| Tuesday, 14th March 2023, 8:12 am

മലരുമായി കംപെയര്‍ ചെയ്യരുത്, ആ കഥാപാത്രം സിമ്പിളാണ്, ഐക്കോണിക്കാണ്, ഇത് അങ്ങനെയല്ല; സംയുക്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടി സംയുക്തയുടേതായി എറ്റവും ഒടുവില്‍ പുറത്ത് വന്ന ചിത്രമാണ് വാത്തി. ധനുഷ് നായകനായ ചിത്രത്തില്‍ മീനാക്ഷി എന്ന അധ്യാപികയായിട്ടാണ് സംയുക്ത എത്തിയത്. ഈ കഥാപാത്രവും പ്രേമം സിനിമയിലെ മലരും തമ്മിലുള്ള സാമ്യത്തെ പറ്റിയുള്ള ചോദ്യത്തിന് സംയുക്ത നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ അടുത്ത മലര്‍ ടീച്ചര്‍ നിങ്ങളാണെന്നാണ് പറയുന്നതെന്ന് അവതാരക പറഞ്ഞപ്പോള്‍ അത് ആരാണ് പറഞ്ഞത് എന്നാണ് സംയുക്ത ചോദിച്ചത്.

‘മലര്‍ ഒരു ഐക്കോണിക് ക്യാരക്ടറാണ്. അത് ഒരു സിമ്പിള്‍ ക്യാരക്ടറാണ്, പക്ഷേ ഐക്കോണിക്കാണ്. വാത്തിയിലെ മീനാക്ഷിക്കും മലരിനും തമ്മില്‍ ഒരു സാമ്യതയും ഇല്ല. മീനാക്ഷി ടീച്ചറാണ്. അതാണ് ഒരു സിമിലാരിറ്റി. പ്രേമത്തില്‍ ടീച്ചറും സ്റ്റുഡന്റുമാണ് പ്രേമിക്കുന്നത്. വാത്തിയില്‍ ടീച്ചര്‍മാര്‍ തമ്മിലാണ് പ്രേമിക്കുന്നത്. രണ്ടും വ്യത്യസ്തമാണ്,’ സംയുക്ത പറഞ്ഞു.

ധനുഷിനൊപ്പമുള്ള കോമ്പിനേഷനെ പറ്റിയും സംയുക്ത സംസാരിച്ചു. ‘ധനുഷ് സാറുമായി കെമിസ്ട്രി ഉണ്ടാകുമോ ഇല്ലയോ എന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. ഞാന്‍ ഒരു സെല്‍ഫ് ഡൗട്ടിങ് പേഴ്‌സണല്ല. എനിക്ക് കുറവുകളുണ്ട്. അതിന്റെ മേല്‍ വര്‍ക്ക് ചെയ്ത് എങ്ങനെ ബെറ്ററാക്കാം എന്നാണ് ചിന്തിക്കാറുള്ളത്. എന്റെ സ്‌ട്രെങ്ത് എങ്ങനെ കൂടുതല്‍ സ്‌ട്രോങ്ങാക്കാം എന്നാണ് നോക്കാറുള്ളത്. കെമിസ്ട്രി ഉണ്ടാകുമോ ഇല്ലയോ എന്ന സംശയങ്ങളൊന്നും എനിക്ക് ഉണ്ടാവില്ല,’ സംയുക്ത പറഞ്ഞു.

വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ഫെബ്രുവരി 17നാണ് റിലീസ് ചെയ്തത്. വിദ്യാഭ്യാസ കച്ചവടം പ്രമേയമായ ചിത്രത്തില്‍ ബാലമുരുകന്‍ എന്ന കഥാപാത്രമായാണ് ധനുഷ് എത്തിയത്. തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്ത ചിത്രത്തില്‍ സായ് കുമാര്‍, തനികേല ഭരണി, സമുദ്രക്കനി, തോട്ടപ്പള്ളി മധു, ആടുകളം നരേന്‍, ഇളവരസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: samyuktha about malar in premam

We use cookies to give you the best possible experience. Learn more