കൊച്ചി: വൈദ്യുതി മന്ത്രി എം.എം മണി ഫോണില്‍ തന്നെ ശകാരിച്ചെന്ന് നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ. സെക്രട്ടറിയേറ്റില്‍ സനലിന്റെ കുടുംബം നടത്തുന്ന സമരത്തിന്റെ ഭാഗമായി മന്ത്രിയെ വിളിച്ചുപ്പോള്‍ ശകാരിച്ചെന്നാണ് സനലിന്റെ ഭാര്യ വിജി പറയുന്നത്.
സനലിന് നീതി തേടി സെക്രട്ടറിയേറ്റിനു മുമ്പില്‍ കുടുംബം കഴിഞ്ഞ പത്തുദിവസമായി സമരത്തിലാണ്. സമരം പത്താംദിവസമെത്തിലെത്തിയിട്ടും സര്‍ക്കാറില്‍ നിന്നും അനുകൂല നിലപാടുണ്ടാവാത്ത സാഹചര്യത്തിലാണ് മന്ത്രിമാരെ നേരിട്ട് വിളിച്ച് കുടുംബത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്താന്‍ സമരസമിതി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി എം.എം മണിയെ വിളിച്ചപ്പോള്‍ അദ്ദേഹം ശകാരിച്ചെന്നാണ് വിജി പറയുന്നത്.
“ആരുപറഞ്ഞ് നിങ്ങളോട് വിളിക്കാന്‍, ആരാ ഇവിടെ കൊണ്ടിരുത്തിയത്. നിങ്ങള്‍ നിങ്ങളുടെ തോന്യാസത്തിനാണോ സമരം ചെയ്യുന്നത്. ജോലി തരാനുള്ള വകുപ്പൊന്നും ഇവിടെയില്ല. ” എന്നാണ് വിജി പറയുന്നത്.
35 ലക്ഷത്തിന്റെ കടബാധ്യത കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിനുണ്ട്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും വിജിയുടെ കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല. അനുകൂല നിലപാടുണ്ടാകുന്നതുവരെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വിജി അറിയിച്ചു.
നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയായിരുന്ന ഹരികുമാറുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഹരികുമാര്‍ സനലിന്റെ മറ്റൊരു വാഹത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിനു പിന്നാലെ ഹരികുമാര്‍ ആത്മഹത്യ ചെയ്തിരുന്നു.
നഷ്ടപരിഹാര തുകയായി സാധാരണ നല്‍കുന്ന 10,000 രൂപ പോലും കുടുംബത്തിനു ലഭിച്ചിട്ടില്ലെന്നാണ് സനലിന്റെ ബന്ധുക്കള്‍ പറയുന്നത്. ഇത്തരം സംഭവങ്ങുണ്ടാകുമ്പോള്‍ കുടുംബത്തിലുള്ളവര്‍ക്ക് ജോലിയും നഷ്ടപരിഹാരവും സര്‍ക്കാര്‍ നല്‍കാറുണ്ട്. അതും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരവുമായി കുടുംബം മുന്നോട്ടുപോയത്.