ന്യൂദല്‍ഹി: ബി.ജെ.പി സര്‍ക്കാരിനെ മുട്ടുകുത്തിച്ച ഐതിഹാസിക കര്‍ഷക സമരത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ച രാജ്ഭവനുകളിലേക്ക് മാര്‍ച്ച് നടത്തും. ഈ വരുന്ന നവംബര്‍ 26നാണ് രാജ്യത്താകമാനം രാജ്ഭവനുകളിലേക്ക് മാര്‍ച്ച് നടത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം) ആഹ്വാനം ചെയ്തിരിക്കുന്നത്.
രാജ്ഭവന്‍ മാര്‍ച്ചിന്റെ അന്തിമ രൂപവും ഗവര്‍ണര്‍മാര്‍ക്ക് സമര്‍പ്പിക്കാനുള്ള നിവേദനവും തയാറാക്കുന്നതിന് നവംബര്‍ 14ന് ദല്‍ഹിയില്‍ പ്രത്യേക യോഗം വിളിക്കുമെന്നും എസ്.കെ.എം പ്രസ്താവനയിലൂടെ പറഞ്ഞു.
എസ്.കെ.എം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെയും ഓണ്‍ലൈന്‍ യോഗമാണ് മാര്‍ച്ചിന് ആഹ്വാനം ചെയ്തത്. ഹന്നന്‍ മൊല്ല, ദര്‍ശന്‍ പാല്‍, യുധ്‌വീര്‍ സിങ്, മേധ പട്കര്‍, രാജാറാം സിങ്, അതുല്‍കുമാര്‍ അഞ്ജന്‍, സത്യവാന്‍, അശോക് ധാവ്‌ളെ, അവിക് സാഹ, സുഖ്‌ദേവ് സിങ്, രമീന്ദര്‍ സിങ്, വികാസ് ശിശിര്‍, ഡോ. സുനിലം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വിവിധ സംസ്ഥാനങ്ങളില്‍ രാജ്ഭവന്‍ മാര്‍ച്ചിനുള്ള ഒരുക്കം തുടങ്ങിയതായും ഭാരവാഹികള്‍ അറിയിച്ചു. വനസംരക്ഷണ നിയമത്തില്‍ മാറ്റം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ എസ്.കെ.എം അപലപിച്ചു.
നവംബര്‍ 15ന് ബിര്‍സ മുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് ഗോത്ര ജനവിഭാഗങ്ങള്‍ നടത്തുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യപ്പെടാനും യോഗം തീരുമാനിച്ചു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2020 നവംബറിലാണ് പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ദല്‍ഹി അതിര്‍ത്തിയില്‍ സമരം തുടങ്ങിയത്. കര്‍ഷകരുടെ ശക്തമായ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി 2021 നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം പിന്‍വലിക്കുകയായിരുന്നു.