സനാതൻ സൻസ്ത ഒരു ഭീകര സംഘടന, അന്വേഷണം വേണം; കൊല്ലപ്പെട്ട ആക്ടിവിസ്റ് ഗോവിന്ദ് പൻസാരെയുടെ കുടുംബം
India
സനാതൻ സൻസ്ത ഒരു ഭീകര സംഘടന, അന്വേഷണം വേണം; കൊല്ലപ്പെട്ട ആക്ടിവിസ്റ് ഗോവിന്ദ് പൻസാരെയുടെ കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd July 2024, 5:38 pm

 

ന്യൂദൽഹി: സനാതൻ സൻസ്ത ഒരു ഭീകര സംഘടനയാണെന്നും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ആക്ടിവിസ്റ്റ് ഗോവിന്ദ് പൻസാരെയുടെ കുടുംബം.

മഹാരാഷ്ട്രയിലും കർണാടകയിലുമുള്ള ആക്ടിവിസ്റ്റുകളെയും പത്രപ്രവർത്തകരെയും സനാതൻ സൻസ്ത ആസൂത്രിതമായി കൊലപ്പെടുത്തുകയാണെന്നും സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നുമുള്ള ആവശ്യം തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് നൽകിയ കത്തിലാണ് കുടുംബം ഉന്നയിച്ചത്.

68 പേജുള്ള കത്ത് ബോംബൈ ഹൈക്കോടതിയിൽ വാദം കേൾക്കുന്നതിന് മുന്നോടിയായി പൂനെ ഡിവിഷനിലെ ഐ.ടി പൊലീസ് സൂപ്രണ്ട് ജയന്ത് മീണക്ക് നൽകിയിരിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) നേതാവായ പൻസാരെ യുക്തിവാദിയും ട്രേഡ് യൂണിയൻ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായിരുന്നു. 2015 ഫെബ്രുവരി 15 ന് കോലാപൂരിൽ വെച്ച് മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേർ അദ്ദേഹത്തെയും ഭാര്യ ഉമയെയും ആക്രമിക്കുകയായിരുന്നു. തുടർന്ന് ഫെബ്രുവരി 20ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ച് അദ്ദേഹം മരണപ്പെടുകയായിരുന്നു.

കൊലപാതകത്തിൽ സനാതൻ സൻസ്ത സ്ഥാപകൻ ഡോ. ജയന്ത് അത്താവലേയ്ക്ക് പങ്കുണ്ടെന്നും അത് പരിശോധിക്കണമെന്നും പൻസാരെയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

സനാതൻ സൻസ്ത പോലുള്ള വലതുപക്ഷ ഹിന്ദുത്വ സംഘടനകൾക്ക് പൻസാരെയോട് കടുത്ത എതിർപ്പുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു.

‘പൻസാരെ, ഡോ. നരേന്ദ്ര ദബോൽക്കർ, പ്രൊഫെസ്സർ എം.എം കൽബുർഗി, മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങളിൽ സമാനതകൾ അവഗണിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ഈ മരണങ്ങളിലൊക്കെയും സനാതൻ സൻസ്തയുടെ നേതാവ് വീരേന്ദ്ര മറാഠേയ്ക്കും അത്താവലേയ്ക്കും ഉള്ള പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണം. സനാതൻ സൻസ്ത പോലുള്ള വലതുപക്ഷ ഹിന്ദുത്വ സംഘടനകൾക്ക് പൻസാരയോട് കടുത്ത എതിർപ്പുണ്ടായിരുന്നു.

പൻസാരെയുടെ കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലെ 12 പ്രതികളിൽ എല്ലാവരും സനാതൻ സൻസ്തയുടെ അംഗങ്ങളാണ്. ചിലർ ജനജാഗാത്രി സമിതിയിലെയും അംഗങ്ങളാണ്. കൂടാതെ ചിലർ ഡോ. നരേന്ദ്ര ദാഭോൽക്കർ, എം.എം. കൽബുർഗി, ഗൗരി ലങ്കേഷ്, നലസോപാര ആയുധക്കേസിലും പ്രതികളാണ്. ഇത് ഈ കേസുകൾ തമ്മിലൊരു പൊതു ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നതാണ്,’ കത്തിൽ പറയുന്നു.

അന്വേഷണ ഏജൻസികൾക്ക് നന്നായറിയാവുന്ന ഈ കാര്യങ്ങൾ ഒന്നും അവർ വേണ്ടവിധം പരിശോധിച്ചില്ലെന്നും കുടുംബം കൂട്ടിച്ചേർത്തു. ജൂലൈ 12ന് ബോംബൈ ഹൈക്കോടതി കേസ് പരിഗണിക്കും.

Content Highlight: Sanatan Sanstha a Terror Outfit, Should Be Probed’: Slain Activist Govind Pansare’s Family