തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സനല്‍കുമാറിന്റെ കൊലപാതകത്തില്‍ കൂട്ടുപ്രതികള്‍ കീഴടങ്ങി. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വന്നാണ് ബിനുവും ഡ്രൈവര്‍ രമേശും കീഴടങ്ങിയത്. ഇന്ന് രാവിലെയാണ് ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതിന് പിന്നാലെയാണ് കൂട്ടുപ്രതികളുടെ കീഴടങ്ങല്‍.
ബിനുവിന്റെ വീട്ടില്‍നിന്ന് ഇറങ്ങിവരുമ്പോഴായിരുന്നു സനലിന്റെ കൊലപാതകം. കൊലപാതകത്തിന് ശേഷം ഹരികുമാറിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ഡ്രൈവര്‍ രമേശായിരുന്നു.
ഇന്ന് രാവിലെയാണ് നെയ്യാറ്റിന്‍കര കൊലപാതകകേസ് പ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്തത്. കല്ലമ്പലത്തെ വീട്ടിലാണ് ഹരികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിത്. കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹരികുമാര്‍ തിരുവനന്തപുരത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അദ്ദേഹം വീട്ടിലെത്തിയെന്നും വിവരമുണ്ടായിരുന്നു.
Also Read: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ വ്യാഴാഴ്ച്ച സര്‍വകക്ഷിയോഗം
ഈ മാസം ഏഴിന് കൊടങ്ങാവിളയില്‍ സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്ന കെ.ബിനുവിന്റെ വീടിനു മുന്നില്‍ രാത്രി പത്തരയോടെയായിരുന്നു സനലിന്റെ കൊലപാതകത്തിനു കാരണമായ സംഭവം.
അതേസമയം നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ സനല്‍കുമാറിന്റെ ഭാര്യ വിജി ഇന്ന് രാവിലെ ആരംഭിച്ച ഉപവാസം അവസാനിപ്പിച്ചു. ഹരികുമാറിനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വിജി ഇന്ന് സനല്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഉപവാസമിരിക്കുകയായിരുന്നു.
അതേസമയം പൊലീസ് സംരക്ഷണയിലാണ് ഹരികുമാര്‍ ഒളിവില്‍ താമസിച്ചതെന്ന് സനല്‍കുമാറിന്റെ കുടുംബം ആരോപിച്ചു. കേസില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കുടുംബം അറിയിച്ചു.