| Sunday, 16th July 2023, 9:22 am

50/4ല്‍ നിന്നും 215/5 എന്ന നിലയിലേക്ക് 🤯 😮; 'മുംബൈ'യെ കരയിച്ച് മുന്‍ മുംബൈ താരം

സ്പോര്‍ട്സ് ഡെസ്‌ക്

മേജര്‍ ലീഗ് ക്രിക്കറ്റില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എം.ഐ ന്യൂയോര്‍ക്കിനെ പരാജയപ്പെടുത്തി സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സ്. ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 22 റണ്‍സിന്റെ വിജയമാണ് യൂണികോണ്‍സ് സ്വന്തമാക്കിയത്. സൂപ്പര്‍ താരം കോറി ആന്‍ഡേഴ്ണിന്റെ ബാറ്റിങ് കരുത്തിലാണ് യൂണികോണ്‍സ് വിജയത്തിലേക്ക് നടന്നുകയറിയത്.

മത്സരത്തില്‍ ടോസ് നേടിയ യൂണികോണ്‍സ് നായകന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ടീമിന് ലഭിച്ചത്.

രണ്ടാം ഓവറില്‍ തന്നെ വിക്കറ്റ് കീപ്പര്‍ മാത്യു വേഡിനെ (ആറ് പന്തില്‍ അഞ്ച്) നഷ്ടമായ യൂണികോണ്‍സിന് മൂന്നാം ഓവറില്‍ മാര്‍കസ് സ്‌റ്റോയിന്‍സിനെയും (ഏഴ് പന്തില്‍ ആറ്) നഷ്ടമായിരുന്നു.

രണ്ടാം വിക്കറ്റ് വീണ് കൃത്യം രണ്ടാം പന്തില്‍ തന്നെ അടുത്ത താരത്തെയും പുറത്താക്കി ന്യൂയോര്‍ക്ക് മത്സരം കൈക്കലാക്കാനുള്ള ശ്രമം തുടങ്ങി. അഞ്ച് പന്തില്‍ നിന്നും പത്ത് റണ്‍സ് നേടിയ ഫിന്‍ അലനാണ് റബാദയുടെ പന്തില്‍ തിരിച്ചുനടന്നത്.

ടീം സ്‌കോര്‍ 50ല്‍ നില്‍ക്കവെ 13 പന്തില്‍ നിന്നും ഒമ്പത് റണ്‍സ് നേടിയ ഫിഞ്ചും മടങ്ങിയതോടെ യൂണികോണ്‍സ് ഏഴ് ഓവറില്‍ 50ന് നാല് എന്ന നിലയിലേക്ക് കൂപ്പുകുത്തി.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

എന്നാല്‍ അഞ്ചാം നമ്പറില്‍ ഇറങ്ങിയ കോറി ആന്‍ഡേഴ്‌സണ്‍ തോറ്റുകൊടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലായിരുന്നു. ഷദാബ് ഖാനെ കൂട്ടുപിടിച്ച് ആന്‍ഡേഴ്‌സണ്‍ യൂണികോണ്‍സിനെ മുമ്പോട്ട് നയിച്ചു.

52 പന്തില്‍ നിന്നും ഏഴ് സിക്‌സറും അഞ്ച് ബൗണ്ടറിയുമടക്കം 92 റണ്‍സുമായി ആന്‍ഡേഴ്‌സണ്‍ പുറത്താകാതെ നിന്നപ്പോള്‍ 30 പന്തില്‍ നിന്നും അഞ്ച് സിക്‌സറും നാല് ബൗണ്ടറിയുമായി ഷദാബ് ഖാന്‍ 61 റണ്‍സ് നേടി.

ടീം സ്‌കോര്‍ 179ല്‍ നില്‍ക്കവെ ഷദാബ് ഖാന്‍ പുറത്തായെങ്കിലും ആന്‍ഡേഴ്‌സണ്‍ അടി തുടര്‍ന്നു. ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് യൂണികോണ്‍സ് 215 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ന്യൂയോര്‍ക്കിനായി ട്രെന്റ് ബോള്‍ട്ടും കഗീസോ റബാദയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സരബ്ജീത് ലദ്ദ ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ എം.ഐക്കും പിഴച്ചിരുന്നു. സ്റ്റീവന്‍ ടെയ്‌ലറിനെ ഗോള്‍ഡന്‍ ഡക്കായി നഷ്ടമായ എം.ഐക്ക് മോനക് പട്ടേലിനെ എട്ട് റണ്‍സിനും നഷ്ടമായി. എന്നാല്‍ മികച്ച പാര്‍ട്ണര്‍ഷിപ്പുകളിലൂടെ ന്യൂയോര്‍ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചു.

ഡെവാള്‍ഡ് ബ്രെവിസ് (25 പന്തില്‍ 35), നിക്കോളാസ് പൂരന്‍ (28 പന്തില്‍ 40), കെയ്‌റോണ്‍ പൊള്ളാര്‍ഡ് (27 പന്തില്‍ 48), ടിം ഡേവിഡ് (28 പന്തില്‍ പുറത്താകാതെ 53) എന്നിവര്‍ തകര്‍ത്തടിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ യൂണികോണ്‍സ് അവരെ വിജയത്തില്‍ നിന്നും തട്ടിയകറ്റുകയായിരുന്നു.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 193 എന്ന നിലയില്‍ എം.ഐ ന്യൂയോര്‍ക്ക് പോരാട്ടം അവസാനിപ്പിച്ചു.

യൂണികോണ്‍സിനായി ലിയാം പ്ലങ്കറ്റും കാര്‍മി ലെ റോക്‌സും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷദാബ് ഖാനാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

ആദ്യ മത്സരം വിജയിച്ചതോടെ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുകയറാനും യൂണികോണ്‍സിന് സാധിച്ചു.

Content highlight: San Francisco Unicorns defeated MI New York

We use cookies to give you the best possible experience. Learn more