തന്നെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞ തീവണ്ടി സിനിമയ്ക്ക് താനുമായി ഒരു ബന്ധമുണ്ടെന്ന് പറയുകയാണ് നടി സംയുക്ത മേനോന്. ഒരുപാട് സ്ഥലങ്ങളില്‍ യാത്ര പോവാന്‍ ഇഷ്ടമുള്ള ആളാണ് താനെന്നും അതുകൊണ്ടു തന്നെ തന്റെ ജീവിതത്തില്‍ നിര്‍ണായകമായ ഒരു സിനിമക്ക് യാത്രയുമായി ബന്ധമുള്ള ഒരു പേര് വന്നതില്‍ സന്തോഷമുണ്ടെന്നും ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍ സംയുക്ത പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ വലിയ ആഗ്രഹമുണ്ടെങ്കിലും യാത്ര ചെയ്തതില്‍ ഏറ്റവും ഇഷ്ടം സ്വന്തം രാജ്യമാണെന്നും സംയുക്ത പറയുന്നു. കഴിഞ്ഞ ലോക്ക്ഡൗണിന് മുമ്പ് യാത്ര ചെയ്ത സ്ഥലങ്ങളെക്കുറിച്ചും നടി പറഞ്ഞു.
‘ലോക്ക്ഡൗണിന് മുമ്പ് ഒന്നരമാസത്തെ യാത്രയില്‍ കുറേ കറങ്ങി. രാജസ്ഥാന്, ഉത്തരാഖണ്ഡ്, ജയ്പൂര്‍ എന്നിവിടങ്ങളിലെല്ലാം. എല്ലാ യാത്രകളിലും കൂടെയുണ്ടാവുന്നത് എന്റെ ട്രാവല്‍ ബാഗും ഡയറിയുമാണ്. ഒരു യാത്രയും പ്ലാന്‍ ചെയ്ത് തീരുമാനിക്കുന്നതല്ല. പെട്ടെന്ന് ചാടിപ്പുറപ്പെടുന്നതാണ്.
അങ്ങനെയുള്ള യാത്രകളില്‍ ഒരാള്‍ കൂടെ വേണം എന്നുണ്ടെങ്കില്‍ അയാളുമായി ഭയങ്കര കണക്ഷന് വേണം. നമുക്ക് വേണ്ടി സമയം ചിലവഴിക്കാന്‍ പറ്റുന്ന ഇപ്പോള്‍ പോവാമെന്ന് ചോദിക്കുമ്പോള്‍ ഉടന്‍ ചാടിപ്പുറപ്പെടുന്നൊരാള്. അങ്ങനൊരാള് ഇതുവരെ വന്നിട്ടില്ല. അതുകൊണ്ട് പോവുന്നത് അധികവും ഒറ്റക്കാണ്,’ സംയുക്ത പറഞ്ഞു.