‘അശ്വിന്റെ പന്തുകള്‍ നേരിടുന്നത് അയാളുമായി ചെസ്സ് കളിക്കുന്നത് പോലെ ആണ്’. വിഖ്യാതമായ ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പായി ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റര്‍ മാര്‍നസ് ലാബുഷാന്‍ പറഞ്ഞ വാക്കുകളെ അക്ഷരം പ്രതി ശരിയാക്കികൊണ്ടാണ് അയാള്‍ കളംനിറഞ്ഞാടിയത്.
മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ 233 റണ്‍സിന്റെ കടവുമായി ഇറങ്ങിയ ഓസ്ട്രേലിയന്‍ ടീമിന് മുമ്പില്‍ ചതുരംഗ പലകയില്‍ രജ്ഞിയെയും ബിഷപ്പിനെയും അക്രമണത്തിന് സജ്ജമാക്കുന്ന ‘e’ പോണ്‍ പുഷ് ചെയ്ത് അയാള്‍ കളി തുടങ്ങുകയാണ്.
അടുത്ത നീക്കത്തില്‍ വിഖ്യാതമായ ‘ഫ്രൈഡ് ലിവര്‍ അറ്റാക്കിന്റെ’ രൂപത്തില്‍ ബിഷപ് ബോര്‍ഡിന്റെ മധ്യഭാഗത്തേക്കും നൈറ്റ് വലതു വശത്തിലൂടെയും കടന്നു വരികയാണ്.
ബിഷപ്പും നൈറ്റും ഉപയോഗിച്ചുള്ള അയാളുടെ അക്രമണത്തെ രണ്ട് നൈറ്റ് കൊണ്ടുള്ള സംയുക്ത പ്രതിരോധത്തിലൂടെ തളയ്ക്കുവാനാണ് എതിരാളി ശ്രമിക്കുന്നത്.
ബിഷപ്പിനും നൈറ്റിനുമിടയിലേക്ക് ഒരു പോണ്‍ നൈസ് ആയി തള്ളിക്കൊടുത്ത് അക്രമണങ്ങളെ തടയുകയും അയാളുടെ നൈറ്റിനെ കിങ് കൊണ്ടും, ബിഷപ്പിനെ രാജ്ഞി കൊണ്ടും അനായാസം വെട്ടികളഞ്ഞ് കളിയില്‍ അധിപത്യം നേടി എന്ന് എതിരാളി വിചാരിച്ച ആ നിമിഷത്തില്‍ എതിരാളിയുടെ രാജ്ഞിയെ ബോര്‍ഡില്‍ തറപറ്റിച്ചു കൊണ്ട് അയാളുടെ രാജ്ഞി ചെക്ക് മേറ്റോാടെ രംഗപ്രവേശം ചെയ്യുകയാണ്.
വെറും ഒന്‍പതു നീക്കം കൊണ്ടു എതിരാളി തോല്‍വി രുചിക്കുകയാണ്.
ഗെയിം ഓവര്‍!!
അശ്വിന്‍ എന്ന ഗ്രാന്‍ഡ് മാസ്റ്റര്‍ അയാള്‍ക്കു മാത്രം സാധ്യമായ രീതിയില്‍ എതിരാളികള്‍ക്ക് മുന്നില്‍ അവര്‍ക്കൊരിക്കലും ഊരിപ്പോരാനാകാത്ത രീതിയില്‍ വാരിക്കുഴിയൊരുക്കി കളി ആസ്വദിച്ചു കളിക്കുകയാണ്.
ഏറ്റവും കുറവ് മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ 5 വിക്കറ്റ് നേട്ടം കൈവരിച്ച ഇന്ത്യന്‍ ബൗളര്‍.
ഏറ്റവും വേഗത്തില്‍ 50, 100, 150, 200, 250,300, 350, 400, 450 വിക്കറ്റുകള്‍ സ്വന്തമാക്കിയ ഇന്ത്യക്കാരന്‍.
3,000 റണ്‍സും 450 വിക്കറ്റുകളുമുള്ള ഒരേയൊരു ഏഷ്യാക്കാരന്‍.
ആര്‍. അശ്വിന്‍. എന്തൊരു കളിക്കാരന്‍ ആണ് അയാള്‍
Content highlight: Sanal Kumar Padmanabhan about R. Ashwin