| Tuesday, 13th March 2018, 10:57 am

നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ അവകാശികള്‍, ഇവരെ നിങ്ങള്‍ കണ്ടിട്ടില്ലാ; നിങ്ങളുടെ ഉദ്ദേശം സാധാരണക്കാരന് മനസ്സിലാകുന്നുണ്ട്; കെ. സുരേന്ദ്രനെതിരെ സനല്‍ കുമാര്‍ ശശിധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:സി.പി.ഐ.എമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ അരലക്ഷത്തിലേറെപ്പേര്‍ ഒരുമിച്ച കിസാന്‍ ലോങ്ങ് മാര്‍ച്ചിലൂടെ ദളിതരും ആദിവാസികളും അടങ്ങുന്ന കര്‍ഷകര്‍ ലക്ഷ്യം വച്ചത് കലാപമായിരുന്നുവെന്ന ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍.

പാക്കിസ്ഥാനെതിരെ വാങ്ങിക്കൂട്ടിയ പടക്കോപ്പുകള്‍ സ്വന്തം ജനതക്കെതിരെ തിരിച്ചുപിടിക്കാനുള്ള ആഹ്വാനങ്ങളാണ് ബി.ജെ.പി നേതാക്കന്മാര്‍ നടത്തുന്നതെന്നും അടുത്ത ലോക്‌സഭാ ഇലക്ഷന്‍ വരെ സമരം ചെയ്യുന്ന എല്ലാ ആള്‍ക്കാരും ഒന്നുകില്‍ മാവോവാദികളോ അല്ലെങ്കില്‍ വിധ്വംസക ശക്തികളോ ആയി മുന്‍കൂര്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നും സനല്‍ കുമാര്‍ ശശിധരന്‍ പറയുന്നു.


Also Read ഗൗരി ലങ്കേഷ് വധത്തിന് പിന്നാലെ ലക്ഷ്യം വെച്ചത് കെ.എസ് ഭഗവാനെ വധിക്കാന്‍; ചുമതലയേറ്റെടുത്ത പ്രതിയെ പൊലീസ് പിടികൂടിയത് കൃത്യനിര്‍വഹണത്തിന് തൊട്ടുമുന്‍പ്


സമരം സംഘടിപ്പിച്ചത് സി.പി.ഐ.എമ്മോ മാവോയിസ്റ്റോ ആരോ ആവട്ടെ മിസ്റ്റര്‍ സുരേന്ദ്രന്‍, അവരുടെ കയ്യില്‍ ആകെയുണ്ടായിരുന്ന ആയുധം സഹനത്തിന്റേതായിരുന്നു.

നിങ്ങളുടെ ചെറിയ ഉദ്ദേശം സാധാരണക്കാരന് മനസ്സിലാകുന്നുണ്ട്. ഉയര്‍ന്നുവരുന്ന സമരങ്ങളെയൊക്കെ വിധ്വംസക പ്രവര്‍ത്തനമാക്കുന്ന കളിക്കുപിന്നില്‍ ഒരു അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ ഭീഷണി ഒളിച്ചിരിക്കുന്നില്ലേ എന്നാണ് സംശയമെന്നും സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നടന്നു നടന്ന് കാലും മനസും തേഞ്ഞ പാവം മനുഷ്യരെയാണ് അവര്‍ മാവോയിസ്റ്റുകള്‍ എന്ന് വിളിക്കുന്നത്. നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ അവകാശികള്‍ ഇവരെ നിങ്ങള്‍ കണ്ടിട്ടില്ല. നിങ്ങളുടെ കണ്ണില്‍ അംബാനിമാരും അദാനിമാരും നിറഞ്ഞുകിടക്കുമ്പോള്‍ എങ്ങനെ കാണുമെന്നും സനല്‍ കുമാര്‍ ശശിധരന്‍ ചോദിക്കുന്നു.

നിങ്ങളിപ്പോള്‍ കാണുന്നത് ഇന്ത്യയിലെ അടിസ്ഥാനവര്‍ഗം സ്വപ്നം കാണാന്‍ തുടങ്ങിയതിന്റെ ചലനമാണ്. ഇത് തുടക്കം മാത്രം. നിങ്ങളുടെ ദൈവത്തിന് അമ്പലം പണിയലാണ് രാജ്യത്തിന്റെ ആദ്യത്തേയും അവസാനത്തെയും ആവശ്യം എന്ന നിങ്ങളുടെ മസ്തിഷ്‌ക പ്രക്ഷാളനത്തെ അവര്‍ അതിജീവിച്ച് തുടങ്ങി എന്നതിന്റെ സൂചനയാണ്. ഇത് ഇത്രപെട്ടെന്ന് സംഭവിക്കുമെന്ന് നിങ്ങളാരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഞാനും. പക്ഷെ സത്യം ഇടിവെട്ടുപോലെ വരുമെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അടുത്ത ലോക്‌സഭാ ഇലക്ഷന്‍ വരെ സമരം ചെയ്യുന്ന എല്ലാ ആള്‍ക്കാരും ഒന്നുകില്‍ മാവോ വാദികളോ അല്ലെങ്കില്‍ വിധ്വംസക ശക്തികളോ ആയി മുന്‍കൂര്‍ പ്രഖ്യാപിച്ചിരിക്കുന്നു. അവരെല്ലാം വലിയ കലാപകാരികളാണ്. പാക്കിസ്ഥാനെതിരെ വാങ്ങിക്കൂട്ടിയ പടക്കോപ്പുകള്‍ സ്വന്തം ജനതക്കെതിരെ തിരിച്ചുപിടിക്കാനുള്ള ആഹ്വാനങ്ങളാണ് ബിജെപിനേതാക്കന്മാര്‍ നടത്തുന്നത്.

നടന്നു നടന്ന് കാലും മനസും തേഞ്ഞ പാവം മനുഷ്യരെയാണ് അവര്‍ മാവോയിസ്റ്റുകള്‍ എന്ന് വിളിക്കുന്നത്. നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ അവകാശികള്‍ ഇവരെ നിങ്ങള്‍ കണ്ടിട്ടില്ല. നിങ്ങളുടെ കണ്ണില്‍ അംബാനിമാരും അദാനിമാരും നിറഞ്ഞുകിടക്കുമ്പോള്‍ എങ്ങനെ കാണും.

നിങ്ങളിപ്പോള്‍ കാണുന്നത് ഇന്ത്യയിലെ അടിസ്ഥാനവര്‍ഗം സ്വപ്നം കാണാന്‍ തുടങ്ങിയതിന്റെ ചലനമാണ്. ഇത് തുടക്കം മാത്രം. നിങ്ങളുടെ ദൈവത്തിന് അമ്പലം പണിയലാണ് രാജ്യത്തിന്റെ ആദ്യത്തേയും അവസാനത്തെയും ആവശ്യം എന്ന നിങ്ങളുടെ മസ്തിഷ്‌ക പ്രക്ഷാളനത്തെ അവര്‍ അതിജീവിച്ച് തുടങ്ങി എന്നതിന്റെ സൂചനയാണ്. ഇത് ഇത്രപെട്ടെന്ന് സംഭവിക്കുമെന്ന് നിങ്ങളാരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഞാനും. പക്ഷെ സത്യം ഇടിവെട്ടുപോലെ വരും.

സമരം സംഘടിപ്പിച്ചത് സി.പി.ഐ.എമ്മോ മാവോയിസ്റ്റോ ആരോ ആവട്ടെ മിസ്റ്റര്‍ സുരേന്ദ്രന്‍ അവരുടെ കയ്യില്‍ ആകെയുണ്ടായിരുന്ന ആയുധം സഹനത്തിന്റേതായിരുന്നു.

നിങ്ങളുടെ ചെറിയ ഉദ്ദേശം സാധാരണക്കാരന് മനസ്സിലാകുന്നുണ്ട്. ഉയര്‍ന്നുവരുന്ന സമരങ്ങളെയൊക്കെ വിധ്വംസക പ്രവര്‍ത്തനമാക്കുന്ന കളിക്കുപിന്നില്‍ ഒരു അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ ഭീഷണി ഒളിച്ചിരിക്കുന്നില്ലേ എന്നാണ് സംശയം.

We use cookies to give you the best possible experience. Learn more