പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ ശ്രീലങ്കക്കെതിരെയുള്ള പരമ്പരക്കായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യ. മൂന്ന് വീതം ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27, 28, 30 തീയതികളിലാണ് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ ഏകദിന മത്സരങ്ങളും നടക്കും.
ശ്രീലങ്കയുടെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് വനിന്ദു ഹസരംഗ രാജിവച്ചതോടെ ചരിത് അസലംഗയുടെ നേതൃത്വത്തിലാണ് ശ്രീലങ്ക ഇറങ്ങുന്നത്. രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ ടി-20 ക്യാപ്റ്റനായി നിയമിച്ചത്.
ഇപ്പോഴിതാ ഈ പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയേയും പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ശ്രീലങ്കന്‍ ഇതിഹാസം സനത് ജയസൂര്യ. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലങ്കന്‍ ഇതിഹാസം.
‘രോഹിത് ശര്‍മയും വിരാട് കോഹ്‌ലി ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരാണ്. അവരുടെ കഴിവും അവര്‍ കളിച്ച ക്രിക്കറ്റ് നോക്കുമ്പോള്‍ അവര്‍ വളരെ മികച്ചതാണെന്ന് നമുക്ക് മനസിലാക്കാം. അവരുടെ അഭാവം ഇന്ത്യന്‍ ടീമിന് വലിയ നഷ്ടമായിരിക്കും,’ ജയസൂര്യ പറഞ്ഞു.
ജയസൂര്യയെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ താത്ക്കാലിക പരിശീലകനായി അടുത്തിടെ നിയമിച്ചിരുന്നു. മുന്‍ പരിശീലകനായ ക്രിസ് സില്‍വര്‍ വുഡിന് പകരക്കാരനായാണ് ജയസൂര്യ പരിശീലക സ്ഥാനം ഏറ്റെടുത്തത്.
കഴിഞ്ഞ ടി-20 ലോകകപ്പിലെ ശ്രീലങ്കന്‍ ടീമിന്റെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ സില്‍വര്‍ വുഡ് രാജിവെക്കുകയായിരുന്നു. ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് സൂപ്പര്‍ 8ലേക്ക് മുന്നേറാന്‍ സാധിച്ചിരുന്നില്ല. നാലു മത്സരങ്ങളില്‍ നിന്നും ഒരു വിജയവും രണ്ടു തോല്‍വിയും അടക്കം മൂന്നാം സ്ഥാനത്തായിരുന്നു ശ്രീലങ്ക ഫിനിഷ് ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് സില്‍വര്‍ ഫുഡ് പരിശീലക സ്ഥാനത്ത് നിന്നും ഒഴിഞ്ഞത്.
സ്വന്തം തട്ടകത്തില്‍ ഇന്ത്യക്കെതിരെയും ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലാണ് ജയസൂര്യ ശ്രീലങ്കയെ പരിശീലകന്‍ എന്ന നിലയില്‍ മുന്നോട്ടു നയിക്കുക. ഇന്ത്യക്കെതിരെയുള്ള പരമ്പര അവസാനിച്ചാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയാണ് ജയസൂര്യയുടെ മുന്നിലുള്ളത്. ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ പത്ത് വരെയാണ് മത്സരങ്ങള്‍ നടക്കുക.
Content Highlight: Sanat Jayasoorya Talks about Virat Kohli and Rohit Sharma