| Thursday, 1st April 2021, 11:10 pm

'ബി.ജെ.പി ഞങ്ങളെ വഞ്ചിച്ചുവെന്ന് മനസ്സിലായപ്പോഴാണ് ആ തീരുമാനമെടുത്തത്'; സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം ആ സമയത്തിന്റെ ആവശ്യമായിരുന്നുവെന്നും ബി.ജെ.പി തങ്ങളെ വഞ്ചിച്ചതിനാലാണ് ആ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

യു.പി.എയുമായി സഖ്യം തുടരുമോ അതോ എന്‍.ഡി.എയിലേക്ക് തന്നെ തിരികെപോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിനല്‍കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങള്‍ ഒരിക്കലും സൗകര്യത്തിന്റെ രാഷ്ട്രീയം കളിക്കില്ലെന്നും റാവത്ത് പറഞ്ഞു.

‘കോണ്‍ഗ്രസും എന്‍.സി.പിയുമായുള്ള സഖ്യം ആ സമയത്തിന്റെ ആവശ്യമായിരുന്നു. ബി.ജെ.പി ഞങ്ങളെ വഞ്ചിക്കുകയാണെന്ന് തോന്നിയതിനാലാണ് ആ തീരുമാനമെടുത്തത്’, റാവത്ത് പറഞ്ഞു.

മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയ്‌ക്കെതിരെയും റാവത്ത് രൂക്ഷവിമര്‍ശനമുന്നയിച്ചു. മഹാവികാസ് അഘാഡി സഖ്യത്തെ ഇല്ലാതാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തന്റെ ഇഷ്ടക്കാരായ 12 പേരെ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തതെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

‘മഹാവികാസ് അഘാഡി സഖ്യം എത്രയും പെട്ടെന്ന് പുറത്തുപോകാനാണ് ഗവര്‍ണര്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാര്‍ ഉടന്‍ താഴെ വീഴുമെന്നാണ് ഗവര്‍ണര്‍ വിചാരിക്കുന്നത്. എന്നാല്‍ ആ ആഗ്രഹം നടക്കില്ല. ഞങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുക തന്നെ ചെയ്യും’, റാവത്ത് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Sanajay Raut Slams Bjp For Cheating Shivasena

We use cookies to give you the best possible experience. Learn more