Advertisement
Daily News
ക്രിസ്ത്യന്‍ മതമൗലികവാദികള്‍ നാടുകടത്തിയ സനല്‍ ഇടമറുക് വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jul 22, 12:48 pm
Friday, 22nd July 2016, 6:18 pm

sanal

ബംഗളുരു: ക്രിസ്ത്യന്‍ മതമൗലികവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്ന പ്രശസ്ത യുക്തിവാദിയും ശാസ്ത്ര പ്രചാരകനുമായ സനല്‍ ഇടമറുകുമായി സംവദിക്കാന്‍ വായനക്കാര്‍ക്ക് അവസരം. ഫ്രീതിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് ഇതിനായി അവസരമൊരുക്കുന്നത്.

യുക്തിവാദം കൈകാര്യം ചെയ്യുന്ന ഏതൊരു വിഷയത്തെക്കുറിച്ചും വായനക്കാര്‍ക്ക് അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കാം. ജൂലൈ 30ന് ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉള്ള ത്രെഡ് ഫ്രീതിങ്കേഴ്‌സ് എന്ന ഗ്രൂപ്പില്‍ ലഭ്യമാകും. തുടര്‍ന്ന് വായനക്കാര്‍ക്ക് ഓഗസ്റ്റ് 4 വൈകീട്ട് 4 മണി വരെ ചോദ്യങ്ങള്‍ ചോദിക്കാം.

ജൂലൈ 31 രാവിലെ മുതല്‍ സനല്‍ ഇടമറുക് ഉത്തരങ്ങള്‍ പറഞ്ഞു തുടങ്ങും. തുടര്‍ന്ന് ഓഗസ്റ്റ് 5, 6 തിയതികളിലായി അദ്ദേഹം പൂര്‍ണ്ണമായും ഉത്തരങ്ങള്‍ പറഞ്ഞു തീര്‍ക്കും. സനല്‍ ഇടമറുകിന്റെ യുക്തിവാദ മേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍, അദ്ദേഹം നേരിടുന്ന വെല്ലുവിളികള്‍, ക്രിസ്ത്യന്‍ മത ഭീകരത, യുക്തിവാദം, സ്വാതന്ത്രചിന്ത എന്നിവ നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെല്ലാം ചോദ്യങ്ങള്‍ക്ക് വിഷയമാകാം.

ഇന്ത്യന്‍ യുക്തിവാദി സംഘത്തിന്റെ പ്രസിഡന്റും റാഷണലിസ്റ്റ് ഇന്റര്‍നാഷണലിന്റെ സ്ഥാപക പ്രസിഡന്റമായ സനല്‍ ഇടമറുക് രണ്ട് വര്‍ഷത്തോളമായി ഫിന്‍ലാന്റില്‍ നിര്‍ബന്ധിത പ്രവാസത്തിലാണ്. ഇന്ത്യയില്‍ തനിക്കെതിരെ മതനിന്ദയ്ക്ക് കേസ് നിലവിലുള്ളതിനാലാണ് സനല്‍ ഇടമറുകിന് നിര്‍ബന്ധിത പ്രവാസജീവിതം അനുഭവിക്കേണ്ടി വരുന്നത്. പ്രശസ്ത യുക്തിവാദിയും പത്രപ്രവര്‍ത്തകനുമായ ജോസഫ് ഇടമറുകിന്റെ മകനാണ് ഇദ്ദേഹം.