| Thursday, 7th July 2022, 6:59 pm

ആ കണ്ണുകളിലെ തീ കെടാതെ കാത്തുസൂക്ഷിക്കുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്; കുര്യച്ചന് കത്തുമായി എല്‍സ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കടുവയുടെ വിജയത്തില്‍ സന്തോഷം രേഖപ്പെടുത്തി വ്യത്യസ്ത കുറിപ്പുമായി സംയുക്ത. കടുവയിലെ സംയുക്തയുടെ കഥാപാത്രമായ എല്‍സയായിട്ടാണ് സംയുക്ത കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുര്യച്ചന് എല്‍സ എഴുതിയ കത്തിന്റെ രൂപത്തിലാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

‘അച്ചായാ,
കയ്യില്‍ ഒതുങ്ങാതെ എല്ലാം ഒടുങ്ങും എന്ന് തോന്നുമ്പോഴും, കേസ് ജയിക്കാന്‍ ഇത്രേം ഒക്കെ വേണോ എന്ന് ചോദിക്കുമ്പോഴും, ആ കണ്ണുകളിലെ തീ കെടാതെ കാത്തുസൂക്ഷിക്കുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്.

കടന്നു പോയതിനെല്ലാം ഇപ്പുറം, ഇന്ന് മലയാളം ആ തീയേ നെഞ്ചോട് ചേര്‍ക്കുന്നത് കാണുമ്പോള്‍ പറഞ്ഞാല്‍ തീരാത്ത സന്തോഷം മാത്രം. ആ തീ ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത് തീരാത്ത ആഘോഷങ്ങള്‍ക്കാണ്. ആള്‍ക്കൂട്ടങ്ങള്‍ക്കിപ്പുറത്ത് തികഞ്ഞ സ്‌നേഹത്തോടെ, മനസ് നിറഞ്ഞ ചിരിയോടെ, ചെന്നായ് കൂട്ടങ്ങളെ വിറപ്പിക്കുന്ന വീറും വാശിയും ആവാഹിച്ച ആള്‍രൂപമായ കടുവയെ കൗതുകത്തോടെ നോക്കി നിന്നുകൊണ്ട്, ഞാനുമുണ്ട്.

സ്വന്തം,
എല്‍സ,’ എന്നാണ് സംയുക്ത ഫേസ്ബുക്കില്‍ കുറിച്ചത്. സംയുക്തയുടെ പോസ്റ്റ് പൃഥ്വിരാജും പങ്കുവെച്ചിട്ടുണ്ട്.

ജൂലൈ ഏഴിന് റിലീസ് ചെയ്ത കടുവക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷക പ്രതികരണങ്ങളില്‍ നന്ദി അറിയിച്ചുകൊണ്ട് ഷാജി കൈലാസും ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

‘നന്ദി….
ഒത്തിരി സ്‌നേഹത്തോടെ.. ആവേശത്തോടെ ഞങ്ങളുടെ കടുവയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി..
ഈ സ്‌നേഹം മുന്നോട്ടുള്ള യാത്രക്കുള്ള ഊര്‍ജമായി മാറുന്നു..!,’ എന്നാണ് ഷാജി കൈലാസ് കുറിച്ചത്.

ചിത്രം റിലീസായി ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ മികച്ച അഭിപ്രായമാണ് ലഭിച്ചത്. മാസ് മസാല ചേരുവകള്‍ എല്ലാം ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും മികച്ച തിയേറ്റര്‍ അനുഭവമാണ് കടുവയെന്നും ചിത്രം കണ്ടവര്‍ പറയുന്നു. ചിത്രത്തിലെ അഭിനേതാക്കള്‍ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും പറയുന്ന പ്രേക്ഷകരുണ്ട്.

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. വമ്പന്‍ പ്രൊമോഷനായിരുന്നു ചിത്രത്തിന് വേണ്ടി ചെയ്തത്. ദുബായിലുള്‍പ്പടെ ചിത്രത്തിന്റെ പ്രൊമോഷന്‍ നടന്നിരുന്നു.

Content Highlight: Samyukta menon on a different note expressing joy at the kaduva victory

We use cookies to give you the best possible experience. Learn more