കൊച്ചി: സ്ത്രീവിരുദ്ധ നിലപാടുകള്‍ ആവര്‍ത്തിക്കില്ലെന്ന നടന്‍മാരേയും അത്തരം ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയവരേയും അപഹസിച്ച് രംഗത്തെത്തിയ സംവിധായകന്‍ രഞ്ജിതിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.
ആ ഡയഗോലുകളൊന്നും കഥാപാത്രങ്ങളുടേതല്ലെന്നും സംവിധായകരുടെ ഉള്ളില്‍ ഉറഞ്ഞുകിടക്കുന്ന മാടമ്പിത്തരത്തിന്റേയാണെന്നും മനസിലാക്കാന്‍ രഞ്ജിതിന്റെ വിശദീകരണം മാത്രം മതിയെന്നും താരങ്ങള്‍ തിരുത്തിയാല്‍ മാത്രം കാര്യമില്ല തിരുത്തേണ്ടത് സംവിധായകരും രചയിതാക്കളും തന്നെയാണെന്നും സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു.
തന്റെ സിനിമകളിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ താന്‍ തിരുത്തിയെഴുതാമെന്നു പറഞ്ഞ രഞ്ജിത് ലേഖകന്റെ ഭാര്യാ പിതാവ് അന്തരിച്ചുപോയ ടി. ദാമോദരന്റെ ചിത്രത്തിലെ സ്ത്രീവിരുദ്ധ ഭാഷണങ്ങള്‍ ആര് മാറ്റിയെഴുതുമെന്ന് ചോദിച്ചിരുന്നു.
“കള്ളുകുടി നിര്‍ത്തിയത് നന്നായി ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്തേനെ” എന്ന സ്പിരിറ്റിലെ ഡയലോഗ് “ഈ നിമിഷം ഭവതിയോടു തോന്നിയ ശാരീരികാകര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു. എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു.” എന്ന രീതിയില്‍ മാറ്റിയെഴുതുന്നു.” എന്നായിരുന്നു രഞ്ജിത് കുറിപ്പില്‍ പറഞ്ഞത്. – ഇതിനെതിരെയാണ് സനല്‍കുമാര്‍ ശശിധരന്‍ രംഗത്തെത്തിയത്.
“”ലേഖനകര്‍ത്താവിന്റെ ഭാര്യാപിതാവ് അന്തരിച്ചുപോയ…”” തനിക്കിഷ്ടമില്ലാത്തത് പറഞ്ഞാല്‍ തന്തക്ക് ( പറ്റിയില്ലെങ്കില്‍ ഭാര്യാപിതാവിനെയെങ്കിലും) വിളിക്കുമെന്നുള്ള ഒരുതരം ചൊറിച്ചിലുണ്ടല്ലോ അതില്‍ നിന്നാണ് ഇത്തരം ഡയലോഗുകളും പിറക്കുന്നതെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു.
താരങ്ങള്‍ തിരുത്തിയാല്‍ മാത്രം കാര്യമില്ല തിരുത്തേണ്ടത് സംവിധായകരും രചയിതാക്കളും തന്നെയാണ്. പക്ഷേ നിരൂപകരെ തന്തക്ക് വിളിക്കുമെങ്കിലും താരങ്ങള്‍ വരച്ച വരയ്ക്കപ്പുറം പോകാന്‍ ഇത്തിരി പുളിക്കും ഈ വീമ്പുകാര്‍ക്ക്. അതുകൊണ്ട് താരങ്ങള്‍ തിരുത്തിയാലും മതി. സംഗതി കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ടെന്നും സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു.