| Thursday, 2nd January 2025, 5:56 pm

സനാതന ധര്‍മവും ജാതി വ്യവസ്ഥയും; ശിവഗിരിയിലുണരുന്ന സംവാദങ്ങള്‍

രാഗേന്ദു. പി.ആര്‍

കേരളം രണ്ട് ദിവസങ്ങള്‍ക്കിടയില്‍ കേട്ട പ്രസംഗങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ മുഖചിത്രമാകുമോ? പാര്‍ട്ടി രാഷ്ട്രീയത്തിനപ്പുറത്തേക്ക് നേതാക്കള്‍ മൂല്യബോധത്തോട് കൂടി വാക്കുകള്‍ ഉയര്‍ത്തിയപ്പോള്‍ ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ശ്രദ്ധേയമായി.

മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.പി എ.എ. റഹീം ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രസംഗങ്ങളാണ് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

വര്‍ക്കലയില്‍ നടന്നത് പാര്‍ട്ടി സമ്മേളനവും അവലോകന ചര്‍ച്ചയുമല്ലല്ലോ… വേദി മാറിയപ്പോള്‍ വേദിയുടെ സ്വഭാവം മാറിയപ്പോള്‍ നേതാക്കളുടെ ഭാഷയും പ്രയോഗങ്ങളും മാറി. അതിലുപരി ഉറച്ച രാഷ്ട്രീയത്തിന്റെ ഒഴുക്കും. ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങളെ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഉയര്‍ത്തി പിടിക്കുന്ന നേതാക്കള്‍.

ഗുരുവിന്റെ ആശയങ്ങള്‍ സനാതന തത്വത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം വലിയ ഒരു വിവാദത്തിന് വഴിയൊരുക്കി. വര്‍ണവ്യവസ്ഥക്കെതിരായ ആശയങ്ങളാണ് ഗുരു മുന്നോട്ടുവെച്ചത്. സനാതന ധര്‍മത്തിന്റെ അനുയായി ആയിരുന്നില്ല ശ്രീനാരായണ ഗുരു. മതങ്ങള്‍ നിര്‍വചിച്ച് വെച്ചതൊന്നുമല്ല ഗുരുവിന്റെ നവയുഗ ധര്‍മം.

മഹാഭാരതം പോലും ധര്‍മമെന്താണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയുന്നില്ല, സന്ദേഹം മാത്രം നല്‍കി പിൻവാങ്ങുകയാണ് ചെയ്യുന്നത്. മനുഷ്യന്റെ ജാതി എന്നത് മനുഷ്യത്വമാണ്. സനാതന ഹിന്ദുത്വം രാജാധിപത്യത്തിനും വര്‍ഗീയാധിപത്യത്തിനും ഒരുപോലെ പ്രിയപ്പെട്ട വാക്ക്. ബ്രാഹ്‌മണാധിപത്യം ഊട്ടിയുറപ്പിക്കാന്‍ വേണ്ടിയുള്ളതാണ് ഈ വാക്ക്.

ഈ വാക്ക് ജനാധിപത്യത്തിന് എതിരാണെന്നതിന് മറ്റൊരു തെളിവ് വേണോയെന്നും മുഖ്യമന്ത്രി ചോദ്യം ഉയര്‍ത്തിയതോടെ കേരളത്തിലെ ചില കേന്ദ്രങ്ങള്‍ക്ക് വീര്‍പ്പുമുട്ടലുണ്ടായി. മുഖ്യമന്ത്രി സനാതന ധര്‍മത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരന്‍ രംഗത്തെത്തി.

പരിശുദ്ധ ഖുറാനെ കുറിച്ച് ഇത്തരത്തിലുള്ള പരാമര്‍ശം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാവുമോയെന്നും അതിന് മുഖ്യമന്ത്രിക്ക് തന്റേടമുണ്ടാവുമോയെന്നും ധൈര്യമുണ്ടോയെന്നും മുരളീധരന്‍ ചോദിച്ചു. സനാതന ധര്‍മമെന്നത് ഉന്മൂലനം ചെയ്യപ്പെടേണ്ട ഒന്നാണെന്ന തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തിന്റെ തുടര്‍ച്ചയാണ് മുഖ്യമന്ത്രി നടത്തിയിട്ടുള്ള പ്രസ്താവനയെന്നും ബി.ജെ.പി നേതാവ് പറയുകയുണ്ടായി.

മുഖ്യമന്ത്രിയ്ക്ക് പിന്നാലെ, ശിവഗിരിയില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ പിന്തുണച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും സംസാരിച്ചു. ശ്രീനാരായണ ഗുരുവിനെ ചാതുര്‍വര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു സുധാകരന്റെ പ്രസ്താവന. ജാതിവ്യവസ്ഥയെ ചോദ്യം ചെയ്ത വ്യക്തിയായിരുന്നു ശ്രീനാരായണ ഗുരു. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ മാത്രമല്ല, ശ്രീനാരായണ ഗുരുവിനെ തന്നെ തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് ചുറ്റും നടക്കുന്നത്. ശ്രീനാരായണ ഗുരുവിനെ ആര്‍ക്കും അങ്ങനെയൊന്നും വിട്ടുകൊടുക്കാനാകില്ലെന്ന് നാം ഉറപ്പിച്ചു പറയണം.

സവര്‍ണ മേധാവിത്തത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ. താഴ്ന്ന ജാതിയില്‍ പെട്ടവര്‍ക്ക് ഊര്‍ജം നല്‍കിയ ഒരു വിപ്ലവമായിരുന്നു ഈ നീക്കം. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി ശ്രീനാരായണ ഗുരു അംഗീകരിച്ചിരുന്നില്ല. പുതിയ തലമുറ നാരായണ ഗുരുവിന്റെ ആദര്‍ശങ്ങളെ ഉള്‍ക്കൊള്ളുന്നവരാകണം, സ്വപ്നങ്ങള്‍ നിറവേറ്റണം.

എല്ലാ മതങ്ങളുടെയും സാരം ഒന്നാണ്, അതുകൊണ്ട് തന്നെ എല്ലാ മതങ്ങളും ഒന്നാണെന്നാണ് ഗുരു പറഞ്ഞത്. ശ്രീനാരായണ ഗുരു പ്രവാചകന് സമാനന്‍. ഒരു മലയാളിയുടെ ശബ്ദമായിരുന്നു അദ്ദേഹത്തിന്റേതെന്നതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ കെ. സുധാകരന്റെ പ്രസംഗവും കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി.

വിവിധ ഭാഷകളില്‍ തയ്യാറാക്കുന്ന മൈക്രോസൈറ്റ് വഴി ഗുരുവിനെ കൂടുതല്‍ അറിയാന്‍ സാധിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനത്തോടെ പി.എ. മുഹമ്മദ് റിയാസിന്റെയും പ്രസംഗം ശ്രദ്ധിക്കപ്പെട്ടു.

ശ്രീനാരായണ ഗുരു എന്തിനെതിരെയാണോ പോരാടിയത് അത് ഇപ്പോഴും സമൂഹത്തില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഗുരുവിനെ തെറ്റായി വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കുന്ന കാലമാണിത്. അതുകൊണ്ട് തന്നെ ഗുരുവചനങ്ങളും ഗുരുവിന്റെ സന്ദേശങ്ങളും വീണ്ടും വീണ്ടും പ്രസക്തമാകണം.

‘മനുഷ്യര്‍ ഒക്കെ ഒരു ജാതിയാണ്. അവരുടെ ഇടയില്‍ സ്ഥിതിഭേദമില്ലാതെ ജാതിഭേദം ഇല്ല. മനുഷ്യ ജാതി എന്നതേ നിലനില്‍ക്കുന്നുള്ളൂ എന്ന് അവസരം കിട്ടിയപ്പോള്‍ എല്ലാം ശ്രീനാരായണ ഗുരു പ്രചരിപ്പിച്ചു. ‘പലമതസാരവുമേകം’ എന്ന ഗുരുവിന്റെ വാക്കുകള്‍ തന്നെ എന്താണ് ഗുരു മുന്നോട്ടു വെച്ച സന്ദേശം എന്ന് വ്യക്തമാക്കുന്നതാണ്. എല്ലാവരേയും പരസ്പരം ഉള്‍ക്കാള്ളാന്‍ കഴിയുന്ന വിശാലമായ മനസ്ഥിതി ആര്‍ജിക്കാനാണ് ഗുരു പറഞ്ഞത്,’ ഇതായിരുന്നു മന്ത്രി റിയാസ് നടത്തിയ പ്രസംഗത്തിന്റെ പ്രധാന ഭാഗം.

ശ്രീനാരായണ ഗുരുവിനെയും അദ്ദേഹത്തിനെ ശിഷ്യനായ സഹോദരന്‍ അയ്യപ്പനെയും കുറിച്ച് ചൂണ്ടിക്കാട്ടിയ എ.എ. റഹീം, ഗാന്ധിയുടെ ജാതി സംബന്ധമായ ബോധ്യത്തെ പോലും ഗുരു തിരുത്തിയെന്ന് പറഞ്ഞു. ചാതുര്‍വര്‍ണ്യത്തിലും ജാതിയിലും അധിഷ്ഠിതമായ എല്ലാ പുനരുദ്ധാരണങ്ങള്‍ക്കെതിരെയും ഒഴുകിപറന്ന മഹാസാഗരത്തിന്റെ പേരാണ് ശ്രീനാരായണ ഗുരു.

ആ ഗുരുവിനെ വേറെ എവിടെയും കൊണ്ട് കെട്ടാനാകില്ല. മദൻ മോഹന്‍ മാളവ്യയെ കോട്ടയത്ത് നിന്ന് ഓടിച്ച സഹോദരന്‍ അയ്യപ്പന്റെ വാക്കുകളും റഹീം പ്രസംഗത്തില്‍ ഉദ്ധരിച്ചു.

ഇത്തരത്തില്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ ശിവഗിരിയില്‍ നടത്തിയ പ്രസംഗങ്ങള്‍ വലിയ ശ്രദ്ധ നേടി. നേതാക്കളുടെ വാക്കുകള്‍ ചിലരെ അസ്വസ്ഥരാക്കുകയും മൂര്‍ച്ചയേറിയ പ്രസംഗങ്ങള്‍ സംഘപരിവാര്‍ ആശയങ്ങളെ മുറിവേല്‍പ്പിക്കുകയും ചെയ്തു.

അതേസമയം ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുന്നോട്ടുവെച്ചത്. സനാതന ധര്‍മം ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകമെന്നാണ് വി.ഡി. സതീശന്‍ പറഞ്ഞത്.

സനാതനധര്‍മം തെറ്റിദ്ധരിക്കപ്പെട്ട ഒരു കാര്യമാണ്. അതുപോലെത്തന്നെ തെറ്റിദ്ധരിക്കപ്പെട്ട വാക്കാണ് കാവിവത്ക്കരണവും. കാവി ഉടുക്കുന്നവരെയെല്ലാം തന്നെ ആര്‍.എസ്.എസുകാരാക്കി മാറ്റുകയാണ്.

അങ്ങനെയാണെങ്കില്‍ അമ്പലത്തില്‍ പോവുന്ന ഹിന്ദുക്കള്‍ എല്ലാംതന്നെ ആര്‍.എസ്.എസുകാര്‍ ആകേണ്ടതാണല്ലോ. അദ്വൈതം, തത്ത്വമസി തുടങ്ങിയ വാക്കുകള്‍ നമ്മുടെ വേദങ്ങളിലും ഉപനിഷത്തിലും ഉള്ള വാക്കുകളാണ്. ഇവയുടെ സാരാംശങ്ങള്‍ ഉള്‍ക്കൊണ്ടതാണ് സനാതന ധര്‍മമെന്നും പ്രതിപക്ഷ നേതാവ് ശിവഗിരിയില്‍ പറയുന്നു. വരാനിരിക്കുന്ന രാഷ്ട്രീയത്തില്‍ ഈ സംവാദങ്ങള്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്താനാണ് സാധ്യത.

Content Highlight: Sanatana Dharma and Caste System; Debates in Sivagiri

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more