സനാതന ധര്‍മ തര്‍ക്കം; ഹരജിക്ക് കാരണം പ്രത്യയശാസ്ത്രപരമായ വിയോജിപ്പ്: ഉദയനിധി സ്റ്റാലിന്‍ ഹൈക്കോടതിയില്‍
ചെന്നൈ: സനാതന ധര്‍മവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ തനിക്കെതിരെ നല്‍കിയ ഹരജിക്ക് കാരണം പ്രത്യയശാസ്ത്രപരമായ വിയോജിപ്പാണെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. കൂടാതെ ഹരജിക്കാരന്‍ ഹിന്ദു വലതുപക്ഷക്കാരന്‍ ആയതുകൊണ്ടാണെന്നും ഉദയനിധി സ്റ്റാലിന്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
സനാതന ധര്‍മത്തെ കുറിച്ച് പൊതുപരിപാടിയില്‍ പരാമര്‍ശം നടത്തിയ ഉദയനിധി മന്ത്രിസ്ഥാനത്ത് തുടരുന്നെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു വലതുപക്ഷ സംഘടന കോടതിയില്‍ റിട്ട് സമര്‍പ്പിച്ചിരുന്നു.
ആര്‍ട്ടിക്കിള്‍ 25 പ്രകാരം മതം പ്രചരിപ്പിക്കാനും ആചാരങ്ങള്‍ മുറുകെപ്പിടിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നത് പോലെ ഒരു വ്യക്തിക്ക് നിരീശ്വരവാദം പ്രചരിപ്പിക്കാനും പുലര്‍ത്താനും അവകാശമുണ്ടെന്ന് ഉദയനിധിയുടെ അഭിഭാഷകന്‍ വി. വില്‍സണ്‍ കോടതിയില്‍ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 25നോടൊപ്പം ആര്‍ട്ടിക്കിള്‍ 19(1 )(എ) (ആവിഷ്‌ക്കാര സ്വാതന്ത്രത്തിനുള്ള) ചേര്‍ക്കുന്നത് പ്രകാരം ഉദയനിധിയുടെ പരാമര്‍ശങ്ങള്‍ക്ക് ഭരണഘടനപരമായി സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് വില്‍സണ്‍ ജസ്റ്റിസ് അനിത സുമന്തിനോട് പറഞ്ഞു.
‘ഡി.എം.കെയുടെ പ്രത്യയശാസ്ത്രം ദ്രാവിഡ മുന്നേറ്റത്തിനായി നിലകൊള്ളുന്നതാണ്. ബഹുമാനം, തുല്യത, യുക്തിസഹമായ ചിന്ത, സൗഹാര്‍ദം എന്നിവക്ക് വേണ്ടി ഡി.എം.കെ സംസാരിക്കുന്നു. ജാതീയപരമായ വേര്‍തിരിവുകള്‍ ഡി.എം.കെ തുറന്ന് കാണിക്കുന്നുണ്ട്. ഇതുകൊണ്ടെല്ലാമാണ് ഉദയനിധിക്കെതിരെ അവര്‍ ഹരജി സമര്‍പ്പിച്ചത്,’ വില്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഉദയനിധി പരാമര്‍ശം നടത്തിയ പരിപാടിയുടെ ക്ഷണക്കത്തും പരിപാടിയില്‍ പങ്കെടുത്തവരുടെ പട്ടികയും ഉടന്‍ സമര്‍പ്പിക്കണമെന്ന് ഹരജിക്കാരോട് ആവശ്യപ്പെട്ട ജഡ്ജി വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ 31ലേക്ക് നീട്ടിവെച്ചു.
Content Highlight: Sanatana Dharma row, petition against Udhayanidhi