Daily News
'നാണമുണ്ടോ സാറന്മാരേ ഇങ്ങനെ നിലവാരം കുറഞ്ഞ കളി കളിക്കാന്‍?'; സെ്കസി ദുര്‍ഗയ്‌ക്കെതിരായ ചലച്ചിത്ര അക്കാദമിയുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടി സനല്‍കുമാര്‍ ശശിധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Oct 20, 07:55 am
Friday, 20th October 2017, 1:25 pm

കോഴിക്കോട്: കേരള ചലച്ചിത്ര അക്കാദമിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. കേരളാ ചലച്ചിത്ര അക്കാദമി സെക്‌സി ദുര്‍ഗ എന്ന സിനിമയുടെ കാര്യത്തില്‍ കളിക്കുന്ന കളി ചരിത്രത്തില്‍ തങ്കലിപികളില്‍ കുറിക്കപ്പെടേണ്ടവയാണെന്ന് സനല്‍കുമാറിന്റെ വിമര്‍ശനം. സിനിമയുടെ സംവിധായകനും നിര്‍മ്മാതാവിനും ഇടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ അക്കാദമി ശ്രമിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

തന്റെ സിനിമയായ സെക്‌സി ദുര്‍ഗ ഐഎഫ്‌കെയില്‍ സബ്മിട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അക്കാദമി മെയിലയച്ചതനുസരിച്ച് സിനിമ മത്സരവിഭാഗത്തിലേക്ക് സമര്‍പ്പിച്ചുവെന്നും എന്നാല്‍ സിനിമയെ പരിഗണിച്ചത് മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലായിരുന്നുവെന്നും സനല്‍ പറയുന്നു.

തുടര്‍ന്ന് മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ സിനിമ കാണിക്കാന്‍ താല്പര്യമില്ലെന്ന് താന്‍ വ്യക്തമാക്കിയപ്പോള്‍ രേഖാമൂലം അറിയിക്കണം എന്ന് അക്കാദമി ആവശ്യപ്പെട്ടതിനനുസരിച്ച് മെയിലും അയച്ചുവെന്നും സനല്‍ പറയുന്നു. പിന്നീട് അക്കാദമി ചെയര്‍മാന്‍ ഉള്‍പ്പെടെ അക്കാദമിയുമായി ബന്ധമുള്ള പലരും വിളിച്ച് സിനിമ മറ്റേതെങ്കിലും വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ എതിര്‍പ്പുണ്ടോ എന്ന് ചോദിക്കുകയും ഇല്ല എന്ന് അറിയിക്കുകയും ചെയ്തുവെന്നും സനില്‍ പറയുന്നു.


Also Read: ‘ശ്രുതിയുടെ അസാമാന്യ ധൈര്യത്തെ അഭിനന്ദിക്കുന്നു, യോഗാ കേന്ദ്രത്തിനോ മാതാപിതാക്കള്‍ക്കോ അവരെ കൊണ്ടുപോകാനാവില്ല:’ ഹൈക്കോടതി


എന്നാല്‍ ഇതിനിടെ ചിത്രത്തിന്റെ നിര്‍മ്മാതാവിന് അക്കാദമി മെയില്‍ അയച്ചു. അതില്‍ പറഞ്ഞിരുന്നത് ചിത്രത്തെ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തുവെന്നും എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ അത് നിരസിച്ചുവെന്നുമായിരുന്നു. ഇത് തുറന്നു കാട്ടിയാണ് സനല്‍കുമാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

“എന്താ അക്കാദമീ ഇതിന്റെ അര്‍ത്ഥം? സിനിമയുടെ ഡയറക്ടറും പ്രൊഡ്യൂസറും ആലോചിക്കാതെയാണ് സിനിമയുടെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതെന്നോ? അതോ രണ്ടുപേര്‍ക്കും ഇടയില്‍ ഇത്തിരി കുത്തിത്തിരിപ്പ് ഉണ്ടാക്കി സിനിമയ്ക്കിട്ട് പണികൊടുക്കാമെന്നോ. സിനിമയുടെ ഉന്നമനത്തിന് എന്ന പേരില്‍ സ്ഥാപിക്കപ്പെട്ട സ്ഥാപനം ഇത്ര അധഃപതിക്കാമോ?” സനല്‍കുമാര്‍ ചോദിക്കുന്നു.

്അക്കാദമിയുടെ മെയിലിന് പ്രൊഡ്യൂസര്‍ നല്‍കിയ മറുപടി ഇതായിരുന്നു.” നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിലും പ്രദര്‍ശിപ്പിച്ച ചിത്രമാണ് സെക്‌സി ദുര്‍ഗ. അവാര്‍ഡുകളും നേടിയിട്ടുണ്ട്. ചിത്രം ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. ലോക സിനിമ വിഭാഗത്തിലോ ഉദ്ഘാടന ചിത്രമായോ അല്ലെങ്കില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് ആഗ്രഹം.” പിന്നാലെ ചലച്ചിത്രമേളയുടെ നിയമം അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് അത് അക്കാദമി തളളുകയായിരുന്നു.

“നാണമുണ്ടോ സാറമ്മാരെ ഇങ്ങനെ നിലവാരം കുറഞ്ഞ കളി കളിക്കാന്‍. അക്കാദമിയുടെ ഏത് റൂളും പ്രൊസീജിയറും അനുസരിച്ചാണ് മുകളില്‍ പറഞ്ഞ കുബുദ്ധിനിറഞ്ഞ മെയില്‍ അയക്കപ്പെട്ടത്?” സനല്‍കുമാര്‍ ചോദിക്കുന്നു.

പ്രൊഡ്യൂസറോട് ഡബിള്‍ ചെക്ക് ചെയ്യുക എന്നത് ഏത് കീഴ് വഴക്കമാണ്. ഏത് റൂളും പ്രൊസീജിയറും അനുസരിച്ചാണ് സബ്മിട് ചെയ്യപ്പെട്ട വിഭാഗത്തിലല്ലാതെ ഒരു സിനിമയെ പരിഗണിച്ചതെന്നും അദ്ദേഹം ചോദിക്കുന്നു. ഇത്തരം കുത്സിതപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും നല്ലതല്ലേ സിനിമകളെ എങ്ങനെ തകര്‍ക്കാം എന്ന ഗവേഷണത്തിന് ഫണ്ടുകൊടുക്കുന്നതെന്നും അദ്ദേഹം പറയുന്നു.