രണ്ടാമത്തെ റിലേഷന്‍ഷിപ്പ് വളരെ ടോക്‌സിക്കായിരുന്നു; പക്ഷെ അയാളെ കുറ്റപ്പെടുത്താന്‍ ഞാനില്ല, മാത്രമല്ല നന്ദിയുമുണ്ട്: സംയുക്ത മേനോന്‍
Entertainment
രണ്ടാമത്തെ റിലേഷന്‍ഷിപ്പ് വളരെ ടോക്‌സിക്കായിരുന്നു; പക്ഷെ അയാളെ കുറ്റപ്പെടുത്താന്‍ ഞാനില്ല, മാത്രമല്ല നന്ദിയുമുണ്ട്: സംയുക്ത മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 21st October 2022, 1:29 pm

ജീവിതത്തിലെ പ്രണയബന്ധങ്ങളെ കുറിച്ചും അവയില്‍ നിന്നും പഠിച്ച പാഠങ്ങളെ കുറിച്ചും സംസാരിച്ച് നടി സംയുക്ത മേനോന്‍. വളരെ ടോക്‌സിക്കായ ഒരു ബന്ധം തനിക്കുണ്ടായിരുന്നെന്നും ആ ബന്ധമാണ് തനിക്ക് ജീവിതത്തില്‍ നിന്ന് എന്താണ് വേണ്ടതെന്ന് ബോധ്യപ്പെടുത്തി തന്നതെന്നും സംയുക്ത മേനോന്‍ പറഞ്ഞു.

ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ തുടരുന്നതിനിടയില്‍ സുഹൃത്തുക്കളാണ് തന്നെ ഇതിന്റെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തിയതെന്നും നടി പറയുന്നു. ഐ ആം വിത്ത് ധന്യ വര്‍മ എന്ന ടോക്ക് ഷോയില്‍ സംസാരിക്കുകയായിരുന്നു താരം.

‘രണ്ട് റിലേഷന്‍ഷിപ്പുകളാണ് എനിക്കുണ്ടായിട്ടുള്ളത്. അതില്‍ ഒന്നിനെ കുറിച്ച് ഇടക്ക് അയ്യേ എന്ന് തോന്നുമെങ്കിലും ആ പ്രായത്തില്‍ ആ സമയത്തും അത് കറക്ടായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോഴാണ് അതൊരു റിലേഷന്‍ഷിപ്പ് പോലുമായിരുന്നില്ലെന്ന് മനസിലാകുന്നത്

രണ്ടാമത്തെ റിലേഷന്‍ഷിപ്പ് വളരെ ടോക്‌സികായിരുന്നു. ഞാന്‍ മറ്റേയാളെ കുറ്റം പറയുകയല്ല. കാരണം ഒരു റിലേഷന്‍ഷിപ്പ് വര്‍ക്ക് ആകണമെങ്കില്‍ രണ്ട് പേര്‍ തമ്മില്‍ മാച്ചാകണം. അതാകുന്നില്ലെന്ന് വെച്ച് അതിലുള്ള ഒരാള്‍ മോശക്കാരനാകുന്നില്ല എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

പക്ഷെ ആ റിലേഷന്‍ഷിപ്പ് ടോക്‌സിക്കായി തന്നെയാണ് എനിക്ക് അനുഭവപ്പെട്ടത്. നാര്‍സിസത്തെയായിരുന്നു എനിക്ക് നേരിടേണ്ടി വന്നത്. ആ വാക്ക് കേട്ടിട്ടുണ്ടായിരുന്നെങ്കിലും അതിന്റെ അര്‍ത്ഥം എന്താണെന്ന് കൃത്യമായി അറിയില്ലായിരുന്നു.

ആ റിലേഷന്‍ഷിപ്പില്‍ നിന്നും ഞാന്‍ ആഗ്രഹിക്കുന്നതൊക്കെ ഒരു ക്രൈം ആയിട്ടായിരുന്നു എനിക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നത്. 360 ഡിഗ്രിയില്‍ അങ്ങനെയായിരുന്നു. ഇമോഷണലി അവെയ്‌ലബിള്‍ ആകുന്നത് തെറ്റാണെന്ന് തോന്നിപ്പിച്ചു. അതുകൊണ്ട് ഞാനാണ് മിണ്ടാതിരിക്കേണ്ടതെന്നും എന്നിലാണ് മാറ്റം വരുത്തേണ്ടതെന്നും എനിക്ക് തോന്നി.

പിന്നീട് രണ്ട് സുഹൃത്തുക്കളെത്തി സംസാരിച്ചാണ് എനിക്ക് കാര്യങ്ങള്‍ മനസിലാക്കി തന്നത്. എന്റെ ഭാഗത്തല്ല തെറ്റെന്നും ഇമോഷണലി അവെയ്‌ലബിളാകാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്താണ് ഒരു റിലേഷന്‍ഷിപ്പെന്നാണ് അവര്‍ ചോദിച്ചത്. മറ്റേയാള്‍ക്ക് നമ്മുടെ കൂടെ സമയം ചെലവഴിക്കണമെന്നേയില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒരു റിലേഷന്‍ഷിപ്പ്.

പക്ഷെ അന്ന് റിലേഷനിലുണ്ടായിരുന്ന വ്യക്തിയെ കുറ്റപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഇവിടെ തെറ്റും ശരിയുമില്ല. ചില കാര്യങ്ങള്‍ ചിലര്‍ക്ക് വര്‍ക്കാകില്ല അത്രയേ ഉള്ളു.

എനിക്ക് ആ വ്യക്തിയോട് ഒരുപാട് നന്ദിയുണ്ട്. കാരണം എനിക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് ബോധ്യമായത് ആ റിലേഷനിലൂടെയാണ്. ഒരു റിലേഷന്‍ഷിപ്പ് കൊണ്ട് എന്തായിരിക്കണമെന്ന് എനിക്ക് മനസിലായതും അവിടെ നിന്ന് തന്നെയാണ്. എന്റെ വിലയും മൂല്യവും മനസിലായി.

ഒരാളുടെ ജീവിതത്തിലേക്ക് കടന്നുചെന്ന് അമ്മയെ പോലെ തെറ്റുകള്‍ തിരുത്തി നന്നാക്കിയെടുക്കാനൊന്നും ഞാന്‍ അവെയ്ബിളാകില്ല. ഒരു ഈക്വല്‍ പാര്‍ട്ണര്‍ഷിപ്പിന് മാത്രമേ എന്നെ കിട്ടുകയുള്ളു,’ സംയുക്ത മേനോന്‍ പറഞ്ഞു.

Content Highlight: Samyuktha Menon opens up about her relationships and the toxicity she had to face