Entertainment
കങ്കുവക്ക് കിട്ടിയ വിമര്‍ശനങ്ങള്‍ സൂര്യയെ തളര്‍ത്തി, അയാള്‍ കടന്നുപോയ വേദന വേറെ ആര്‍ക്കും അറിയില്ല: സമുദ്രക്കനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 24, 07:34 am
Friday, 24th January 2025, 1:04 pm

2024ല്‍ ഏറ്റവുമധികം വിമര്‍ശനം നേരിട്ട സിനിമകളിലൊന്നായിരുന്നു കങ്കുവ. സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം തന്നെ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. രണ്ടരവര്‍ഷത്തെ ഷൂട്ടും 200 കോടി ബജറ്റുമായി എത്തിയ ചിത്രം തമിഴിലെ ഏറ്റവും വലിയ പരാജയമായി മാറി. ചിത്രത്തിലെ പ്രകടനത്തിന് സൂര്യയെ അനാവശ്യമായി പലരും വിമര്‍ശിച്ചെന്ന് പറയുകയാണ് സംവിധായകനും നടനുമായ സമുദ്രക്കനി.

ചിത്രം മോശമാണെങ്കില്‍ അത് പറയാമെന്നും എന്നാല്‍ സൂര്യക്ക് നേരെ ഓണ്‍ലൈനില്‍ ഉയര്‍ന്ന ഹേറ്റ് ക്യാമ്പയിന്‍ അനാവശ്യമായിരുന്നെന്ന് സമുദ്രക്കനി പറഞ്ഞു. നടന്‍ എന്നതിലുപരി താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ മനുഷ്യസ്‌നേഹിയാണ് സൂര്യയെന്നും തന്റെ സഹോദരനെ പോലെയാണ് സൂര്യയെ കാണുന്നതെന്നും സമുദ്രക്കനി കൂട്ടിച്ചേര്‍ത്തു.

ഷൂട്ടിന്റെ ആവശ്യത്തിനായി ഒരു കുഗ്രാമത്തില്‍ ചെന്നപ്പോള്‍ സൂര്യയുടെ അഗരം ഫൗണ്ടേഷന്‍ കാരണം പഠിക്കാന്‍ സാധിച്ച കുറച്ച് കുട്ടികളെ കണ്ടെന്നും സൂര്യയുടെ മനസിന്റെ വലുപ്പമാണ് അവര്‍ക്ക് കിട്ടിയ വിദ്യാഭ്യാസമെന്നും സമുദ്രക്കനി പറഞ്ഞു. സിനിമയില്‍ അഭിനയിച്ച് തന്റെ കാര്യം മാത്രം നോക്കിപ്പോകുന്ന മറ്റ് നടന്മാരില്‍ നിന്ന് വ്യത്യസ്തനാണ് സൂര്യയെന്നും സമുദ്രക്കനി കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ വണങ്കാന്‍ എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്ക് സൂര്യയെ കണ്ടെന്നും കങ്കുവയുടെ പരാജയത്തില്‍ നിന്ന് സൂര്യ പുറത്തുകടന്നെന്ന് അപ്പോള്‍ മനസിലായെന്നും സമുദ്രക്കനി പറഞ്ഞു. എന്നാല്‍ കങ്കുവ പരാജയപ്പെട്ടപ്പോള്‍ നേരിടേണ്ടി വന്ന സൈബര്‍ അറ്റാക്ക് അയാളെ വല്ലാതെ ബാധിച്ചെന്നും ആ സമയത്ത് സൂര്യ അനുഭവിച്ച മാനസികവേദന ആര്‍ക്കും അറിയില്ലെന്നും സമുദ്രക്കനി കൂട്ടിച്ചേര്‍ത്തു. സിനി ഉലകത്തോട് സംസാരിക്കുകയായിരുന്നു സമുദ്രക്കനി.

‘കങ്കുവയുടെ പേരില്‍ സൂര്യക്ക് നേരെ നടന്ന അറ്റാക്ക് നടക്കാന്‍ പാടില്ലാത്തതാണെന്നേ ഞാന്‍ പറയുള്ളൂ. സിനിമ മോശമാണെങ്കില്‍ അത് പറയാം, പക്ഷേ അതിന്റെ പേരില്‍ ഒരാളെ ടാര്‍ഗറ്റ് ചെയ്ത് വിമര്‍ശിക്കുന്നതിനോട് യോജിപ്പില്ല. അതും സൂര്യയെപ്പോലൊരു നടന് നേരെ അങ്ങനെയൊന്ന് ചെയ്യാന്‍ പോലും പാടില്ല.

അയാള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ അത്രമാത്രം ഉണ്ട്. തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ ഷൂട്ടിന് പോയപ്പോള്‍ അഗരം ഫൗണ്ടേഷന്‍ കാരണം പഠിപ്പും ജോലിയും കിട്ടിയ കുറച്ച് കുട്ടികളെ കണ്ടു. അവരെല്ലാം സൂര്യയെക്കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ. സിനിമയില്‍ അഭിനയിച്ച് തന്റെ കാര്യം മാത്രം നോക്കി പോകുന്ന നടന്മാര്‍ക്കിടയില്‍ സൂര്യ വ്യത്യസ്തനാണ്.

അടുത്തിടെ വണങ്കാന്‍ എന്ന പടത്തിന്റെ പ്രൊമോഷന്റെ ഇടക്ക് സൂര്യയെ കണ്ടിരുന്നു. എന്നെ കണ്ടപ്പോള്‍ ചെറുതായി ചിരിച്ചു. കങ്കുവയുടെ പേരില്‍ കിട്ടിയ വിമര്‍ശനത്തില്‍ നിന്ന് അവന്‍ പുറത്തുവന്നു. പക്ഷേ, ആ സമയത്ത് അവന്‍ അനുഭവിച്ച വേദന ആര്‍ക്കും അറിയില്ല,’ സമുദ്രക്കനി പറയുന്നു.

Content Highlight: Samuthirakkani saying that criticism faced by Surya in Kanguva was unnecessary