| Saturday, 30th December 2017, 2:27 pm

'മുന്നും പിന്നും നോക്കാതെയുള്ള മോഷണാരോപണങ്ങള്‍ പുതിയ വെളിച്ചത്തെ തല്ലിക്കെടുത്തും'; മായാനദി കോപ്പിയടിയാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സനല്‍കുമാര്‍ ശശിധരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ആകും മുമ്പു തന്നെ ബഹിഷ്‌കരിക്കണമെന്ന് ഒരു വിഭാഗം ആഹ്വാനം ചെയ്തിരുന്ന ചിത്രമായിരുന്നു ആഷിഖ് അബുവിന്റെ മായാനദി. കസബ വിവാദത്തില്‍ നടി പാര്‍വ്വതിയെ പിന്തുണച്ച് ആഷിഖ് അബുവിന്റെ ഭാര്യയും നടിയുമായ റിമാ കല്ലിങ്കല്‍ രംഗത്തെത്തിയതിലുള്ള അമര്‍ഷമായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍ എല്ലാ എതിര്‍പ്പുകളേയും മറി കടന്ന ചിത്രം വിജയം കൈവരിക്കുകയാണ്.

മൗത്ത് പബ്ലിസിറ്റിയുടെ കരുത്തില്‍ ചിത്രം കാണാനായി പ്രേക്ഷകര്‍ തിയ്യറ്ററിലെത്തുകയാണ്. മാത്തന്റേയും അപ്പുവിന്റേയും പ്രണയം പറഞ്ഞ ചിത്രം മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള അപൂര്‍വ്വം സ്ത്രീപക്ഷ പ്രണയകഥകളിലൊന്നാണ്. ഒരു ഭാഗത്ത് ചിത്രത്തിന് പോസിറ്റീവ് റിവ്യൂകള്‍ ലഭിക്കുമ്പോള്‍ ചിത്രം കോപ്പിയടിയാണെന്ന ആരോപണവും ശക്തമാവുകയാണ്.

പ്രശസ്ത ഫ്രഞ്ച് ന്യൂ വേവ് സംവിധായകന്‍ ജീന്‍ ലൂക്ക് ഗോദാര്‍ഡിന്റെ ക്ലാസിക്ക് ചിത്രമായ ബ്രെത്ത് ലെസിന്റെ കോപ്പിയടിയാണ് മായാനദിയെന്നാണ് ആരോപണം. പ്രതാപ് ജോസഫിനെ പോലുള്ള പ്രമുഖര്‍ ചിത്രം കോപ്പിയടിയാണെന്ന തരത്തിലുള്ള പോസ്റ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട. ഈ പശ്ചാത്തലത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകനായ സനല്‍കുമാര്‍ ശശിധരന്‍.

“വാണിജ്യ സിനിമ എന്ന വിശേഷണം കുറച്ചിലായോ അപഹാസ്യതയായോ ആണ് ഇപ്പോഴും പലരും കരുതുന്നത്. മായാനദി മനോഹരമായ ഒരു വാണിജ്യസിനിമയാണെന്ന എന്റെ കുറിപ്പ് സര്‍ട്ടിഫിക്കറ്റ് കൊടുക്കലാണെന്നൊക്കെ പരിഹസിച്ചുകൊണ്ടുള്ള കുറച്ച് പോസ്റ്റുകളും കണ്ടു. മറുവശത്ത് ആ സിനിമ ബ്രെത്ത്‌ലസിന്റെ കോപ്പിയാണെന്നും ആ സിനിമയെക്കുറിച്ച് നല്ലത് പറയുന്നവരെല്ലാം വാഴ്ത്തുപാട്ടുകാരാണെന്നും പ്രതാപ് ജോസഫിനെ പോലുള്ളവരുടെ കുറിപ്പുകളും വരുന്നു. എന്താണ് പ്രശ്‌നമെന്ന് ആലോചിക്കുന്നു. മായാനദിയുടെ രചനാവേളയില്‍ ചിത്രവും ബ്രെത്ത്‌ലെസും ഉള്‍പ്പെടെയുള്ള സിനിമകള്‍ റെഫറന്‍സുകളായിരുന്നുവെന്ന് സംവിധായകന്‍ തന്നെ സമ്മതിച്ചതാണ്.” സനല്‍കുമാര്‍ പറയുന്നു.

വാണിജ്യസിനിമ അങ്ങനെയാണ്.. മുന്‍പുണ്ടായവയില്‍ നിന്നും അത് പാഠമുള്‍ക്കൊള്ളും. വിജയപരാജയ സാധ്യതകളെക്കുറിച്ച് വിശകലനം നടത്തും. വിപണിയെ കുറിച്ച് ചിന്തിക്കും. ആരാണ് വാങ്ങുന്നതെന്നും അവരുടെ മുന്‍ഗണനകള്‍ എന്തെന്നും ചര്‍ച്ച ചെയ്യും. അങ്ങനെയല്ലാതെ വാണിജ്യസിനിമയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല.പക്ഷെ അത് ഒട്ടും തെറ്റായ കാര്യമല്ല. കലാസിനിമകള്‍ മുന്നോട്ട് വെയ്ക്കുന്ന പരീക്ഷണാത്മകമായ പല എടുത്തുചാട്ടങ്ങളെയും വാണിജ്യ സാധ്യത മനസിലാക്കി കമേഴ്സ്യല്‍ സിനിമ എക്കാലത്തും തികഞ്ഞ കരുതലോടെയും കൂടുതല്‍ സാങ്കേതികത്തികവോടെയും സ്വായത്തമാക്കുകയോ സ്വാംശീകരിക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

വില്‍ക്കാന്‍ സാധ്യതയുള്ള എന്തിനെയും വരുംവരായ്കകള്‍ നോക്കാതെ ധാര്‍മികതയോ സാമൂഹികമായ നിലപാടുകളോ ഇല്ലാതെ ആവര്‍ത്തിച്ചും ഊതിപ്പെരുക്കിയും വിപണിയിലെത്തിക്കുന്ന വിലകുറഞ്ഞ ഏര്‍പ്പാടും വാണിജ്യസിനിമ ചെയ്യാറുണ്ട്. ദേവാസുരം എന്ന സിനിമയില്‍ നന്നായി വിറ്റഴിഞ്ഞ ആണത്തം എന്ന ആഭാസച്ചരക്ക് നരസിംഹം രാവണപ്രഭു എന്ന് തുടങ്ങി എണ്ണമറ്റ വാണിജ്യസിനിമകള്‍ വീണ്ടും വീണ്ടും വിവിധനിറമുള്ള കുപ്പികളില്‍ വിപണിയിലെത്തിക്കുകയും പ്രേക്ഷകര്‍ ഇടംവലം നോക്കാതെ വാങ്ങിക്കുടിക്കുകയും ചെയ്തിട്ടുള്ള കാഴ്ച നാം കണ്ടതാണ് ഇന്നും കാണുന്നതാണ്. എന്നാല്‍ അവിടെ നിന്നൊരു മാറ്റം മലയാളത്തിലെ വാണിജ്യസിനിമയില്‍ എത്തിയത് ആഷിഖ് അബു ഉള്‍പ്പെടെയുള്ള പുതിയ സംവിധായകര്‍ സിനിമയുമായി വന്നതോടെയാണെന്നും സനല്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

തികച്ചും ഒറിജിനല്‍ ആയ കലാസൃഷ്ടികളാണ് ചെയ്യുന്നതെന്ന് അവരാരും അവകാശവാദമുന്നയിച്ച് കണ്ടിട്ടില്ല. അവരും മുന്നേ നടന്ന ആര്‍ട്ട് സിനിമകളുടെയും കമേഴ്സ്യല്‍ സിനിമകളുടെയും നല്ല വശങ്ങള്‍ സ്വാംശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് അതില്‍ വിജയം വരുന്നുമുണ്ട്. അവരിലൂടെ ജനസാമാന്യം പുതിയ രുചികള്‍ അറിയുന്നുണ്ട്. അവരും വിപണിയെക്കുറിച്ച് ചിന്തിക്കുന്നുണ്ട് പക്ഷെ എന്തു വിറ്റായാലും നാലു കാശുണ്ടാക്കിയാല്‍ മതി എന്ന ചിന്ത അവര്‍ക്കില്ല. അതിനെ അംഗീകരിക്കുന്നതിന് പകരം മുന്നും പിന്നും നോക്കാതെയുള്ള മോഷണാരോപണങ്ങള്‍, ഉണ്ടായി വരുന്ന പുതിയ വെളിച്ചത്തെ തല്ലിക്കെടുത്തുകയാവും ചെയ്യുക എന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ. ഒപ്പം ഒന്നുകൂടി ഓര്‍മ്മിക്കുന്നത് നന്നാവും സിനിമ എന്ന കലര്‍പ്പില്ലാത്ത കലാവസ്തു എല്ലാ കലര്‍പ്പില്ലാത്ത കാലാവസ്തുക്കളെയും പോലെ എല്ലാക്കാലത്തും ജനപ്രിയമല്ലാതെ മാത്രമേ നിലനില്‍ക്കുകയുള്ളൂ. ജനപ്രിയ സിനിമ പക്ഷെ തെറ്റല്ല. എന്നു പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more