|

സനാതന ധർമ പരാമർശം ഉദയനിധി സ്റ്റാലിന് ആശ്വാസം; നടപടി ആവശ്യപ്പെട്ടുള്ള ഹരജികൾ പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സനാതന ധർമത്തെക്കുറിച്ച് നടത്തിയ പ്രസംഗത്തിൽ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് ആശ്വാസം. അദ്ദേഹത്തിനെതിരെ ക്രിമിനൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള മൂന്ന് റിട്ട് ഹരജികൾ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് ബേല എം. ത്രിവേദിയും ജസ്റ്റിസ് പ്രസന്ന ബി. വരാലെയും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിക്കാൻ വിസമ്മതിച്ചത്.

ബി. ജഗന്നാഥ്, വിനീത് ജിൻഡാൽ, സനാതൻ സുരക്ഷാ പരിഷത്ത് എന്നിവർ സമർപ്പിച്ച റിട്ട് ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി. സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശങ്ങളിൽ നിന്ന് ഉദയനിധി സ്റ്റാലിനെ തടയാനും പ്രസംഗം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ബി. ജഗന്നാഥ് സമർപ്പിച്ച ഹരജിയിൽ പറയുന്നുണ്ട്.

ഉദയനിധിക്ക് പുറമെ അദ്ദേഹത്തിന്റെ പരാമർശത്തെ പരസ്യമായി പിന്തുണച്ച ഡി.എം.കെ എം.പി എ. രാജയ്‌ക്കെതിരെയും വിനീത് നടപടി ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ വർഗീയ പരാമർശങ്ങൾ തടയാൻ മാർഗനിർദേശങ്ങൾ വേണമെന്ന് മറ്റൊരു ഹരജിക്കാരൻ ആവശ്യപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

2023 സെപ്തംബറിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി സനാന ധർമ്മത്തെ ഡെങ്കിപ്പനിയുമായും മലേറിയയുമായും താരതമ്യം ചെയ്തിരുന്നു. കൊതുകുകൾ പരത്തുന്ന ഈ രോഗങ്ങളെപ്പോലെ അതിനെ എതിർക്കേണ്ടതല്ലെന്നും ഉന്മൂലനം ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

‘എന്താണ് സനാതനം? ഈ പേര് സംസ്കൃതത്തിൽ നിന്ന് മാത്രമാണ്. സനാതന ധർമം സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണ്. അത് ശാശ്വതമാണ്, അതായത്, അത് മാറ്റാൻ കഴിയില്ല. ആർക്കും അതിനെതിരെ ഒരു ചോദ്യവും ഉന്നയിക്കാൻ കഴിയില്ല. അതാണ് സനാതന ധർമത്തിന്റെ അർത്ഥം. സനാതന ധർമം ജനങ്ങളെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കുകയാണ് ചെയ്തത്,’ അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിൻ്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധങ്ങളും കടുത്ത വിമർശനങ്ങളും ഉയർന്ന വന്നിരുന്നു. അദ്ദേഹത്തിനെതിരെ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ബി.ജെ.പി.യും ഹൈന്ദവ സംഘടനകളും ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധവുമായെത്തിയിരുന്നു.

Content Highlight: ‘Sanatan Dharma’ remark: Relief for Udhayanidhi as SC refuses to entertain writ petitions seeking action

Video Stories