| Wednesday, 3rd May 2023, 12:17 pm

നാട്ടുകാരെ ബാധിക്കുന്ന പ്രശ്‌നമാണെങ്കില്‍ ഞാന്‍ പ്രതികരിച്ചേനേ, അന്ന് പ്രൊമോഷന് വരാത്തതിന്റെ കാരണമിത്: സംയുക്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബൂമറാങ് ചിത്രത്തിന്റെ പ്രൊമോഷന് വരാത്തതില്‍ രോഷത്തോടെ സംസാരിച്ച ഷൈന്‍ ടോം ചാക്കോയ്ക്ക് മറുപടിയുമായി സംയുക്ത. ഇതൊന്നും നാട്ടുകാരെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും അത്തരമൊരു വലിയ പ്രശ്‌നമായിരുന്നെങ്കില്‍ വിഷയത്തില്‍ അന്ന് താന്‍ തന്നെ സംസാരിച്ചേനെയെന്നും സംയുക്ത പറഞ്ഞു.

ബൂമറാങ് പ്രൊമോഷന്റെ സമയത്ത് താന്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിലും മറ്റൊരു ചിത്രത്തിന്റെ പ്രൊമോഷനിലുമായിരുന്നുവെന്നും ഇവിടേക്ക് വരാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നുവെന്നും ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത പറഞ്ഞു.

‘ഇപ്പോള്‍ പൊതുവേ ഒരു മാധ്യമ സംസ്‌കാരമുണ്ട്. ഒരു വിഷയമുണ്ടായാല്‍ അതിനെ പറ്റി ഒരു ചര്‍ച്ച ഉണ്ടാവും. അതിന്റെ ഇപ്പുറത്തെ വശത്ത് ഒരാളുണ്ടാവും. അയാളുടെ അഭിപ്രായത്തിനായി പിന്നെ അങ്ങോട്ട് ഓടുന്നു. ഇത് രണ്ടും കൂടി കൂട്ടിച്ചേര്‍ത്ത് മറ്റൊരു നരേറ്റീവ് ഉണ്ടാക്കുന്നു. ഇതൊരു കണ്ടന്റ് ക്രിയേഷന്‍ എന്ന നിലയില്‍ നടന്നുപോവുകയാണ്.

ഇങ്ങനെ ഓരോ കാര്യങ്ങള്‍ നടന്നു. അതിനെ പറ്റി ചര്‍ച്ച നടത്തി നാട്ടുകാരുടെ സമയം പോവേണ്ടതില്ല. വലിയ പ്രശ്‌നമോ നാട്ടുകാരെ ബാധിക്കുന്നതോ ആണെങ്കില്‍ ഞാന്‍ തന്നെ ആ സമയത്ത് വന്ന് സംസാരിച്ചേനേ.

എന്റെ മുമ്പില്‍ രണ്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന പടത്തിന്റെ ഷൂട്ട് കാന്‍സലായി പോവും. ആളുകളുടെ ഡേറ്റിന്റെ പ്രശ്‌നമുണ്ടാവും. വലിയ നഷ്ടമുണ്ടാവും. നേരത്തെ തന്നെ എനിക്ക് വേണ്ടി വിരൂപാക്ഷയുടെ രണ്ട് മൂന്ന് ഷെഡ്യൂളുകള്‍ സ്‌കിപ് ചെയ്തിരുന്നു. ഇതെല്ലാം മാറ്റിവെച്ചിട്ട് വേണം ഞാന്‍ ഇങ്ങോട്ട് വരാന്‍. ഏതെങ്കിലും ഒരു പ്രശ്‌നം ഞാന്‍ ഫേസ് ചെയ്യേണ്ടി വന്നേനെ. അതുകൊണ്ട് ഈ പ്രശ്‌നം നേരിടാമെന്ന് വെച്ചു.

ബൂമറാങ്ങിന്റെ റിലീസ് ഡേറ്റ് രണ്ട് മാസത്തിനിടയില്‍ മൂന്ന് തവണ മാറ്റി. നേരത്തെ തന്നിരുന്ന രണ്ട് ഡേറ്റ് മാറ്റിവരാന്‍ അപ്പോള്‍ ഷൂട്ടിലുണ്ടായിരുന്ന രണ്ട് പ്രൊഡക്ഷന്‍ ഹൗസുകളും സമ്മതിച്ചില്ല. ഒന്നിന്റെ ഷൂട്ടും ഒന്നിന്റെ പ്രൊമോഷനും നടന്നുകൊണ്ടിരിക്കുകയായിരുന്നു. പിന്നെ ബൂമറാങ്ങില്‍ സിനിമയില്‍ ഞാനല്ലാതെ വേറെയും അഭിനേതാക്കളുണ്ടയിരുന്നു. എല്ലാവര്‍ക്കും തുല്യമായ റോളുകളുമുണ്ടായിരുന്നു. എന്നെക്കാളും മീഡിയ വാല്യു ഉള്ള അഭിനേതാക്കളുണ്ട്. അവര്‍ പ്രൊമോഷനുണ്ടല്ലോ എന്ന സമാധാനത്തിലായിരുന്നു ഞാന്‍,’ സംയുക്ത പറഞ്ഞു.

ബൂമറാങ് ചിത്രത്തിന്റെ പ്രൊമോഷന്‍ പ്രസ് മീറ്റിനിടയില്‍ മേനോന്‍ ആയാലും നായരായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കണമെന്നായിരുന്നു ഷൈന്‍ പറഞ്ഞത്. ചെയ്ത സിനിമയുടെ പ്രമോഷന് വരാതെ പേരിലെ ജാതിവാല്‍ മാറ്റിയത് കൊണ്ട് ശരിയാകണമെന്നില്ലെന്നും ഷൈന്‍ പറഞ്ഞിരുന്നു.

Content Highlight: Samyukta responds to Shine Tom Chacko, who spoke angrily in Boomerang promotion 

We use cookies to give you the best possible experience. Learn more