പ്രകോപിപ്പിക്കാനും മറ്റ് വിശ്വാസങ്ങളേക്കാൾ മികച്ചതെന്ന് തെളിയിക്കാനുമാണ് സനാതന ധർമം ഉപയോഗിച്ചത്: ടി.എം. കൃഷ്ണ
national news
പ്രകോപിപ്പിക്കാനും മറ്റ് വിശ്വാസങ്ങളേക്കാൾ മികച്ചതെന്ന് തെളിയിക്കാനുമാണ് സനാതന ധർമം ഉപയോഗിച്ചത്: ടി.എം. കൃഷ്ണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th September 2023, 10:57 am

ന്യൂദൽഹി: തീവ്ര ഹിന്ദുത്വവാദികൾ സനാതന ധർമത്തെ ആയുധമാക്കുകയാണെന്നും പ്രകോപിപ്പിക്കാനും മറ്റ് വിശ്വാസങ്ങളേക്കാൾ മികച്ചതാണെന്ന് തെളിയിക്കാനുമാണ് സനാധന ധർമം ഉപയോഗിച്ചതെന്നും ഗായകനും ആക്ടിവിസ്റ്റുമായ ടി.എം. കൃഷ്ണ.

‘കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലമായി തീവ്ര ഹിന്ദുത്വവാദികൾ സനാതന ധർമത്തെ ഒരു ആയുധമാക്കുകയാണ്. ഈ പ്രയോഗത്തിന് അവർ നൽകിയ അർത്ഥമാണ് പിന്തിരിപ്പിക്കുന്നത്. അനുകമ്പയും സ്വാഗതവുമോതുന്ന ആത്മപരിശോധന നടത്തുന്ന പ്രയോഗമല്ല അത്. പ്രകോപിപ്പിക്കാനും മറ്റ് വിശ്വാസങ്ങളേക്കാൾ മികച്ചതും പഴക്കമുള്ളതുമാണ് സനാതന എന്ന് തെളിയിക്കാനായി ആത്മപ്രശംസ നടത്താനുമാണ് ഇത് ഉപയോഗിച്ചിട്ടുള്ളത്,’ ദി ഹിന്ദുവിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറഞ്ഞു.

‘സനാതന ധർമം എന്ന പ്രയോഗം വിശ്വാസപ്രമാണങ്ങളിലും മതപ്രഭാഷണങ്ങളിലുമായി ഋഷിമാരും പണ്ഡിതരുമാണ് കൂടുതലായി ഉപയോഗിച്ച് വന്നത്, അല്ലെങ്കിൽ ആചാരകർമങ്ങളിൽ വ്യാപൃതരായ വൃത്തങ്ങളിൽ.

ഈ വ്യക്തികളെല്ലാം ബ്രാഹ്മണ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ ആയിരിക്കും. ദൈവവിശ്വാസികളായ ബ്രാഹ്മണരല്ലാത്ത തമിഴന്മാർ തങ്ങളെ സനാതനികൾ എന്ന് വിളിക്കാറില്ല. അവർ മാരിയമ്മൻ, കാമാച്ചി, ശിവൻ, മുരുകൻ തുടങ്ങിയ മൂർത്തികളെ ആരാധിക്കുകയും തങ്ങൾ ഹിന്ദു മതത്തിന്റെ ഭാഗമാണെന്ന് കരുതുന്നവരുമാണ്. അതിനാൽ ഹിന്ദുയിസത്തിന് പര്യായമായി സനാതന പൊതുവായി ഉപയോഗിക്കുന്നത് ഇരട്ടത്താപ്പാണ്.

സനാതന ധർമയും ഹിന്ദുത്വയും കൂട്ടിച്ചേർക്കുകയാണ് ഹിന്ദു വലതുപക്ഷ വിഭാഗങ്ങൾ. ഇവ പുറത്തേക്ക് ചീറ്റുന്നവരാണ് മുസ്‌ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ദളിതർക്കുമെതിരെ അക്രമം അഴിച്ചുവിടുന്നത്. ഈ കുറ്റകൃത്യങ്ങളിൽ പങ്കുള്ളത് ഈ ആക്രമണങ്ങൾ നടത്തുന്നവർക്ക് മാത്രമല്ല. രാഷ്ട്രീയ, മതപര, ആത്മീയ, സാമൂഹിക മേഖലകളിലൂടെ അവയ്ക്ക് പ്രേരിപ്പിക്കുന്നവർക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്. ഇത്തരത്തിലുള്ള സനാതന ധർമം പ്രകടമായും വിവേചനത്തിന്റെ ഉപകരണമാണ്,’ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.

Content Highlight: Sanatana Dharma is used to offend or to prove it is better than other beliefs: T.M. Krishna