കോഴിക്കോട്: മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കയറ്റം’. സിനിമയുടെ ഷൂട്ടിംഗ് സമയത്തെ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവെക്കുകയാണ് സംവിധായകന്‍.
ഹിമാലയത്തിലും പരിസരപ്രദേശങ്ങളിലും ഷൂട്ട് ചെയ്ത സിനിമയുടെ ഷൂട്ടിംഗ് മാനസികമായി എളുപ്പമായിരുന്നുവെങ്കിലും ശാരീരികമായി ബുദ്ധിമുട്ടിച്ചു എന്നാണ് സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
‘കയറ്റത്തിന്റെ ചിത്രീകരണം ശാരീരികമായി ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും മാനസികമായി വളരെ എളുപ്പമായിരുന്നു. ഹിമാലയത്തിലെ മഴയിലും മഞ്ഞിലും പലപ്പോഴും ഞങ്ങള്‍ക്ക് ട്രക്ക് ചെയ്യേണ്ടി വന്നിരുന്നു. മഞ്ഞും മഴയും മഴവില്ലും ഞങ്ങള്‍ക്ക് ഒരേ സമയം ഷൂട്ട് ചെയ്യാന്‍ സാധിച്ചു. പല അപകടങ്ങളും തരണം ചെയ്താണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ഷിയ ഗോരുവിലെ നീല തടാകം ഷൂട്ട് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ചതായിരുന്നു, എന്നാല്‍ പ്രതികൂല കാലാവസ്ഥ കാരണം അതിന് സാധിച്ചില്ല. ഇപ്പോള്‍ ഷൂട്ടിംഗിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മുത്തശ്ശിക്കഥ പോലെ തോന്നുന്നു,’ എന്നാണ് സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പൂമ്പാറ്റകളെ ഷൂട്ട് ചെയ്യും പോലെയായിരുന്നു കയറ്റത്തിന്റെ ഷൂട്ടിംഗ്, മുന്‍പ് ഒരു സിനിമ ചെയ്യുമ്പോഴും ഇത്രയും എളുപ്പത്തില്‍ ഷൂട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല എന്നാണ് സനല്‍ കുമാര്‍ ശശിധരന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 2019 ആഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം നടന്നതെന്നും, ആ പൂമ്പാറ്റ ഇപ്പോഴും കൊക്കൂണില്‍ വിശ്രമിക്കുകയാണ് എന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
ബാഹുബലിയിലെ കാലകേയന്മാര്‍ക്ക് വേണ്ടി രാജമൗലി കിലിക്കി ഭാഷ രൂപകല്‍പന ചെയ്ത പോലെ ഈ സിനിമയിലും പുതിയ ഭാഷ ഉപയോഗിച്ചിട്ടുണ്ട്. ‘അഹ്ര് സംസ’ എന്നാണ് ഈ സിനിമയ്ക്കായി രൂപകല്‍പന ചെയ്ത ഭാഷയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.
അപരിചിതരായ, എന്നാല്‍ ഒന്നിച്ച് യാത്ര ചെയ്യേണ്ടി വരുന്ന രണ്ട് ആളുകളുടെ കഥയാണ് സിനിമ പറയുന്നത്. അവര്‍ തമ്മില്‍ ആശയ വിനിമയം നടത്തുന്നതിന് ഒരു പ്രത്യേക ഭാഷ ആവശ്യമായിരുന്നു. അങ്ങനെയാണ് ‘അഹ്ര് സംസ’ പിറവിയെടുക്കുന്നത് എന്നുമാണ് ഇ.ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞത്.
ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മലയാള സിനിമയ്ക്ക് ഒരുപാട് കഥാമൂല്യമുള്ള ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സനല്‍ കുമാര്‍ ശശിധരന്‍. ഒരാള്‍പ്പൊക്കം, ഒഴിവു ദിവസത്തെ കളി, സെക്സി ദുര്‍ഗ തുടങ്ങിയ ചിത്രങ്ങള്‍ ഏറെ നിരൂപകശ്രദ്ധ നേടിയ സിനിമകളാണ്.