| Saturday, 14th April 2012, 12:26 pm

ക്രൂശിത രൂപത്തിന്റെ കാലില്‍ നിന്ന് ദിവ്യജലം; തട്ടിപ്പ് പൊളിച്ച സനല്‍ ഇടമറുകിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കൃസ്തുവിന്റെ ക്രൂശിത രൂപത്തിന്റെ കാലിനടിയില്‍ നിന്ന് വരുന്ന വെള്ളം ദിവ്യാത്ഭുതമാണെന്ന പ്രചാരണം പൊളിച്ച യുക്തിവാദി സംഘം നേതാവ് സനല്‍ ഇടമറുകിനെ കേസില്‍ കുടുക്കി അറസ്റ്റു ചെയ്യാന്‍ നീക്കം. മതനിന്ദ ആരോപിച്ചാണ് സനലിനെതിരെയുള്ള നീക്കം. മൂന്നോളം കേസുകളാണ് സനലിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിയില്‍ സനലിനെ അറസ്റ്റു ചെയ്യാന്‍ മത-രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മുംബൈയിലെ വിലെ പാര്‍ലെ പള്ളിയിലാണ് ” ദിവ്യാത്ഭുതം” ഉണ്ടായത്. ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും വന്‍ തീര്‍്ത്ഥാടന കേന്ദ്രമായി മാറുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ടി.വി 9 ചാനല്‍ സംഘത്തോടൊപ്പമാണ് സനല്‍ എത്തിയത്. ക്രൂശിത രൂപത്തിനടുത്തുള്ള ഓവു ചാലില്‍ നിന്നുള്ള വെള്ളമാണ് ക്രൂശിത രൂപത്തിന്റെ കാലിലൂടെ വരുന്നതെന്ന സനല്‍ തെളിയിക്കുകയായിരുന്നു. ഈ അഴുക്കു ചാലിലെ വെള്ളം “കാപ്പില്ലറി ബല”ത്താല്‍ ക്രൂശിതരൂപത്തിന്റെ കാലില്‍ എത്തുകയും ഇറ്റി വീഴുകയായിരുന്നു. ഇത് താനല്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്തതോടെ വിശ്വാസികള്‍ സനലിനെതിരെ തിരിഞ്ഞു.

ദിവ്യാത്ഭുതത്തെ പറ്റി കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിന് ചാനല്‍ ഒരുക്കിയ പരിപാടിയില്‍ പള്ളി വികാരി ഫാദര്‍ അഗസ്റ്റിന്‍ പാലേട്ട്, വിവിധ ക്രിസ്ത്യന്‍ സംഘടകനളുടെ പ്രതിനിധികള്‍ എന്നിവരും സനലും സന്നിഹിതരായിരുന്നു. ചര്‍ച്ചയിലും സനല്‍ ദിവ്യാത്ഭുതം തട്ടിപ്പാണെന്ന് തെളിയിച്ചു. ചര്‍ച്ചയ്ക്കിടയില്‍ ഫോണ്‍ വഴി മുംബൈ രൂപതയുടെ ഓക്‌സിലറി ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസും പങ്കെടുക്കുകയും ക്രിസ്ത്യന്‍ സഭ ശാസ്ത്രത്തിന് എതിരല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ചര്‍ച്ചയില്‍ കത്തോലിക്കാ സഭ അദ്ഭുതങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനെ സനല്‍ ഇടമറുക് നിശിതമായി വിമര്‍ശിച്ചു. സൂര്യന്‍ ഭൂമിക്ക് ചുറ്റുമല്ല, മറിച്ച് ഭൂമിയാണ് സൂര്യനെ ചുറ്റുന്നത് എന്ന ആശയം പ്രചരിപ്പിച്ച ഗലീലിയോ ഗലീലിയെ സഭ ക്രൂരമായി പീഡിപ്പിച്ച കാര്യം സനല്‍ ചൂണ്ടിക്കാട്ടി. ഈ നിലപാട് പിന്നീട് സഭ തന്നെ തിരുത്തുകയും ചെയ്തു. 1992 ഒക്ടോബര്‍ 31ന് ഗലീലിയോ വിഷയം സഭ കൈകാര്യം ചെയ്ത രീതി തെറ്റായി പോയി എന്നും കത്തോലിക്കാ സഭ ചെയ്ത തെറ്റുകള്‍ സമ്മതിക്കുന്നു എന്നും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പ്രഖ്യാപിക്കുകയും ചെയ്തു. 2008 ഡിസംബറില്‍ ഗോളശാസ്ത്രത്തിന് ഗലീലിയോ നല്‍കിയ സംഭാവനകളെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ പ്രശംസിക്കുകയും ഉണ്ടായി- ഇക്കാര്യങ്ങളെല്ലാം സനല്‍ ചൂണ്ടിക്കാട്ടി.

ചര്‍ച്ചയില്‍ സനല്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ മതനിന്ദയാണെന്നും സനല്‍ മാപ്പ് പറയണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പള്ളി വികാരിയും കൂട്ടരും ആവശ്യപ്പെട്ടതോടെ ചര്‍ച്ച ചൂടുപിടിച്ചു. സനല്‍ മാപ്പുപറയാന്‍ തയ്യാറല്ലായിരുന്നു. സനലിനെതിരെ മതനിന്ദയ്ക്ക് കേസ് കൊടുക്കുമെന്ന് ചാനല്‍ ചര്‍ച്ചയ്ക്കിടെ ക്രിസ്ത്യന്‍ സംഘടനാംഗങ്ങള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ പീനല്‍ കോഡിന്റെ ഇരുനൂറ്റി തൊണ്ണൂറ്റിയഞ്ചാം വകുപ്പ് പ്രകാരം സനലിനെതിരെ മൂന്ന് പരാതികള്‍ ഇതിനകം തന്നെ കൊടുത്തുകഴിഞ്ഞു.. അന്ധവിശ്വാസങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചിട്ടുള്ള സനലിനെതിരെയുള്ള കേസുകള്‍ക്കെതിരെ പൊതുജനങ്ങള്‍ പ്രതികരിക്കണമെന്ന് ഇന്ത്യന്‍ യുക്തിവാദി സംഘടന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more