കടുവ സിനിമയുടെ പ്രൊമോഷൻ പരിപാടികളുമായി സംയുക്ത മേനോൻ ഇപ്പോൾ സജീവമാണ്. സിനിമ വികടൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ധനുഷിനെ കുറിച്ച് സംസാരിക്കുകയാണ് സംയുക്ത.
ധനുഷും സംവിധായകൻ വെങ്കി അറ്റ്‌ലൂരിയും ഒന്നിക്കുന്ന വാത്തി എന്ന സിനിമയിലാണ് സംയുക്ത അഭിനയിച്ചത്. ഷൂട്ടിങ് സെറ്റിൽ വെച്ചുണ്ടായ അനുഭവങ്ങളെ കുറിച്ചും ധനുഷിന്റെ വായന ശീലത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും സംസാരിക്കുകയാണ് സംയുക്ത. മുഴുനീള കഥാപാത്രമായത് കൊണ്ട് തന്നെ തനിക്ക് പേടിയുണ്ടായിരുന്നെന്നും നടി കൂട്ടിച്ചേർത്തു.
‘ധനുഷ് സാറിന്റെ കൂടെ വർക്ക് ചെയ്യാൻ എനിക്ക് നല്ല എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ ഒരു വിധം എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. ഒന്നോ രണ്ടോ സിനിമകളാണ് കാണാൻ വിട്ടുപോയത്.
ത്രീ സിനിമ ഇറങ്ങിയ സമയത്ത് ഞാൻ അദ്ദേഹത്തിന്റെ ഫാൻ ആയിരുന്നു. ലോകമെമ്പാടും അറിയപ്പെടുന്ന സിനിമ നടനാണ് അദ്ദേഹം. ധനുഷിനൊപ്പം ചെയ്തത് കൊമേർഷ്യൽ സിനിമയായിരുന്നു. അതിൽ ഡാൻസ് ചെയ്യുമ്പോഴും ഡയലോഗുകൾ പറയുമ്പോഴുമൊക്കെ എനിക്ക് പേടിയുണ്ടായിരുന്നു.
എനിക്ക് ഒരുപാട് സീനുകൾ ഉണ്ടായിരുന്നു. ധനുഷ് നല്ല അച്ചടക്കവും മര്യാദയുമുള്ള നടനാണ്. അറുപത്തഞ്ച് ദിവസം ഷൂട്ടുണ്ടായിരുന്നു. ആ ദിവസത്തിനുള്ളിൽ അദ്ദേഹം പന്ത്രണ്ട് ബുക്ക് വായിച്ച് കഴിഞ്ഞിട്ടുണ്ട്. ഷോട്ടില്ലെങ്കിൽ അദ്ദേഹം വായിക്കും.
ഞാൻ തിരക്കിലാണെന്നതാണ് വായിക്കാതിരിക്കാനുള്ള എന്റെ ന്യായികരണം. അത് കണ്ടതിനു ശേഷം എനിക്ക് തോന്നി എത്ര തിരക്കിലാണെങ്കിലും പുസ്തകങ്ങൾ വായിക്കണമെന്ന്. കാരണം എനിക്ക് പുസ്തകങ്ങൾ വായിക്കുന്നത് നല്ല ഇഷ്ടമായിരുന്നു. ധനുഷ് സാർ എല്ലാ സീനുകളും ഫസ്റ്റ് ടേക്കിൽ ഓക്കെ ആക്കും,’ സംയുക്ത പറഞ്ഞു.
സംയുക്ത നായികയായ കടുവ റിലീസിനൊരുങ്ങുകയാണ്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ.
കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
Content Highlight: Samyuktha Menon shares memories with Danush in Vaathi movie location