നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച
national news
നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th November 2023, 8:02 am

ന്യൂദല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പാക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രസ്താവന. കൂട്ടായ്മ എന്ന നിലയില്‍ തെരഞ്ഞെടുപ്പുകളില്‍ ഏതെങ്കിലും പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയോ മത്സരിക്കുകയോ ചെയ്യില്ലെന്നും എന്നാല്‍ കര്‍ഷക വിരുദ്ധ നിലപാടുകളെടുക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പു വരുത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ 35 അംഗ ദേശീയ കോര്‍ഡിനേഷന്‍ കമ്മറ്റി മീറ്റിങ്ങില്‍ ‘കോര്‍പറേറ്റുകളെ പുറത്താക്കുക, ബി.ജെ.പിയെ ശിക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവും പുറത്തിറക്കി.

സംയുക്ത കിസാന്‍ മോര്‍ച്ചയിലെ മൂന്ന് കക്ഷികള്‍ രാജസ്ഥാനിലെ ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിശദീകരണത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയോ, ഏതെങ്കിലും പാര്‍ട്ടികള്‍ക്ക് പ്രത്യേകമായി പിന്തുണ നല്‍കുകയോ ചെയ്യുന്നത് തങ്ങളുടെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നാണ് ഇക്കാര്യത്തില്‍ കൂട്ടായ്മയുടെ നിലപാട്.

എന്നാല്‍ വ്യക്തിപരമായി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അംഗങ്ങള്‍ക്ക് ഏതെങ്കിലും പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രചാരണം നടത്തുന്നതില്‍ തടസ്സമില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്ലാറ്റ്‌ഫോം അതിനായി ഉപയോഗിക്കരുത് എന്നും പ്രസ്താവനയില്‍ പറയുന്നു.

അതേ സമയം, മദ്ധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമറിന്റെ പരാജയം ഉറപ്പുവരുത്തുന്നതിന് വേണ്ടി തങ്ങള്‍ പ്രചാരണം നടത്തിയിരുന്നതായും കര്‍ഷക നേതാക്കള്‍ പറഞ്ഞു. കര്‍ഷക വിരുദ്ധ നയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ച നരേന്ദ്രസിങ് തോമര്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ നവംബര്‍ 8ന് തങ്ങള്‍ പ്രചാരണം നടത്തിയിരുന്നതായും തോമറിന്റെ പരാജയം ഉറപ്പു വരുത്തണമെന്ന് വോട്ടര്‍മാരോട് അഭ്യാര്‍ത്ഥിച്ചിരുന്നതായും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു.

content highlights: Samyukta Kisan Morcha wants to ensure BJP’s defeat in assembly elections