പറയുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ഗുരുവത്തിന്റെ ആശയങ്ങൾ ഹരിജൻ എഴുതാൻ മഹാത്മാഗാന്ധിയെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വി.എന്‍. വാസവന്‍ അടക്കമുള്ള മന്ത്രിമാരും, വെള്ളാപ്പള്ളി നടേശൻ, ചാണ്ടി ഉമ്മൻ, ഗോകുലം ഗോപാലൻ ഉള്‍പ്പെടെയുള്ളവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Content Highlight: Sanatana Hinduism is a favorite word for monarchy and communalism alike: Chief Minister