ദേശീയ അവാര്‍ഡ് വേദിയിലെ വിവേചനത്തിനെതിരെ പ്രതികരണവുമായി സംവിധായകന് സനല്‍കുമാര്‍ ശശിധരന്. ഭൂരിപക്ഷം ചലച്ചിത്രപ്രവര്‍ത്തകരും അവാര്‍ഡ് ചടങ്ങ് ബഹിഷ്കരിച്ചപ്പോള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാതെ മാറി നിന്ന യേശുദാസിനേയും ജയരാജിനെയും വിമര്‍ശിച്ചാണ് സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഭരണകൂടത്തിന്റെ ജീര്‍ണ്ണതകളെ എതിര്‍ക്കാതെ അനീതിയെ നേരിട്ട സഹപ്രവര്‍ത്തകരെ ചതിക്കുന്ന രീതിയാണ് ജയരാജിന്റെയും യേശുദാസിന്റെയും നടപടിയെന്നാണ് സനല്‍കുമാര്‍ ശശിധരന് പറഞ്ഞത്. ഈ നടപടിയില്‍ രണ്ടുപേരോടും തനിക്ക് സഹതാപമാണ് തോന്നുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
അവാര്‍ഡ് സ്വീകരിക്കാതെ പ്രതിഷേധിച്ച കലാകാരന്മാര്ക്ക് സലാം. സഹപ്രവര്‍ത്തകരോട് കൂറു പുലര്‍ത്താത്ത യേശുദാസിനോടും ജയരാജിനോടും സഹതാപം മാത്രമേയുള്ളുവെന്നാണ് അദ്ദേഹം പറഞ്ഞത്.
ALSO READ: അഭിമാനം ഉയര്‍ത്തിപ്പിടിച്ച് ചലച്ചിത്ര ലോകം, ചരിത്രമായി പുരസ്കാര ബഹിഷ്കരണം
“നാഷണല്‍ ഫിലിം അവാര്‍ഡ് വിവേചനപരമായി നല്‍കാനുള്ള സ്മൃതി ഇറാനിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അവാര്‍ഡ് പരിപാടി ബഹിഷ്കരിച്ച നിലപാടും നട്ടെല്ലുമുള്ള കലാകാരന്മാര്ക്ക് ഒരു വലിയ സലാം. അന്ധമായ ഭരണകൂടത്തിന്റെ അനീതി നേരിട്ട സഹപ്രവര്‍ത്തകരോട് യാതൊരു കൂറും പുലര്‍ത്താത്ത യേശുദാസിനോടും ജയരാജിനോടും സഹതാപം മാത്രമേ തോന്നുന്നുള്ളൂ. അവരുടെ ചില്ലലമാരകളിലിരുന്ന് ഈ അവാര്‍ഡുകള്‍ അവരെയും അവരുടെ അവാര്‍ഡ് കൂമ്പാരങ്ങളെയും നിശ്ചയമായും ചോദ്യം ചെയ്യും. തൂക്കിവിറ്റാല്‍ ഒരുകിലോ അരിപോലും വാങ്ങാനുള്ള തുക കിട്ടാത്ത ലോഹക്കഷ്ണങ്ങളായി നിലപാടുകളില്ലാത്തവരുടെ അവാര്‍ഡുകള്‍ അധഃപതിക്കും”-എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം ചലച്ചിത്ര പുരസ്ക്കാര ചടങ്ങ് ബഹിഷ്ക്കരിച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന് ജയരാജ് രംഗത്തെത്തിയിരുന്നു. ചടങ്ങ് ഒരു വിഭാഗം ബഹിഷ്ക്കരിച്ചത് തെറ്റായിപ്പോയെന്നും ബഹിഷ്ക്കരിച്ചവര്‍ അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കണമെന്നും ജയരാജ് പറഞ്ഞു.
ALSO READ: അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്ക്കരിച്ചവര്‍ അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കണമെന്ന് ജയരാജ്
11 പേര്‍ക്കെ രാഷ്ട്രപതി പുരസ്കാരം നല്കുകയുള്ളൂവെന്ന് അറിയിച്ചതോടെയാണ് മലയാള സിനിമാ തരങ്ങളടക്കം ചടങ്ങ് ബഹിഷ്ക്കരിച്ചിരുന്നത്. ജയരാജും യേശുദാസും മാത്രമാണ് മലയാളത്തില്‍ നിന്ന് പുരസ്കാരം വാങ്ങിയത്.
പുരസ്കാരദാനച്ചടങ്ങ് മാത്രമാണ് ബഹിഷ്ക്കരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധ മെമ്മോറാണ്ടത്തില്‍ യേശുദാസും ജയരാജും ഒപ്പിട്ടിരുന്നതായി നടി പാര്‍വതി വിശദീകരിച്ചു. പിന്നീട് സംഭവിച്ചത് എന്താണെന്ന് അവര്‍ക്ക് മാത്രമേ അറിയൂവെന്ന് നടി പാര്‍വ്വതിയും പറഞ്ഞിരുന്നു.
ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ 140 അവാര്‍ഡ് ജേതാക്കളില്‍ 68 പേരാണ് ബഹിഷ്ക്കരിച്ചത്. പുരസ്കാരം വാങ്ങാതെ നടന് ഫഹദ് ഫാസിലടക്കമുള്ളവര്‍ വേദിയിലേക്ക് പോയിരുന്നില്ല. ചടങ്ങ് ബഹിഷ്കരിച്ചവരുടെ കസേരകളടക്കം ഒഴിവാക്കിയാണ് സര്‍ക്കാര്‍ പരിപാടി നടത്തിയിരുന്നത്.
നേരത്തെ യേശുദാസിനെയും ജയരാജിനെയും വിമര്‍ശിച്ച് സംവിധായകന് സിബി മലയിലും രംഗത്ത് വന്നിരുന്നു. ആത്മാഭിമാനം അടിയറവ് വെക്കാന്‍ തയ്യാറാകാത്ത സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും എന്നാല്‍ ജയാരാജിനെയും യേശുദാസിനെയും ഓര്‍ത്തു ലജ്ജിക്കുന്നുവെന്നും സിബി മലയില്‍ ഫേസ്ബുക്കില്‍ കുറിച്ചു.