ടൊവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് സംയുക്ത മേനോന്‍. തെലുങ്കില്‍ ശ്രദ്ധ നേടിയ ബിഗ് ബജറ്റ് ചിത്രം ഭീംല നായക്, പൃഥ്വിരാജ് ചിത്രം കടുവ എന്നിവയിലെല്ലാം സംയുക്ത ഭാഗമായിരുന്നു. അണിയറയിലൊരുങ്ങുന്ന ധനുഷ് നായകനാവുന്ന വാത്തിയിലും സംയുക്തയാണ് നായിക.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖങ്ങളിലൊക്കെ തന്റെ നിലപാടുകള്‍ മടികൂടാതെ പറയുന്നതിലൂടെയും സംയുക്ത ശ്രദ്ധ നേടിയിരുന്നു. ടോക്‌സിക് മസ്‌കുലിനിറ്റി കൈകാര്യം ചെയ്ത സിനിമകളായ ഭീംല നായകിലും കടുവയിലും തന്റെ നിലപാട് എന്തായിരുന്നു എന്ന് പറയുകയായിരുന്നു സംയുക്ത.
‘ടോക്‌സിക് മെയിലും ഫീമെയിലും തമ്മിലുള്ള ബന്ധം എത്തരത്തിലുള്ളതാണ് എന്നാണ് ഞാന്‍ നോക്കുന്നത്. അനാദരവോടെ ഒരു സ്ത്രീയെ ചിത്രീകരിക്കാന്‍ കഴിയില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, എനിക്ക് യോജിക്കാന്‍ കഴിയാത്ത വിധത്തില്‍ സ്ത്രീകളെ ചിത്രീകരിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ഇന്ന്, അത്തരം ചിത്രീകരണത്തില്‍ മാറ്റങ്ങള്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് സമൂഹത്തില്‍ ഒരു മാറ്റം കൊണ്ടുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഇന്ത്യന്‍ എക്‌സപ്രെസിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത പറഞ്ഞു.
‘എന്റെ കഥാപാത്രങ്ങളില്‍ ശ്രദ്ധാലുവായിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്. എന്നാല്‍ ചില കാര്യങ്ങളിലെ പ്രശ്നങ്ങള്‍ ചില സാഹചര്യങ്ങളില്‍ മനസിലാക്കാന്‍ സാധിക്കില്ല. ഉദാഹരണത്തിന്, എന്റെ സ്‌കൂളില്‍, ക്യാപ്റ്റനായി ആണ്‍കുട്ടിയെയും വൈസ് ക്യാപ്റ്റനായി പെണ്‍കുട്ടിയെയുമാണ് തെരഞ്ഞെടുക്കാറുള്ളത്.
സ്‌കൂളുകളില്‍ ശിക്ഷയായി പെണ്‍കുട്ടികളോട് ആണ്‍കുട്ടികളോടൊപ്പം ഇരിക്കാന്‍ ആവശ്യപ്പെടുമായിരുന്നു. അതെല്ലാം ചെറുപ്പത്തില്‍ അരക്ഷിതാവസ്ഥയിലെത്തിച്ചിരുന്നു. സമീപകാലത്തുണ്ടായ ഫെമിനിസ്റ്റ് മൂവ്‌മെന്റുകള്‍ക്ക് ശേഷമാണ് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാന്‍ തുടങ്ങിയത്. ഇന്ന്, ഞാന്‍ ശക്തയാണ്. വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഫെമിനിസ്റ്റാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Samyukta menon talks about her stand on Bhimla Nayak and kaduva, films that dealt with toxic masculinity