'പ്രതിഷേധിച്ച ഞങ്ങളെ പഞ്ചാബിലെത്തി വെടിവെച്ചത് ഹരിയാന പൊലീസ്; ഹരിയാന മുഖ്യമന്ത്രിക്കെതിരെ 302 ചുമത്തി കേസെടുക്കണം'
national news
'പ്രതിഷേധിച്ച ഞങ്ങളെ പഞ്ചാബിലെത്തി വെടിവെച്ചത് ഹരിയാന പൊലീസ്; ഹരിയാന മുഖ്യമന്ത്രിക്കെതിരെ 302 ചുമത്തി കേസെടുക്കണം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd February 2024, 7:36 pm

ചണ്ഡിഗഢ്: ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിച്ച കര്‍ഷകന്റെ കൊലപാതകത്തില്‍ ഹരിയാന മുഖ്യമന്ത്രിക്കെതിരെയും ആഭ്യന്തര മന്ത്രിക്കെതിരെയും കേസെടുക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച. കര്‍ഷകന്റെ മരണത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച കരിദിനം ആചരിക്കുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.

ഖനൗരി അതിര്‍ത്തിയില്‍ കര്‍ഷകര്‍ മരിച്ച് സംഭവത്തില്‍ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിക്കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ബല്‍ബീര്‍ സിങ് രജേവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പഞ്ചാബില്‍ പ്രതിഷേധിച്ച തങ്ങള്‍ക്കുനേരെ വെടിയുതിര്‍ത്തത് ഹരിയാന പൊലീസാണെന്നും അവര്‍ തങ്ങളുടെ ട്രാക്ടറുകള്‍ തകര്‍ത്തെന്നും രജേവാള്‍ കൂട്ടിച്ചേര്‍ത്തു.

‘ഹരിയാന പൊലീസ് പഞ്ചാബില്‍ പ്രവേശിച്ച് ഞങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഞങ്ങളുടെ ട്രാക്ടറുകളും നശിപ്പിച്ചു. ഹരിയാന മുഖ്യമന്ത്രിക്കെതിരെയും ആഭ്യന്തര മന്ത്രിക്കെതിരെയും ഐ.പി.സി സെക്ഷന്‍ 302 ചുമത്തി കേസെടുക്കണം.

കര്‍ഷകന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. മാര്‍ച്ച് 14ന് ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ കര്‍ഷകര്‍ ഒത്തുചേര്‍ന്ന് മഹാപഞ്ചായത് സംഘടിപ്പിക്കും,’ അദ്ദേഹം പറഞ്ഞു.

ബുധനാഴ്ചയാണ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ശുഭ്കരണ്‍ എന്ന യുവകര്‍ഷകന്‍ കൊല്ലപ്പെട്ടതായി കര്‍ഷകര്‍ അറിയിച്ചത്. തലക്ക് പിന്നില്‍ വെടിയേറ്റാണ് 21കാരന്‍ കൊല്ലപ്പെട്ടത്.

പഞ്ചാബിനും ഹരിയാനക്കുമിടയിലുള്ള ഖനൗരി അതിര്‍ത്തിയില്‍ വെച്ചാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ശുഭ്കരണ്‍ കൊല്ലപ്പെട്ടത്. തലക്ക് വെടിയേറ്റാണ് മരണമെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചെങ്കിലും മരണത്തിലിതുവരെ പ്രതികരിക്കാന്‍ പൊലീസ് തയാറായിട്ടില്ല.

നഷ്ടപരിഹാരമായി ശുഭ്കരണിന്റെ ബന്ധുക്കളിലൊരാള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ അദ്ദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം തടഞ്ഞിരുന്നു.

പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം കര്‍ഷകര്‍ക്ക് നേരെ ബലപ്രയോഗം നടത്തുകയാണ് പൊലീസ് ചെയ്യുന്നതെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു. ശുഭ്കരണിന്റെ മരണത്തിന് ഉത്തരവാദി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ആണെന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അറിവില്ലായ്മയാണ് 21കാരന്റെ മരണത്തിന് കാരണമെന്ന് പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വവും ആരോപിച്ചു.

കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കണെമന്നുള്‍പ്പെയുള്ള ആവശ്യങ്ങളുന്നയിച്ചായിരുന്നു കര്‍ഷകരുടെ ദല്‍ഹി മാര്‍ച്ച്. എന്നാല്‍ കര്‍ഷകരെ ദല്‍ഹിയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് അറിയിച്ച പൊലീസ് പഞ്ചാബ് അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു.

മുള്‍വേലികള്‍ കോണ്‍ക്രീറ്റ് സ്ലാബ് ഉള്‍പ്പടെയുള്ളവ സ്ഥാപിച്ചാണ് കര്‍ഷക പ്രതിഷേധത്തെ തടയാന്‍ പൊലീസ് ഒരുങ്ങിയത്. കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകമുള്‍പ്പടെ പൊലീസ് പ്രയോഗിച്ചു. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ പൊലീസ് റബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചെന്നാണ് കര്‍ഷകര്‍ ആരോപിച്ചത്.

 

 

Content highlight: Samyukta Kisan Morcha has demanded a case against the Haryana Chief Minister and the Home Minister for the killing of a protesting farmer on the Haryana border.