| Wednesday, 6th July 2022, 6:12 pm

ചോദ്യങ്ങള്‍ ചോദിക്കാന്‍ ഡബ്ല്യു.സി.സി പോലെയുള്ള സംഘടനകള്‍ ആവശ്യമാണ്: സംയുക്ത മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചോദ്യങ്ങള്‍ ചോദിക്കാന്‍ ഡബ്ല്യു.സി.സി പോലെയുള്ള സംഘടനകള്‍ ആവശ്യമാണെന്ന് സംയുക്ത മേനോന്‍. ഡബ്ല്യു.സി.സി മുമ്പോട്ട് വെക്കുന്ന ആവശ്യങ്ങള്‍ വെളിച്ചം കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത പറഞ്ഞു.

‘ഞാന്‍ ഡബ്ല്യു.സി.സിയിലോ അമ്മയിലോ അംഗമല്ല. സൈബര്‍ സുരക്ഷയെ കുറിച്ചുള്ള ഡബ്ല്യു.സി.സിയുടെ ഒരു സെമിനാറില്‍ പങ്കെടുത്തിട്ടുണ്ട്. ഒരു സംഘടനയില്‍ അംഗമായിരിക്കുമ്പോള്‍ കൊടുക്കേണ്ട കമ്മിറ്റ്‌മെന്റും ഇന്‍വോള്‍വ്‌മെന്റും കൊടുക്കാന്‍ കഴിയുന്ന ആളാണ് ഞാന്‍ എന്ന് വിചാരിക്കുന്നില്ല. അതുകൊണ്ടാണ് ഒന്നിലും അംഗമല്ലാത്തത്. ഈ രണ്ട് സംഘടനകളും അത്യാവശവുമാണ്, ആവശ്യവുമാണ്.

ഇനി ഡബ്ല്യു.സി.സിയുടെ കാര്യത്തിലേക്ക് വന്നാല്‍, ഒരു പ്രശ്‌നം തിരിച്ചറിയുക എന്നതാണ് പ്രധാനം. ഞാന്‍ പഠിച്ച സ്‌കൂളില്‍ ക്യാപ്റ്റന്‍ ആണ്‍കുട്ടിയും വൈസ് ക്യാപ്റ്റന്‍ പെണ്‍കുട്ടിയുമായിരുന്നു. എന്തുകൊണ്ടാണത്? വര്‍ഷങ്ങളായുള്ള റൂളാണ്. പിന്നീട് ഇക്വാളിറ്റിയെ കുറിച്ച് സംസാരിക്കുമ്പോഴും മൂവ്‌മെന്റ്‌സും ചര്‍ച്ചകളും നടക്കുമ്പോഴാണ് ഒരു പ്രശ്‌നമുണ്ടായിരുന്നു എന്നതിനെ പറ്റി നമ്മള്‍ ചിന്തിക്കുന്നത്.

ഒരു സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങളെ പ്രസന്റ് ചെയ്യുന്ന രീതി, അതിലെ ഡയലോഗുകള്‍ ഒക്കെ ചൂണ്ടിക്കാണിക്കുമ്പോഴാണ് അവിടെ ഒരു പ്രശ്‌നമുണ്ടായിരുന്നു എന്ന് നമുക്ക് മനസിലാവുന്നത്. ആ പ്രോബ്ലം ആദ്യം മുമ്പോട്ട് വെക്കുന്നു, ചര്‍ച്ചകള്‍ നടക്കുന്നു, പിന്നീടാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്.

മലയാളം സിനിമയിലെന്നല്ല, ലോകം മുഴുവന്‍ പല റെവലൂഷണറി ആയിട്ടുള്ള സംഭവങ്ങള്‍ നടക്കുന്ന സമയമാണിത്. മൂവ്‌മെന്റ്‌സ് നടക്കുന്ന സമയമാണിത്. ഡബ്ല്യു.സി.സിയെ സംബന്ധിച്ചിടത്തോളം എപ്പോഴും ചോദ്യം ചോദിക്കാന്‍ ആളുള്ളത് നല്ല കാര്യമാണ്. ഒഫീഷ്യലി ഞാന്‍ അതില്‍ അംഗമല്ല എന്നേയുള്ളൂ. എന്തെങ്കിലും ആവശ്യത്തിന് വേണ്ടിയാണല്ലോ അവര്‍ പല കാര്യങ്ങളും മുമ്പോട്ട് വെക്കുന്നത്. അത് വെളിച്ചം കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ സംയുക്ത പറഞ്ഞു.

Content Highlight: Samyukta Menon says organizations like WCC are needed to ask questions

We use cookies to give you the best possible experience. Learn more