| Sunday, 30th April 2023, 11:46 pm

സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ദേശ വ്യാപകമായ സമരത്തിന് സംയുക്ത കിസാന്‍ മോര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ദേശ വ്യാപകമായ സമരത്തിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാന്‍ മോര്‍ച്ച. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നിശ്ചയിക്കുക, കര്‍ഷക പെന്‍ഷന്‍ പദ്ധതികള്‍ നടപ്പിലാക്കുക, കാര്‍ഷിക വിളകള്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പില്‍ വരുത്തുക എന്നീ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി ആഗസ്റ്റ് ഒന്ന് മുതല്‍ 15 വരെ ദേശ വ്യാപകമായി ബഹുജന പ്രതിഷേധ റാലി നടത്താനാണ് സംഘടനയുടെ തീരുമാനം.

വിവിധ കാര്‍ഷിക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ഞായറാഴ്ച്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലി നടത്താനും ചര്‍ച്ചയില്‍ തീരുമാനമായതായി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

‘മിനിമം താങ്ങുവില (എം.എസ്.പി) നിയമം, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളല്‍, കര്‍ഷക പെന്‍ഷന്‍, തൊഴിലാളി പെന്‍ഷന്‍, കാര്‍ഷിക വിളകളുടെ ഇന്‍ഷുറന്‍സ് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മെയ് 26 മുതല്‍ 31 വരെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രക്ഷോഭ റാലികള്‍ സംഘടിപ്പിക്കും.

ഇതിന് മുന്നോടിയായി എല്ലാ പാര്‍ലമെന്റ് അംഗങ്ങളുടെയും മണ്ഡലങ്ങളിലേക്ക് ബഹുജന മാര്‍ച്ച് നടത്തി അവര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിക്കും. അന്നം തരുന്ന കര്‍ഷകരുടെ പ്രതിസന്ധികള്‍ എത്രയും വേഗം പരിഹരിക്കേണ്ടതുണ്ട്. ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ നിന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ വീഴ്ച്ച വരുത്തുന്ന പക്ഷം ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകും.

വരാനിരിക്കുന്ന സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ത്യയൊട്ടാകെ റാലികള്‍ സംഘടിപ്പിക്കും. നിയമ സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഢ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായിരിക്കും ആദ്യ ഘട്ടത്തില്‍ സമരം നടത്തുക,’ സംഘടന പ്രസ്താവനയില്‍ അറിയിച്ചു.

കൂടാതെ 2021 ഒക്ടോബറില്‍ കൊല്ലപ്പെട്ട നാല് കര്‍ഷകരുടെ ഓര്‍മ്മക്കായി ഇന്ത്യയില്‍ രക്ത സാക്ഷി ദിനം ആചരിക്കാനും സമിതി തീരുമാനിച്ചിട്ടുണ്ട്. ഗുസ്തി താരങ്ങളുടെ സമരത്തിന് പുറമെ പുല്‍വാമ ഭീകരാക്രമണത്തില് കേന്ദ്ര സര്‍ക്കാരിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയര്‍പ്പിക്കുന്നതായും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

Content Highlight: samyuktha kisan morcha will held national protest for farmers

We use cookies to give you the best possible experience. Learn more