| Wednesday, 28th February 2024, 9:38 pm

ദശാബ്ധങ്ങളോളം നീണ്ടുനിന്ന വംശീയ വിവേചനം; കറുത്ത വർഗക്കാരോട് ഔപചാരികമായി ക്ഷമാപണം നടത്തി സാൻ ഫ്രാൻസിസ്കോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാൻ ഫ്രാൻസിസ്കോ: വംശീയതയും വിവേചനവും പ്രചരിച്ചതിൽ നഗരത്തിന്റെ പങ്കിൽ ആഫ്രിക്കൻ അമേരിക്കക്കാരോട് ഔപചാരികമായി ക്ഷമാപണം നടത്തി സാൻ ഫ്രാൻസിസ്കോ അധികാരികൾ.

മറ്റൊരു യു.എസ് നഗരമായ ബോസ്റ്റണിനൊപ്പം ചേർന്നാണ് സാൻ ഫ്രാൻസിസ്കോ ഖേദം പ്രകടിപ്പിച്ചത്.

‘ ദശാബ്ദങ്ങളോളം നീണ്ടുനിന്ന വ്യവസ്ഥാപിതവും ഘടനാപരവുമായ വിവേചനത്തിലും അക്രമ പ്രവർത്തനങ്ങളിലും അതുപോലെ മുൻകാല നയങ്ങളിലും ദുഷ്പ്രവർത്തികളിലും സാൻ ഫ്രാൻസിസ്കോയുടെ പേരിൽ ഈ ചരിത്രപരമായ പ്രമേയത്തിലൂടെ ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തോടും അവരുടെ പിൻഗാമികളോടും ക്ഷമാപണം നടത്തുന്നു,’ നഗരത്തിന്റെ സൂപ്പർവൈസർ ഷമാൻ വാൾട്ടൺ അറിയിച്ചു.

തങ്ങൾക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഈ ക്ഷമാപണം ഏറ്റവും പ്രധാനപ്പെട്ട ചുവട് ആണെന്നും ബോർഡിലെ ഏക കറുത്ത വർഗക്കാരനും പ്രമേയത്തിന് ചുക്കാൻ പിടിക്കുകയും ചെയ്ത വാൾട്ടൺ പറഞ്ഞു.

അടിമത്വത്തിന്റെ പേരിൽ യു.എസിലെ ഒമ്പത് സംസ്ഥാനങ്ങൾ ഔപചാരികമായി ക്ഷമാപണം നടത്തിയിരുന്നു.

സാൻ ഫ്രാൻസിസ്കോയിൽ ആഴത്തിൽ പടർന്ന വംശീയപരമായ സാമ്പത്തിക വിടവ് പരിഹരിക്കുന്നതിന് യോഗ്യരായ ഓരോ കറുത്ത വർഗക്കാരനും അഞ്ച് മില്യൺ ഡോളർ ഒറ്റ തവണയായി നൽകുവാനും പ്രതിവർഷം ഏകദേശം ഒരു ലക്ഷം ഡോളർ വരുമാനം നൽകുവാനും ആഫ്രിക്കൻ അമേരിക്കൻ റിപ്പറേഷൻസ് അഡ്വൈസറി കമ്മിറ്റി നിർദേശിച്ചിരുന്നു.

എന്നാൽ ഈ നിർദ്ദേശങ്ങളിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

2022ലെ ഔദ്യോഗിക കണക്കനുസരിച്ച് സാൻ ഫ്രാൻസിസ്കോയിലെ ഭവനരഹിതരിൽ 38 ശതമാനവും കറുത്ത വർഗക്കാരാണ്. എന്നാൽ ആകെ ജനസംഖ്യയുടെ ആറ് ശതമാനം മാത്രമാണ് കറുത്ത വർഗക്കാർ എന്നതും കണക്കുകളുടെ ഗൗരവം വ്യക്തമാക്കുന്നു.

കുറഞ്ഞ ആയുർദൈർഘ്യം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന കറുത്ത വർഗക്കാരോട് ക്ഷമാപണം നടത്തിയത് കൊണ്ട് മാത്രം കാര്യമില്ല എന്ന് കറുത്ത വർഗക്കാരനായ ചെറിൽ തോൺടൺ പറയുന്നു.

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ശുപാർശകൾ നടപ്പിലാക്കണമെന്നാണ് പ്രധാന ആവശ്യം.

Content Highlight: San Francisco apologises to Black residents for decades of racist policies

We use cookies to give you the best possible experience. Learn more