മുംബൈ: സനാതന്‍ സന്‍സ്ത നേതാവിന്റെ വസതിയില്‍ മഹാരാഷ്ട്ര ആന്റി ടെററിസം സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ പിടികൂടിയത് വന്‍ ആയുധശേഖരവും സ്‌ഫോടക വസ്തുക്കളും.
വൈഭവ് റൗത്തിന്റെ പല്‍ഗാറിലുള്ള വസതിയില്‍ നടത്തിയ റെയ്ഡിലാണ് ബോംബുകളും വന്‍ ആയുധശേഖരങ്ങളും കണ്ടെടുത്തത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു റെയ്ഡ് ആരംഭിച്ചത്. മുതിര്‍ന്ന ഐ.പി.എസ് റാങ്ക് ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്.
ഇന്ന് രാവിലെ വരെ റെയ്ഡ് തുടര്‍ന്നു. റെയ്ഡിന് പിന്നാലെ ഇയാളെ ചോദ്യം ചെയ്യാനായി എ.ടി.എസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്. പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ മുംബൈയിലെ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
“”
ഈ സ്‌ഫോടകവസ്തുക്കളുടെ ഉറവിടം അറിയേണ്ടതുണ്ട്. എന്തിനാണ് റൗട്ട് ഇത് കൈവശം വെച്ചതെന്നും അതിന്റെ ഉദ്ദേശവും അറിയേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്- ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
എന്നാല്‍ അറസ്റ്റിന് പിന്നാലെ റൗട്ട് സനാതന്‍ സന്‍സ്തയുടെ മുഖ്യപ്രവര്‍ത്തകനല്ലെന്ന് പറഞ്ഞ് സംഘടന രംഗത്തെത്തിയിട്ടുണ്ട്. സനാതന്‍ സന്‍സ്ത സംഘടനയുമായി ബന്ധമുണ്ടെന്നല്ലാതെ തങ്ങളുടെ പ്രവര്‍ത്തകനല്ല അദ്ദേഹമെന്ന് സംഘടന അഭിഭാഷകന്‍ സന്‍ജീവ് പുനേലികര്‍ പറഞ്ഞു. അടുത്തിടെ ബീഫ് നിരോധിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട ഒരു കേസില്‍ റൗത്തിനെതിരെ പൊലീസ് കേസ് ഫയല്‍ ചെയ്തിരുന്നു. അദ്ദേഹം ഒരു ഹിന്ദുത്വ പ്രവര്‍ത്തകനാണ്. എന്നാല്‍ സംഘടനാ അംഗമല്ല. മാത്രമല്ല ഇയാളുടെ വസതിയില്‍ നിന്നും വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയെന്ന എ.ടി.എസിന്റെ വാദവും ഞങ്ങള്‍ വിശ്വസിക്കുന്നില്ല””- സജ്ഞീവ് പറയുന്നു.
നേരത്തെ 2007 ലും 2009 ലും സനാതന്‍ സന്‍സ്തയുടെ ചില പ്രവര്‍ത്തകരില്‍ നിന്നും വന്‍ സ്‌ഫോടക വസ്തുക്കള്‍ പൊലീസ് പിടികൂടിയിരുന്നു.
2013 ല്‍ നരേന്ദ്ര ദാബോല്‍ക്കര്‍ വധത്തിലും 2015 ല്‍ എം.എം കല്‍ബുര്‍ഗി വധത്തിലും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തിലും അറസ്റ്റിലായത് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരായിരുന്നു.