കോഴിക്കോട്: സനാതന ധര്‍മം ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അതിനാല്‍തന്നെ അത് ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് സംഘപരിവാറിന് ചാര്‍ത്തിക്കൊടുക്കേണ്ട ആവശ്യമില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
കോഴിക്കോട്: സനാതന ധര്‍മം ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അതിനാല്‍തന്നെ അത് ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് സംഘപരിവാറിന് ചാര്‍ത്തിക്കൊടുക്കേണ്ട ആവശ്യമില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ശിവഗിരി മഠത്തിലെ സമ്മേളനത്തില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.
അദ്വൈതം, തത്ത്വമസി തുടങ്ങിയ വാക്കുകള്‍ നമ്മുടെ വേദങ്ങളിലും ഉപനിഷത്തിലും ഉള്ള വാക്കുകള്‍ ആണെന്നും അതിന്റെ സാരാംശങ്ങള്‍ ഉള്‍ക്കൊണ്ടതാണ് സനാതന ധര്‍മമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. അതെല്ലാം സംഘപരിവാറിന് അവകാശപ്പെട്ടതാണ് എന്ന് പറയുന്നത് പോലെയായിരുന്നു മുഖ്യമന്ത്രിയുടെ സംസാരമെന്നും അങ്ങനെ അതൊന്നും അവര്‍ക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്നും വി.ഡി. സതീശന്‍ പ്രതികരിച്ചു.
ശ്രീനാരായണ ഗുരു സനാതന ധര്‍മത്തെക്കുറിച്ചും അതിന്റ സാംഗത്യത്തെക്കുറിച്ചും എപ്പോഴും സംസാരിച്ചുകൊണ്ടിരുന്ന ആളാണെന്നും അതിനാല്‍ തന്നെ സനാതനത്തില്‍ യാതൊരു വിധത്തിലുള്ള വര്‍ഗീയതയില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
സനാതനധര്‍മം തെറ്റിദ്ധരിക്കപ്പെട്ട ഒരു കാര്യമാണെന്നും അതുപോലെത്തന്നെ തെറ്റിദ്ധരിക്കപ്പെട്ട വാക്കാണ് കാവിവത്ക്കരണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കാവി ഉടുക്കുന്നവരെയെല്ലാം തന്നെ ആര്‍.എസ്.എസുകാരാക്കി മാറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെയാണെങ്കില്‍ അമ്പലത്തില്‍ പോവുന്ന ഹിന്ദുക്കള്‍ എല്ലാംതന്നെ ആര്‍.എസ്.എസുകാര്‍ ആകേണ്ടതാണല്ലോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കഴിഞ്ഞദിവസം 92ാമത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി ഗുരുവിന്റെ ആശയങ്ങള്‍ സനാതന തത്വത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് ശ്രീനാരായണ ഗുരുവിനോട് ചെയ്യുന്ന വലിയ തെറ്റാണെന്ന് പറഞ്ഞിരുന്നു.
ശ്രീനാരായണഗുരു സനാതന ധര്‍മത്തിന്റെ അനുയായി ആയിരുന്നില്ലെന്നും മതങ്ങള്‍ നിര്‍വചിച്ച് വെച്ചതൊന്നുമല്ല ഗുരുവിന്റെ നവയുഗധര്‍മമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യന്റെ ജാതി എന്നത് മനുഷ്യത്വമാണെന്നും രാജാധിപത്യത്തിനും വര്‍ഗീയാധിപത്യത്തിനും ഒരുപോലെ പ്രിയപ്പെട്ട വാക്കാണ് സനാതന ഹിന്ദുത്വം എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ബ്രാഹ്‌മണാധിപത്യം ഊട്ടിയുറപ്പിക്കാന്‍ വേണ്ടിയാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. ഈ വാക്ക് ജനാധിപത്യത്തിന് എതിരാണെന്നതിന് മറ്റൊരു തെളിവ് വേണോയെന്നും മുഖ്യമന്ത്രി ചോദിക്കുകയുണ്ടായി.
Content Highlight: Sanatana Dharma is the cultural heritage of India; It is not necessary to ascribe it to the Sangh Parivar; V.D. Satheeshan’s reply to Chief Minister Pinarayi Vijayan