| Wednesday, 3rd July 2019, 11:48 am

ഫൈറ്റും പ്രണയവും ഒഴിവാക്കി സ്വച്ഛ് ഭാരത് പോലെയുള്ള പരിപാടികള്‍ക്കായി സിനിമ മാറ്റിവെയ്ക്കണം; മദ്യപാന- പുകവലി രംഗങ്ങള്‍ വേണ്ടെന്ന നിര്‍ദേശത്തിനെതിരെ സനല്‍കുമാര്‍ ശശിധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മദ്യപാന പുകവലി രംഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയാല്‍ മാത്രമെ സിനിയ്ക്കും സീരിയലുകള്‍ക്കും സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാവൂ എന്ന നിയമസഭാ സമിതിയുടെ ശുപാര്‍ശക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.

മദ്യപാന-പുകവലി രംഗങ്ങള്‍ മാത്രമല്ല ഫൈറ്റും പ്രണയവും പാട്ടും ഉള്‍പ്പെടെ എല്ലാം ഒഴിവാക്കി സിനിമ സാത്വികമാക്കണമെന്നായിരുന്നു സനല്‍ കുമാര്‍ ശശിധരന്റെ വിമര്‍ശനം.

”സ്വച്ഛ് ഭാരത് പോലെയുള്ള പരിപാടികള്‍ക്ക് വേണ്ടി സിനിമ മാറ്റിവെയ്ക്കണം. ഇറാനിലൊക്കെ സിനിമകള്‍ക്ക് കുറേ നിബന്ധനകളുണ്ട്. അതിനേക്കാള്‍ കര്‍ക്കശമാക്കണം. ഉത്തരകൊറിയയിലൊക്കെ സിനിമ സര്‍ക്കാര്‍ തന്നെ സ്പോണ്‍സര്‍ ചെയ്യുകയാണ്. നമുക്കും അങ്ങനെയൊക്കെ ആക്കണം.

ഒരു വെറൈറ്റി ആകട്ടെ. ലോകസിനിമയ്ക്ക് നല്‍കുന്ന സംഭാവനയില്‍ നമ്മള്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിക്കും. കേരളത്തില്‍ തന്നെയാണ് ഇത് തുടങ്ങേണ്ടത്. കേരളം ഇന്ത്യയ്ക്ക് മാതൃകയാകണം, പിന്നെ ഇന്ത്യ ലോകത്തിന് മാതൃകയാകണം. നല്ല കാര്യമാണ്”- ദ ക്യൂവിനോട് പ്രതികരിക്കവേ സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു.

താന്‍ മാത്രമല്ല എല്ലാവരും സെന്‍സറിങ്ങിന്റെ ഇരയാണെന്നും പക്ഷെ ആരും മിണ്ടുന്നില്ലെന്നും സെന്‍സറിങ്ങിന് എതിരെ പോയാല്‍ വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്നതിലാണ് അതെന്നും സനല്‍ കുമാര്‍ ശശിധരന്‍ വ്യക്തമാക്കി.

കുട്ടികള്‍ അനുകരിക്കുമെന്നതിനാലാണ് മദ്യപാന പുകവലി രംഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് ശുപാര്‍ശ ചെയ്തത് എന്നാണ് നിയമസഭാ സമിതി അറിയിച്ചത്.

സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെതാണ് റിപ്പോര്‍ട്ട്. പി ആയിഷ പോറ്റി എം.എല്‍.എയാണ് സമിതിയുടെ അധ്യക്ഷ.

നിലവില്‍ മദ്യപാന രംഗങ്ങളും പുകവലിക്കുന്ന രംഗങ്ങളും കാണിക്കുമ്പോള്‍ നിയമപരമായി മുന്നറിയിപ്പു നല്‍കണമെന്നാണ് ചട്ടം. 2015 ലെ കണക്ക് പ്രകാരം എട്ട് ലക്ഷം ഭിന്നശേഷിക്കാരാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്നും ശുപാര്‍ശയിലുണ്ട്.

പ്രതിമാസം 5000 രൂപയില്‍ താഴെമാത്രം പെന്‍ഷന്‍ ലഭിക്കുന്ന ഭിന്നശേഷിക്കാരായ സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് വികലാംഗ പെന്‍ഷന്‍ കൂടി നല്‍കണം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളണം, ഭൂരഹിത ഭവനരഹിത എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ലൈഫ് മിഷന്‍ പ്രത്യേക വിഭാഗമായി ഉള്‍പ്പെടുത്തണം എന്നിവയാണ് മറ്റ് ശുപാര്‍ശകള്‍.

We use cookies to give you the best possible experience. Learn more