[] ഹെല്‍സിങ്കി: അന്ധവിശ്വാസത്തിന് പിന്നിലെ രഹസ്യം ശാസ്ത്രീയമായി വിശദീകരിച്ചതിന് ഇന്ത്യന്‍ യുക്തിവാദി സംഘത്തിന്റെ പ്രസിഡന്റും റാഷണലിസ്റ്റ് ഇന്റര്‍നാഷണലിന്റെ സ്ഥാപക പ്രസിഡന്റുമായ സനല്‍ ഇടമറുക് രണ്ട് വര്‍ഷത്തോളമായി നിര്‍ബന്ധിത പ്രവാസത്തില്‍. ഫിന്‍ലാന്റിലാണ് അദ്ദേഹമിപ്പോഴുള്ളത്.
അന്ധവിശ്വാസത്തിന് പിന്നിലെ രഹസ്യം ശാസ്ത്രീയ സത്യങ്ങളുടെ പിന്‍ബലത്തോടെ വിശദീകരിച്ചതിനാണ് സനല്‍ ഇടമറുക് കേസിലകപ്പെട്ടത്. ഇന്ത്യയില്‍ തനിക്കെതിരെ കേസ് നിലവിലുള്ളതിനാലാണ് സനല്‍ ഇടമറുകിന് നിര്‍ബന്ധിത പ്രവാസ ജീവിതം നയിക്കേണ്ടി വരുന്നത്.
2012ല്‍ മുംബൈയിലെ വിലെ പാര്‍ലെ പള്ളിയിലെ ക്രിസ്തുവിന്റെ ക്രൂശിത രൂപത്തിന്റെ കാലിലൂടെ വെള്ളം ഒഴുകുന്നു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. വാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ഇത് വന്‍ തീര്‍ത്ഥാടന കേന്ദ്രമായി മാറുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ടി.വി 9 ചാനല്‍ സംഘത്തോടൊപ്പമെത്തിയ സനല്‍ ക്രൂശിത രൂപത്തിനടുത്തുള്ള ഓവു ചാലില്‍ നിന്നുള്ള വെള്ളമാണ് ക്രൂശിത രൂപത്തിന്റെ കാലിലൂടെ വരുന്നതെന്ന് ശാസ്ത്രീയമായി തെളിയിച്ചു. ഈ അഴുക്ക് ചാലിലെ വെള്ളം കാപ്പില്ലറി ബലത്താല്‍ ക്രൂശിതരൂപത്തിന്റെ കാലില്‍ എത്തുകയും ഇറ്റി വീഴുകയായിരുന്നു. ഇത് ചാനല്‍ സംപ്രേക്ഷണം ചെയ്തതോടൊണ് വിശ്വാസികള്‍ സനലിനെതിരെ തിരിഞ്ഞത്.
സനല്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ മതനിന്ദയാണെന്നും മാപ്പ് പറയണമെന്നും പള്ളി വികാരിയും കൂട്ടരും ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം മാപ്പ് പറയാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ക്രിസ്ത്യന്‍ സംഘടനാംഗങ്ങള്‍ മതനിന്ദയ്ക്ക് കേസ് കൊടുക്കുകയായിരുന്നു. മഹാരാഷ്ട്ര കാത്തലിക് യൂത്ത് ഫോറം പ്രസിഡന്റ് ആഞ്ചെലോ ഫെര്‍ണാണ്ടസ് ആണ് പരാതി നല്‍കിയത്. തുടര്‍ന്ന് മുംബൈ മെട്രോപൊളിറ്റന്‍ കോടതി ഇടമറുകിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ശാസ്ത്രബോധത്തിനും പ്രസക്തിയുള്ള ഈ കാലത്ത് 1860ലെ മതനിന്ദാ നിയമത്തിന്റെ പേരില്‍ കേസെടുക്കുന്നത് അപഹാസ്യമാണെന്ന് സനല്‍ പറയുന്നു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ കുറ്റബോധമില്ലെന്നും മറ്റുള്ളവരുടെ ഭീഷണിയ്ക്ക് വഴങ്ങി അത് മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം സനല്‍ ഇടമറുകിന് നിയമസഹായം നല്‍കാനായി രാജ്യത്തിനകത്തും പുറത്തും നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്. അവര്‍ ധനസമാഹരണം നടത്തുകയും ചെയ്യുന്നുണ്ട്. സനല്‍ ഇടമറുകിന്റെ നിര്‍ബന്ധിത പ്രവാസജീവിതം ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.