| Sunday, 7th April 2019, 10:22 pm

'ഇന്നലെവരെ കളക്ടര്‍ ടി.വി അനുപമ ഇന്നവര്‍ക്ക് അനുപമ ക്ലിന്‍സണ്‍ ജോസഫ്' ; സുരേഷ് ഗോപിയോട് വിശദീകരണം അവശ്യപ്പെട്ട അനുപമയ്ക്ക് നേരെ സൈബര്‍ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതില്‍ വിശദീകരണം തേടിയ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയ്ക്ക് നേരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. അനുപമ ക്രിസ്ത്യാനിയാണെന്നും അത് കൊണ്ടാണ് സുരേഷ് ഗോപിക്കെതിരെ നടപടിയെടുക്കുന്നതെന്നുമാണ് പ്രചരണം.

അനുപമയുടെ ഭര്‍ത്താവ് ക്ലിന്‍സണ്‍ ജോസഫിന്റെ പേര് കൂടി ചേര്‍ത്ത് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്ന് പറഞ്ഞുകൊണ്ടാണ് സംഘ പരിവാറിന്റെ പ്രചരണം. അനുപമയുടെ ഫേസ്ബുക്ക് പേജിലും സംഘപരിവാര്‍ തെറി വിളിയുമായി എത്തിയിട്ടുണ്ട്.

അനുപമ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാലാണ് വനിതാ മതിലില്‍ പങ്കെടുത്തതെന്നും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ തെറിവിളിക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്വാമി ശരണം എന്ന കമന്റുകളും പോസ്റ്റ് ചെയ്യുന്നുണ്ട്.

Also Read  എന്തിനാണ് ദൈവത്തിന്റെ പേരില്‍ മാത്രമേ വോട്ട് ചോദിക്കൂ എന്ന് വാശി പിടിക്കുന്നത്; ബി.ജെ.പിയ്‌ക്കെതിരെ പരോക്ഷവിമര്‍ശനവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

അതേസമയം ബി.ജെ.പിയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് ടി.വി അനുപമ പറഞ്ഞു. സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് തന്റെ ജോലിയുടെ ഭാഗമാണെന്നും അനുപമ പറഞ്ഞു

അതേസമയം ടി.വി അനുപമയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ വരെ ടി.വി അനുപമ എന്ന് വിളിച്ചവര്‍ക്ക് ഇന്ന് മുതല്‍ അനുപമ ക്ലിന്‍സണ്‍ ജോസഫ് ആണ് അവരെന്ന് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് ചൂണ്ടികാട്ടി. “ഹിന്ദു മെരിച്ചു അനുപമ കൊന്നു” എന്ന ട്രോളുകളും ഇറങ്ങുന്നുണ്ട്.

തൃശ്ശൂരിലെ എന്‍.ഡി.എ മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു പ്രസ്താവന.

ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണു താന്‍ വോട്ട് അപേക്ഷിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കാണിച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നു കാണിച്ചായിരുന്നു അത്.

അതേസമയം സുരേഷ് ഗോപിയെ പിന്തുണച്ചും കളക്ടറെ വിമര്‍ശിച്ചും ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണനും ഇതിനിടെ രംഗത്തുവന്നു. കളക്ടറുടെ നടപടി വിവരക്കേടാണെന്നും കളക്ടര്‍ക്ക് എടുക്കാന്‍ പറ്റുന്ന എല്ലാ നടപടിയും എടുക്കട്ടെയെന്നും എല്ലാം തങ്ങള്‍ നോക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ശബരിമലയുടെ പേരുപറഞ്ഞ് വോട്ട് പിടിക്കാനാകില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.


DoolNews Video

We use cookies to give you the best possible experience. Learn more