| Friday, 20th December 2024, 7:25 pm

മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ കാരവനൊന്നും കിട്ടിയിരുന്നില്ല, തെലുങ്കിലാണെങ്കില്‍ കൂടെ എപ്പോഴും ബൗണ്‍സേഴ്‌സ് ഉണ്ടാകും: സമുദ്രക്കനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരിലൊരാളാണ് സമുദ്രക്കനി. അഭിനയത്തിന് പുറമെ സംവിധാനം, തിരക്കഥാരചന, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളിലും സമുദ്രക്കനി തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. തമിഴിന് പുറമെ മലയാളം, തെലുങ്ക് ഭാഷകളിലും തന്റെ സാന്നിധ്യമറിയിക്കാന്‍ സമുദ്രക്കനിക്ക് സാധിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഒപ്പത്തിലെ വില്ലന്‍ വേഷം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒന്നാണ്.

സെറ്റുകളിലെ ആഡംബരം തന്നെ ഒരിക്കലും ഭ്രമിപ്പിച്ചിട്ടില്ലെന്ന് പറയുകയാണ് സമുദ്രക്കനി. തെലുങ്ക് സിനിമകളില്‍ അഭിനയിക്കുമ്പോള്‍ എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും കൂടെ എപ്പോഴും ബൗണ്‍സര്‍മാര്‍ ഉണ്ടായിരിക്കുമെന്ന് സമുദ്രക്കനി പറഞ്ഞു. എന്നാല്‍ മലയാളത്തില്‍ ചെല്ലുമ്പോള്‍ കാരവനൊന്നും കിട്ടിയില്ലെന്നും ഷൂട്ട് നടക്കുന്ന വീട്ടിലെല്ലാം കിടന്നുറങ്ങേണ്ടി വന്ന അവസ്ഥയാണെന്നും സമുദ്രക്കനി കൂട്ടിച്ചേര്‍ത്തു.

ഈ രണ്ട് അവസ്ഥയിലൂടെയും താന്‍ കടന്നുപോയിട്ടുണ്ടെന്നും രണ്ടും ഓരോ അനുഭവമാണെന്നും സമുദ്രക്കനി പറഞ്ഞു. മലയാളത്തിലെ അവസ്ഥയും തെലുങ്കിലെ അവസ്ഥയും താന്‍ എന്‍ജോയ് ചെയ്യുമായിരുന്നെന്നും സമുദ്രക്കനി കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ തിരു. മാണിക്കത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ടാ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സമുദ്രക്കനി ഇക്കാര്യം പറഞ്ഞത്.

‘തെലുങ്കില്‍ ഞാന്‍ കുറച്ചധികം സിനിമകള്‍ ചെയ്തു. അല്ലു അര്‍ജുന്റെ വൈകുണ്ഠപുരം, രവി തേജയുടെ ക്രാക്ക്, ആര്‍.ആര്‍.ആര്‍ അങ്ങനെ പോകുന്നു. ആ സെറ്റെല്ലാം ഗ്രാന്‍ഡ് ആയിട്ടുള്ളവയായിരുന്നു. എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും കൂടെ എപ്പോഴും ബൗണ്‍സേഴ്‌സ് ഉണ്ടാകും. സെറ്റില്‍ നിന്ന് പോകുന്നതുവരെ ഇവരെല്ലാം നമ്മുടെ കൂടെ തന്നെ നില്‍ക്കും.

പക്ഷേ മലയാളത്തിലാണെങ്കില്‍ പലപ്പോഴും ഇതൊന്നും കിട്ടില്ല. ഞാന്‍ മുമ്പ് മലയാളത്തില്‍ ഒരു സിനിമ ചെയ്തിരുന്നു. കമ്യൂണിസ്റ്റ് നേതാവിന്റെ വേഷമായിരുന്നു ആ സിനിമയില്‍. കാരവനൊന്നും ആ സമയത്ത് കിട്ടിയിട്ടില്ലായിരുന്നു. റോഡിന്റെ സൈഡിലൊക്കെ ഇരുന്ന് റെസ്‌റ്റെടുത്തും, ഷൂട്ട് നടക്കുന്നതിന്റെ തൊട്ടടുത്ത വീട്ടില്‍ കിടന്നുറങ്ങിയും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കൊണ്ടുവരുന്ന ഫുഡ് കഴിച്ചുമൊക്കെയാണ് ആ സിനിമയില്‍ അഭിനയിച്ചത്.

രണ്ട് അവസ്ഥയിലുള്ള സെറ്റിലും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഗ്രാന്‍ഡ് ആയിട്ടുള്ള സെറ്റുകള്‍ എന്നെ അമ്പരപ്പിക്കാറുമില്ല, അധികം സൗകര്യങ്ങളില്ലാത്ത സെറ്റുകള്‍ നിരാശനാക്കുകയുമില്ല. മലയാളത്തിലെയും തെലുങ്കിലും അവസ്ഥകള്‍ ഞാന്‍ ഒരുപോലെ എന്‍ജോയ് ചെയ്യും. രണ്ടിനെയും വേര്‍തിരിച്ച് കാണാറില്ല,’ സമുദ്രക്കനി പറയുന്നു.

Content Highlight: Samuthirakkani about the difference between Malayalam and Telugu cinema

We use cookies to give you the best possible experience. Learn more