national news
ഹോളി ആഘോഷത്തിനായി മസ്ജിദുകൾ മറച്ചത് അംഗീകരിക്കാനാവില്ല: സംയുക്ത കിസാൻ മോർച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
18 hours ago
Sunday, 16th March 2025, 9:44 am

ന്യൂദൽഹി: ഹോളി ആഘോഷത്തിനായി മസ്ജിദുകൾ മറച്ചത് അംഗീകരിക്കാനാവില്ലെന്ന് സംയുക്ത കിസാൻ മോർച്ച. തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി സമൂഹത്തെ വിഭജിക്കുന്നത് വെച്ചു പൊറുപ്പിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും സംസ്ഥാനത്തെ ചില ബി.ജെ.പി നേതാക്കളും ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ നടത്തിയ പ്രസ്താവനകളെ അവർ അപലപിച്ചു.

വിദ്വേഷപ്രചാരണത്തെ പരാജയപ്പെടുത്താൻ ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും സംഘടന ആഹ്വാനം ചെയ്തു. ഹോളി ആഘോഷങ്ങള്‍ നടക്കുമ്പോള്‍ മുസ്‌ലിങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് സംഭാല്‍ ഡി.എസ്.പി അനുജ് ചൗധരി പറഞ്ഞിരുന്നു. ഹോളി ആഘോഷം വർഷത്തിലൊരിക്കൽ മാത്രമാണെന്നും വെള്ളിയാഴ്ച ജുമുഅ നമസ്കാരം 52 തവണ നടന്നിട്ടുണ്ടെന്നും ചൗധരി പറഞ്ഞിരുന്നു. അനുജ് ചൗധരിക്ക് പിന്തുണ അറിയിച്ച് കൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു.
അനുജ് ചൗധരിയുടെ പരാമർശത്തെ സംയുക്ത കിസാൻ മോർച്ച അപലപിച്ചു.

ഹോളി ദിനത്തിൽ പ്രാർത്ഥനയ്ക്കായി പുറത്തിറങ്ങുമ്പോൾ ശരീരത്തിൽ നിറങ്ങൾ ആവരുതെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ മുസ്‌ലിം പുരുഷന്മാർ പർദ്ദ ധരിച്ച് നടക്കണമെന്ന് ബി.ജെ.പി നേതാവ് രഘുരാജ് സിങ് പറഞ്ഞിരുന്നു. ഇസ്‌ലാം വിശ്വാസികളുടെ പുണ്യമാസമായ റംസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയോടൊപ്പമായിരുന്നു ഹോളി ആഘോഷം.

ഈ പ്രസ്താവനകളെ ഉത്തർപ്രദേശ് മുഖ്യമന്ത്രി തന്നെ പിന്തുണച്ചതും ആവർത്തിച്ചതും കൂടുതൽ ഞെട്ടിപ്പിക്കുന്നതാണെന്ന് സംയുക്ത കിസാൻ മോർച്ച പറഞ്ഞു. ചൗധരിയെ ഉടനടി സസ്‌പെൻഡ് ചെയ്യണമെന്നും ഉചിതമായ ശിക്ഷ നൽകണമെന്നും സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഡി.എസ്.പി അനുജ് ചൗധരിയും നിരുപാധികം മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെട്ടു.

‘ആധിപത്യത്തിനും തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കും വേണ്ടി സമൂഹത്തെ വിഭജിക്കുന്നത് സംയുക്ത കിസാൻ മോർച്ച അനുവദിക്കില്ല, വിദ്വേഷപ്രചാരണത്തെ പരാജയപ്പെടുത്താൻ ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഒരിക്കൽ കൂടി ഞങൾ ആഹ്വാനം ചെയ്യുന്നു,’ സംഘടന പറഞ്ഞു.

ന്യൂനപക്ഷ സമുദായത്തിനെതിരെ വിദ്വേഷത്തിന്റെ തീ ആളിക്കത്തിക്കുന്ന ഉത്തർപ്രദേശ് പൊലീസിനും മുഖ്യമന്ത്രിക്കും ആർ‌.എസ്‌.എസ് , ബി.ജെ.പി നേതാക്കൾക്കുമെതിരെ സ്വമേധയാ കേസെടുത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംഘടന ജുഡീഷ്യറിയോട് ആവശ്യപ്പെടുകയും ചെയ്തു.

 

Content Highlight: Samyukt Kisan Morcha condemns mosque-covering in UP ahead of Holi