തിരുവനന്തപുരം: കേരള അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിന് സമാന്തരമായി സംഘടിപ്പിക്കുന്ന കിഫ് ചലച്ചിത്രോത്സവത്തിന് പണം സമാഹരിക്കാന്‍ സെക്‌സി ദുര്‍ഗയുടെ പ്രീമിയര്‍ പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍.
തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. അഞ്ഞൂറുരൂപയുടെ സംഭാവന കൂപ്പണ്‍ വിതരണം ചെയ്തുകൊണ്ട് തിരുവനന്തപുരത്ത് ഏരീസ് പ്‌ളക്‌സിലെ ഓഡി 1 ല്‍ നവംബര്‍ 16നാണ് പ്രദര്‍ശനം നടത്തുന്നത്.
ഇന്ത്യയില്‍ നിന്ന് ആദ്യമായി റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലെ ടൈഗര്‍ അവാര്‍ഡ് നേടുന്ന ചലച്ചിത്രം എന്നതുള്‍പ്പെടെ അന്താരാഷ്ട്രതലത്തില്‍ നിരവധി അവാര്‍ഡുകള്‍ സെക്‌സി ദുര്‍ഗയ്ക്ക് ലഭിച്ചിട്ടും കേരള ചലച്ചിത്ര അക്കാദമി ആ സിനിമയോട് ശത്രുതാപരമായ ഇടപെടലാണ് നടത്തുന്നതെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.
സ്വതന്ത്രസിനിമകളോടുള്ള അക്കാദമിയുടെയും IFFKയുടെയും അവഗണനയില്‍ പ്രതിഷേധിച്ചുകൊണ്ടാണ് സമാന്തരമായി ചലച്ചിത്രപ്രദര്‍ശനം നടത്തുന്നത് അദ്ദേഹം പറഞ്ഞു.
സമാന്തരപ്രദര്‍ശനം നടത്തുന്നതിനുപോലും വേദി ലഭ്യമാക്കാതിരിക്കാന്‍ ചലച്ചിത്ര അക്കാദമി അധാര്‍മികമായി ഇടപെടല്‍ നടത്തി. സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ഭാരത് ഭവന്‍ കിഫ്‌ന്റെ നടത്തിപ്പിനായി ലഭ്യമാക്കുന്നത് അക്കാദമി ഇടപെട്ട് തടയുകയാണുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ അക്കാദമിയുടേതില്‍ നിന്നും വ്യത്യസ്തമായി ഇതര സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും അനുഭാവപൂര്‍വമായ നിലപാടാണ് സെക്‌സി ദുര്‍ഗയ്ക്ക് ലഭിക്കുന്നത്. KIF ന്റെ നടത്തിപ്പിനായി ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പ്രൊജക്ഷന്‍ സൗകര്യമുള്ള ഏരീസ് പ്‌ളക്‌സ് സൗജന്യമായി ലഭ്യമാക്കാമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത് അതിന് ഏറ്റവും വലിയ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
എഴുന്നൂറുപേര്‍ക്കാണ് ഏരീസ് പ്‌ളക്‌സിലെ ഓഡി1 ല്‍ സിനിമ കാണാന്‍ അവസരമുണ്ടാവുക. സംഭാവനയായി ലഭിക്കുന്ന മുഴുവന്‍ തുകയും ഗകഎ ന്റെ നടത്തിപ്പിലേക്കായി നല്‍കുമെന്ന് നിവ് ആര്‍ട്ട് മൂവീസ് പ്രൊപ്രൈറ്ററും സെക്‌സി ദുര്‍ഗയുടെ പ്രൊഡ്യൂസറുമായ ഷാജി മാത്യു അറിയിച്ചിട്ടുണ്ടെന്നും സനല്‍കുമാര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
കൂപ്പണുകള്‍ കാഴ്ച ചലച്ചിത്രവേദി പ്രവര്‍ത്തകര്‍ വഴി വിതരണം ചെയ്യുമെന്നും. താല്പര്യമുള്ളവര്‍ കാഴ്ച ചലച്ചിത്രവേദിയുടെ kfftvm@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടാനും അദ്ദേഹം അറിയിച്ചു.