|

കെ.സി.എച്ച്.ആര്‍ ഡയറക്ടറായി ഡോ.പി.സനല്‍ മോഹന്‍ ചുമതലയേറ്റു; കൗണ്‍സിലിന്റെ ചരിത്രത്തിലെ ആദ്യ ദളിത് ഡയറക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ (കെ.സി.എച്ച്.ആര്‍.) ഡയറക്ടറായി പ്രമുഖ ചരിത്രകാരനും എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് വിഭാഗം തലവനുമായിരുന്ന പ്രൊഫ. പി.സനല്‍ മോഹന്‍ ചുമതലയേറ്റു. ദളിത് വിഭാഗത്തില്‍ നിന്നും കെ.സി.എച്ച്.ആറില്‍ ഡയറക്ടറായെത്തുന്ന ആദ്യത്തെയാളാണ് സനല്‍ മോഹന്‍.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, ജര്‍മനിയിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട്, അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ വിസിറ്റിങ് ഫെലോ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊളോണിയല്‍ മോഡേണിറ്റി, താരതമ്യചരിത്രം എന്നിവയില്‍ ഒട്ടേറെ പ്രബന്ധങ്ങളും നാല് ഗ്രന്ഥങ്ങളും സനല്‍ മോഹന്റേതായുണ്ട്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ഫില്‍ ബിരുദത്തിന് ശേഷം കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ അധ്യാപകനായ സനല്‍ കണ്ണൂര്‍ സ്വദേശിയാണ്. 1993ല്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് സയന്‍സസില്‍ അധ്യാപകനായി വന്ന സനല്‍ മോഹന്‍ ഇപ്പോഴത്തെ സകൂള്‍ ഡയരക്ടര്‍ കൂടിയാണ്.

എത്തനോഗ്രഫി, കൊളോണിയല്‍ മോഡേണിറ്റി, കമ്പാരറ്റീവ് ഹിസ്റ്ററി തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണം നടത്തുകയും പ്രശസ്ത ജേര്‍ണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

2007 ല്‍ ഡോക്ടര്‍ നിസാര്‍ അഹമ്മദിന്റെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി നേടിയ ശേഷം 2008 ല്‍ അറ്റ്‌ലാന്റയിലെ എമറി യൂണിവേഴ്‌സിറ്റിയില്‍ നിന്നും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം പൂര്‍ത്തിയാക്കി.

ന്യൂയോര്‍ക്കിലെ പ്രശസ്തമായ ഗവേഷണ സ്ഥാപനമായ സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍ ഫെലോ ആയിരുന്ന ഇദ്ദേഹം കേരളത്തിലെ ദളിതരുടെ മതപരമായ ആചാരങ്ങളെ സംബന്ധിച്ചും പഠനം നടത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഫെലോ ആയിരുന്ന സനല്‍ നിലവില്‍ യൂണിവേഴ്‌സിറ്റി ഓഫ് കോമണ്‍ വെല്‍ത്ത് സ്റ്റഡീസില്‍ ഗ്ലോബല്‍ ക്രിസ്ത്യാനിറ്റി ആന്റ് ട്രാന്‍സ്‌ഫോമിഷന്‍ ദളിത് ഇന്‍ കൊളോണിയല്‍ ആന്‍ഡ് പോസ്റ്റ കൊളോണിയല്‍ കേരള എന്ന വിഷയത്തില്‍ ഗവേഷണം നടത്തി വരുന്നു.

2015ല്‍ മോഡേണിറ്റി ഓഫ് സ്ലേവറി എന്ന പുസ്തകം ഒക്‌സഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ചു. കൂടാതെ കെ.സി.എച്ച്.ആര്‍ പ്രസിദ്ധീകരിച്ച തെക്കേതില്‍ കുടുംബ ചിത്രം 2018 എന്ന ദളിത് കുടുംബ ചരിത്രം എഡിറ്റു ചെയ്യുകയും ചെയ്തിരുന്നു.