'അഹങ്കാരമെന്ന് വിളിച്ചാലും സാരമില്ല'; കേരള അന്തര്‍ദ്ദേശീയചലച്ചിത്രോത്സവത്തില്‍ നിന്ന് 'സെക്സി ദുര്‍ഗ' പിന്‍വലിക്കുന്നുവെന്ന്  സനല്‍കുമാര്‍ ശശിധരന്‍
Daily News
'അഹങ്കാരമെന്ന് വിളിച്ചാലും സാരമില്ല'; കേരള അന്തര്‍ദ്ദേശീയചലച്ചിത്രോത്സവത്തില്‍ നിന്ന് 'സെക്സി ദുര്‍ഗ' പിന്‍വലിക്കുന്നുവെന്ന്  സനല്‍കുമാര്‍ ശശിധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st September 2017, 11:04 pm

കോഴിക്കോട്: കേരള അന്തര്‍ദ്ദേശീയചലച്ചിത്രോത്സവത്തില്‍ നിന്ന് തന്റെ ചിത്രമായ “സെക്സി ദുര്‍ഗ” പിന്‍വലിക്കുന്നുവെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. അന്താരാഷ്ട്ര വേദികളില്‍ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സെക്സി ദുര്‍ഗയെ മേളയില്‍ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കാത്തതിനാലാണ് സംവിധായകന്റെ പ്രതിഷേധം.

ടേക്ക് ഓഫ്, അങ്കമാലി ഡയറീസ്, കറുത്ത ജൂതന്‍, തൊണ്ടിമുതലും ദൃക്സാക്ഷിയും, മറവി, അതിശയങ്ങളുടെ വേനല്‍ എന്നിവയ്‌ക്കൊപ്പം “മലയാള സിനിമ ഇന്ന്” എന്ന വിഭാഗത്തിലാണ് സനല്‍ കുമാറിന്റെ സെക്സി ദുര്‍ഗയെ തിരഞ്ഞെടുത്തിരിക്കുന്നത്.


Also Read:  ‘ചരിത്രം കുറിച്ച് ചൈനമാന്‍’; 26 വര്‍ഷത്തിന് ശേഷം ഏകദിനത്തില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യന്‍ താരം; കുല്‍ദീപിന്റെ ഹാട്രിക്ക് പ്രകടനം കാണാം


അംഗീകാരത്തിന് ചലചിത്ര അക്കാദമിയോട് നന്ദി പറഞ്ഞ സംവിധായകന്‍ ചിത്രം മേളയില്‍ നിന്ന് പിന്‍വലിക്കുന്നതായി ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം അറിയിച്ചു. തന്റെ തിരുമാനത്തെ അഹങ്കാരമെന്ന് വിളിച്ചാലും സാരമില്ല, താല്‍പര്യമില്ലാത്ത എല്ലാ ഉദ്യമങ്ങളെയും ഇല്ലായ്മചെയ്യുന്ന മലയാളി മനോരോഗത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നാണ് സനല്‍കുമാര്‍ പയുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഐ എഫ് എഫ് കെയിലെ മലയാളം സിനിമകളുടെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചിത്രങ്ങള്‍ക്കും പിന്നണിപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. സെക്സി ദുര്‍ഗയും മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വളരെ സന്തോഷം. ഐഎഫ്എഫ്കെയും ചലച്ചിത്ര അക്കാദമിയും മലയാളം സിനിമകളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന ആത്മാര്‍ഥമായ ശ്രമങ്ങള്‍ മനസിലാക്കുന്നു.

സെക്സി ദുര്‍ഗ ഇതിനകം പല രാജ്യങ്ങളിലെ നാല്‍പതിയഞ്ചിലധികം ഫിലിം ഫെസ്ടിവലുകളില്‍ തെരഞ്ഞെടുക്കപ്പെടുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. റോട്ടര്‍ഡാം ഫിലിം ഫെസ്റിവലില്‍ ടൈഗര്‍ അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന അംഗീകാരവുമായിട്ടായിരുന്നു ചിത്രത്തിന്റെ യാത്രാരംഭം. സെക്സി ദുര്‍ഗയ്ക്ക്, ഐഎഫെഫ്കെയില്‍ പ്രദര്‍ശിപ്പിക്കുക വഴി അക്കാദമിയില്‍ നിന്നും മലയാള സിനിമയെന്ന നിലയില്‍ പ്രോത്സാഹനം ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അത്തരം പ്രോത്സാഹനം ആവശ്യമുള്ള വേറെ ഏതെങ്കിലും ചിത്രത്തിന് അത് ലഭിക്കട്ടെ എന്ന ആഗ്രഹത്തോടെ സെക്സി ദുര്‍ഗ ഫെസ്റിവലില്‍ നിന്നും പിന്‍വലിക്കുന്നു.

ഇതിനെ അഹങ്കാരമെന്നൊക്കെ വിളിച്ച് ഒരുപാടുപേര്‍ മുന്നോട്ട് വരുമെന്ന ഉറച്ച ബോധ്യമുണ്ട്. ഓചിത്യബോധമില്ലായ്മയെ അഹങ്കാരം കൊണ്ടെങ്കിലും നേരിട്ടില്ലെങ്കില്‍ പിന്‍കാല്‍ കൊണ്ട് തൊഴിച്ചും കണ്ടില്ലെന്നു നടിച്ചും തങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത എല്ലാ ഉദ്യമങ്ങളെയും ഇല്ലായ്മചെയ്യുന്ന മലയാളി മനോരോഗത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. ക്ഷമിക്കണം. സെക്സി ദുര്‍ഗ ഉടന്‍ തിയേറ്ററിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സിനിമ കാണാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സിനിമ കാണാന്‍ വഴിയുണ്ടാക്കുമെന്ന് ഉറപ്പു നല്‍കുന്നു.